പറഞ്ഞത് 50 വർഷത്തെ ആയുസ്സ്; ഒരാഴ്ച കൊണ്ട് റോഡ് തകർന്നു
text_fieldsതൃശൂർ: പ്രളയത്തെ അതിജീവിക്കുന്ന ജർമൻ സാങ്കേതിക വിദ്യയെന്ന് അവകാശപ്പെട്ട് നിർമാണം പുരോഗമിക്കുന്ന തൃശൂർ-കല്ലുംപുറം റൂട്ടിലെ ആധുനിക കോൺക്രീറ്റ് റോഡ് സഞ്ചാരം തുടങ്ങും മുമ്പ് തകർന്നു. 50 വർഷത്തിലധികം കേടുകൂടാതെ നിൽക്കുമെന്നായിരുന്നു അധികൃതരുടെ അവകാശവാദം.
29 കിലോമീറ്റർ റോഡ് നിർമാണത്തിന് 225 കോടിയാണ് ചെലവ്. ഉന്നത നിലവാരം നിർബന്ധമാക്കി, ഒരു കിലോമീറ്റർ റോഡ് നിർമാണത്തിന് ചെലവിടുന്നത് ആറ് കോടിയാണ്. ഇതാണ് തകർന്ന് തുടങ്ങിയത്. നിർമാണം തുടങ്ങി വർഷങ്ങൾ പിന്നിട്ടിട്ടും ആകെ നിർമിക്കേണ്ട 29 കിലോമീറ്ററിൽ മൂന്ന് കിലോമീറ്റർ ദൂരം പോലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
റോഡ് നിർമാണം മൂലം തൃശൂർ-കുന്നംകുളം റൂട്ടിൽ പുഴക്കൽ മേഖലയിൽ മണിക്കൂറുകൾ നീളുന്ന കുരുക്കാണ്. ഒരു ഭാഗത്ത് കൂടിയാണ് വാഹനങ്ങൾ വിടുന്നത്. ഇവിടെ കുഴികൾ നിറഞ്ഞിട്ടുമുണ്ട്.
തൃശൂർ പറേമക്കാവ് ക്ഷേത്രം മുതൽ കടവല്ലൂർ കല്ലുംപുറം വരെയുള്ള ഭാഗമാണ് റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി ഒന്നാം പിണറായി സർക്കാറിന്റെ കാലത്ത് റോഡ് നിർമാണം പ്രഖ്യാപിച്ചത്. പ്രളയകാലത്ത് വെള്ളം നിറഞ്ഞ മേഖലകളാണ് പുഴക്കലും പേരാമംഗലവും ചൂണ്ടൽ പാറന്നൂരുമെല്ലാം.
ഇതേ തുടർന്നായിരുന്നു പ്രളയങ്ങളെ അതിജീവിക്കാനുള്ള മാതൃക പദ്ധതിയെന്ന നിലയിൽ ജർമൻ സാങ്കേതിക വിദ്യയുപയോഗിച്ചുള്ള ആധുനിക കോൺക്രീറ്റ് റോഡ് അവതരിപ്പിച്ചത്. നിലവിലെ റോഡ് നിരപ്പിൽനിന്ന് രണ്ടടിയോളം കോൺക്രീറ്റിലൂടെ ഉയർത്തിയാണ് നിർമാണം.
ഈ സർക്കാറിന്റെ തുടക്കത്തിൽ തന്നെ പ്രവൃത്തി തുടങ്ങിയെങ്കിലും ഇപ്പോഴും കാൽ ഭാഗം പോലും പൂർത്തിയായിട്ടില്ല. മുണ്ടൂർ മുതൽ പേരാമംഗലം വരെ രണ്ട് കിലോമീറ്റർ ദൂരമാണ് ഇരുഭാഗത്തുമായി നിർമാണം പൂർത്തിയായത്. പുഴക്കലിൽ അര കിലോമീറ്റർ ദൂരം പോലും ഒരു ഭാഗത്ത് പൂർത്തിയായിട്ടില്ല.
പൊതുമരാമത്ത് വകുപ്പിന് കീഴിലെ കെ.എസ്.ടി.പിയാണ് പദ്ധതി നിർവഹണം. വൈറ്റ് റോഡ് നിർമാണം നടത്തുന്ന ആധുനിക കോൺക്രീറ്റ് യന്ത്രം ഉപയോഗിച്ച് ജർമൻ സാങ്കേതിക വിദ്യയിലാണ് റോഡ് നിർമാണമെന്ന് പറഞ്ഞിരുന്നു. എന്നാൽ, മെഷീൻ ഉപയോഗം അപൂർവമായി മാത്രമേയുള്ളൂ. പകരം സാധാരണ നിലയിൽ കോൺക്രീറ്റ് മിക്സർ യൂനിറ്റ് എത്തിച്ചാണ് പ്രവൃത്തി നടത്തുന്നത്.
ഉന്നത നിലവാരത്തിൽ പ്രളയത്തെ പോലും അതിജീവിക്കുന്ന ഇത്തരം റോഡുകൾ, 50 വർഷം വരെ ഒരു കേടും സംഭവിക്കില്ലെന്ന് പ്രഖ്യാപിച്ച റോഡാണ് കോൺക്രീറ്റിങ്ങിന്റെ ആദ്യഘട്ടം നടത്തിയ മുണ്ടൂരിൽ തകർന്ന് തുടങ്ങിയിരിക്കുന്നത്. പേരാമംഗലം എത്തും മുമ്പേ റോഡിൽ വെള്ളവും കെട്ടിക്കിടക്കുകയാണ്. വെള്ളം കെട്ടിക്കിടക്കാത്ത വിധം ഇരുഭാഗത്തേക്കും ഒഴുകുന്ന വിധത്തിലാണ് അളവ് ക്രമീകരിച്ചിരുന്നത്.
എന്നാൽ, കോൺക്രീറ്റിങ് പൂർത്തിയായപ്പോൾ മഴവെള്ളം റോഡിൽ കിടക്കുന്ന സ്ഥിതിയായി. നിർമാണത്തിൽ അഴിമതിയുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് മുൻ എം.എൽ.എ അനിൽ അക്കര രംഗത്ത് വന്നിട്ടുണ്ട്. സഭാസമിതി നേരിട്ട് അന്വേഷണം നടത്തണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.