സാഹിത്യ അക്കാദമി: ആറ് കരാർ ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
text_fieldsതൃശൂർ: ഡിജിറ്റലൈസേഷൻ കാൽ ശതമാനം പോലും പിന്നിട്ടിട്ടില്ലാത്ത സാഹചര്യത്തിലും ആറ് ജീവനക്കാരുടെ കരാർ പുതുക്കാൻ വിസമ്മതിച്ച് കേരള സാഹിത്യ അക്കാദമി. കരാർ നിയമനം റദ്ദ് ചെയ്യുന്നുവെന്നത് നേരിട്ട് പറയാതെ ഡിജിറ്റലൈസേഷൻ ചുമതല പീസ് റേറ്റിലോ ലേല നടപടിയിലോ ഏറ്റെടുക്കാനാണ് അക്കാദമി നിർദേശം.
ഡിസംബറിൽ കരാർ അവസാനിച്ച, 16 വർഷം ഡിജിറ്റലൈസേഷൻ പദ്ധതിയുടെ ഭാഗമായിരുന്നവരോടാണ് വിശദീകരണമോ അറിയിപ്പുകളോ കൂടാതെ കരാർ ജോലി അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടത്. മാത്രമല്ല, ഒരുമാസം തുടരാനും ഈ കാലയളവിൽ മത്സരാടിസ്ഥാനത്തിൽ കഴിവ് തെളിയിക്കാനും ആവശ്യപ്പെട്ടിട്ടുമുണ്ട്.
അതേസമയം, അക്കാദമിയിൽ തുടരുന്ന മറ്റ് കരാർ ജീവനക്കാർക്ക് ആറുമാസം നീട്ടി നൽകി. പുതിയ സാരഥികൾ വരാൻ ആഴ്ചകൾ ബാക്കിനിൽക്കെയാണ് പഴയ ഭരണസമിതി തീരുമാനമെടുത്തത്.
മലയാളത്തിൽ എഴുതപ്പെട്ട പഴയകാല ഗ്രന്ഥങ്ങൾ, ആനുകാലികങ്ങൾ, പുസ്തകങ്ങൾ എന്നിവ ദ്രവിച്ച് പോകുന്നതിന് മുമ്പ് ഡിജിറ്റൽ രൂപത്തിൽ സമാഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡിജിറ്റലൈസേഷൻ പദ്ധതി അക്കാദമി കൊണ്ടുവന്നത്.
ഇതിനകം 12,000 പുസ്തകം ഡിജിറ്റലൈസ് ചെയ്ത് ഓൺലൈനിൽ ലഭ്യമാക്കി. കഴിഞ്ഞ വർഷം എറണാകുളം ആസ്ഥാനമായ സാമൂഹിക സംരംഭക സഹകരണ സംഘത്തെ (സമൂഹ്) ഡിജിറ്റൽ പാർട്ണറായി ഉൾപ്പെടുത്തുകയും ഡിജിറ്റലൈസേഷൻ പ്രക്രിയ വിലയിരുത്താൻ അക്കാദമി എക്സിക്യൂട്ടിവ് ഈ ഏജൻസിയെ ഏൽപിക്കുകയും ചെയ്തു.
ഇവരുടെ ശിപാർശയെത്തുടർന്നാണ് അക്കാദമിയുടെ നീക്കം. വിശദീകരണം ചോദിക്കാതെ നടപടി സ്വീകരിച്ചതിലും ഡിജിറ്റലൈസേഷനുമായി ബന്ധമില്ലാത്ത പുറത്തുനിന്നുള്ള സഹകരണ ഏജൻസിയെ ചുമതല ഏൽപിച്ചതിലും കരാർ ജീവനക്കാർ ദുരൂഹത ചൂണ്ടിക്കാട്ടുന്നുണ്ട്. സാഹിത്യ അക്കാദമിയുടെ ഹോളോഗ്രാം പോലുമില്ലാതെ അപൂർവ പുസ്തകങ്ങൾ ഏജൻസിയെ ഏൽപിച്ചതിലെ ഉത്തരവാദിത്തരാഹിത്യവും ഇവർ ആരോപിക്കുന്നു. ഡിജിറ്റലൈസേഷൻ ജോലികൾ പുറംകരാർ നൽകുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ആരോപണം.
നേരത്തേ സാഹിത്യ അക്കാദമിയിൽ മാനദണ്ഡം പാലിക്കാതെ 30 താൽക്കാലിക ജോലിക്കാരുണ്ടെന്നും ഗുരുതര ചട്ടലംഘനമാണ് നടക്കുന്നതെന്നും എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് അധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു.
ജീവനക്കാരുടെ കാര്യത്തിൽ അനിശ്ചിതാവസ്ഥ -വൈശാഖൻ
ഡിജിറ്റലൈസേഷൻ ജീവനക്കാരുടെ കാര്യത്തിൽ അനിശ്ചിതാവസ്ഥയുണ്ടെന്ന് കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖൻ. ഡിസംബറിൽ കരാർ കാലാവധി തീർന്ന ജീവനക്കാർക്ക് ഒരുമാസം നീട്ടി നൽകി. അവരെ പിരിച്ചുവിടാൻ തീരുമാനമായിട്ടില്ല. എന്ത് ചെയ്യണമെന്ന തീരുമാനവും എടുത്തിട്ടില്ല. ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ തൃപ്തികരമല്ല എന്ന വിലയിരുത്തലിലാണ് നടപടികൾ. പുതിയ സെക്രട്ടറി വരുന്നതോടെ തീരുമാനമായേക്കുമെന്നും വൈശാഖൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.