സ്നേഹം വിളയിച്ച് സാലിഹ്; ആശ്വാസം പകരുക ആശുപത്രിയിലെ രോഗികൾക്ക്
text_fieldsമനക്കൊടി വാരിയം കോൾപ്പടവിലെ വിളവെടുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യുന്നു. മുൻ കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ, സി.പി. സാലിഹ്, അന്തിക്കാട് ബ്ലോക്ക് പ്രസിഡന്റ് കെ.കെ. ശശിധരൻ എന്നിവർ സ മീപം
അരിമ്പൂർ: പ്രവാസിയായ സി.പി. സാലിഹ് ഇനി മുതൽ തന്റെ എട്ടര ഏക്കറോളം വരുന്ന നെൽപാടത്ത് വിളയിച്ച നെല്ല് അരിയാക്കി ആശുപത്രിയിൽ കഴിയുന്ന രോഗികൾക്ക് നൽകും. മനക്കൊടി വാരിയം കോൾപ്പാടത്താണ് സി.പി. മുഹമ്മദ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കൂടിയായ സി.പി. സാലിഹ് നെൽകൃഷി വിളയിച്ചത്. ഏതാനും മാസം മുമ്പാണ് നെൽകൃഷി ആരംഭിച്ചത്.
കനത്ത മഴയെ അതിജീവിച്ചാണ് നെല്ല് വിളഞ്ഞത്. ഞായറാഴ്ച പാടശേഖരത്ത് ആഘോഷമായി വിളവെടുപ്പ് നടത്തി. മന്ത്രി കെ. രാജൻ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി വി.എസ്. സുനിൽകുമാറും ചടങ്ങിൽ പങ്കെടുത്തു.
സി.പി. സാലിഹ് തന്റെ ഉടമസ്ഥതയിലുള്ള എട്ടര ഏക്കറോളം വരുന്ന പാടശേഖരത്തിലെ വിളവെടുത്ത നെല്ല് അരിയാക്കി തൃശൂർ മെഡിക്കൽ കോളജ്, ജില്ലയിലെ വിവിധ ആശുപത്രികളിലെ അർബുദം- ടി.ബി വാർഡുകളിലെ രോഗികൾക്കായി സ്ഥിരം സംവിധാനമായി നൽകാൻ സന്നദ്ധ അറിയിക്കുകയായിരുന്നു.
തീരദേശത്ത് കുടിവെള്ള ക്ഷാമമുള്ള പ്രദേശത്ത് ട്രസ്റ്റിന്റെ പേരിൽ സാലിഹ് കുടിവെള്ള വിതരണം നൽകി വരുന്നുണ്ട്. കാരുണ്യ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനമാണ് നടത്തിവരുന്നത്. മാതൃകാപരമായ പ്രവർത്തനത്തിന് സി.പി. സാലിഹിനെ റവന്യൂ മന്ത്രി കെ. രാജൻ ഉപഹാരം നൽകി ആദരിച്ചു.
അരിമ്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ, ജില്ല പഞ്ചായത്ത് അംഗം വി.എൻ. സുർജിത്, അരിമ്പൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സി.ജി. സജീഷ്, വാർഡ് അംഗം കെ. രാഗേഷ്, കൃഷി ഓഫിസർ സ്വാതി സാബു, സംയുക്ത പാടശേഖരസമിതി പ്രസിഡൻറ് കെ.കെ. മുകുന്ദൻ, വാരിയം കോൾ പാടശേഖര സമിതി പ്രസിഡൻറ് കെ.സി. പുഷ്കരൻ, സെക്രട്ടറി കെ.കെ. അശോകൻ തുടങ്ങിയവർ സംസാരിച്ചു.
പുറംചാൽ കവിഞ്ഞ് പാടശേഖരത്തിലേക്ക് വെള്ളമൊഴുകുന്ന പ്രശ്നം ഒഴിവാക്കാൻ കർഷകരും ബന്ധപ്പെട്ട വകുപ്പിന്റെ ആളുകളും സംയുക്തമായി രൂപരേഖ തയാറാക്കിയ ശേഷം ഈ വിഷയത്തിൽ ഇടപെടാമെന്ന് മന്ത്രി കെ. രാജൻ കർഷകർക്ക് ഉറപ്പു നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.