അതേ സ്റ്റൈൽ
text_fieldsതൃശൂർ: 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പണം അവസാനിക്കാൻ ദിവസം മാത്രമുള്ളപ്പോൾ തൃശൂരിൽ എൻ.ഡി.എയുടെ ബി.ജെ.പി സ്ഥാനാർഥിയായെത്തിയ കാലത്തെ ‘ഗെറ്റപ്പി’ൽ വലിയ വ്യത്യാസമൊന്നും ഇപ്പോഴും വന്നിട്ടില്ല.
അന്ന് മൂന്നിരട്ടിയോളമാക്കി വളർത്തിയ പാർട്ടി വോട്ടിന്റെ കരുത്തിൽ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സ്ഥാനാർഥിയായ കാലത്തും അങ്ങനെതന്നെ. വീണ്ടുമൊരു ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കാലേകൂട്ടി എത്തുമ്പോഴും സുരേഷ് ഗോപിയിൽ മുന്നിട്ട് നിൽക്കുന്നത് താരപദവിതന്നെ.
വോട്ടർമാരോട് കാര്യങ്ങൾ വിശദീകരിക്കുന്നതിലുമുണ്ട്, അഭ്രപാളിയിൽ കണ്ട ആ സ്റ്റൈൽ.
തൃശൂർ ലോക്സഭ മണ്ഡലത്തിന്റെ വഴികളും ഊടുവഴികളും ഇപ്പോൾ സുരേഷ് ഗോപിക്ക് പരിചിതമാണ്. ‘ഞാൻ തോറ്റതല്ലല്ലോ, ചില പ്രത്യേക നീക്കങ്ങളിലൂടെ തോൽപ്പിച്ചതല്ലേ’ -2019ലെ അനുഭവം വോട്ടർമാരോട് വിശദീകരിക്കുന്നത് അങ്ങനെയാണ്. ‘ഇപ്പോഴത്തെ എം.പി, അതിനുമുമ്പ് പോയയാൾ, അതിനും മുമ്പ് ജയിച്ചയാൾ...ഇവരൊക്കെ എന്ത് ചെയ്തെന്ന് വിലയിരുത്തൂ. രാജ്യസഭാംഗമായിരുന്ന ഞാൻ തൃശൂരിനായി ചെയ്തത് എന്തൊക്കെയാണെന്ന് അന്വേഷിച്ചറിയൂ. എന്നിട്ട് നിങ്ങൾതന്നെ തീരുമാനിക്കൂ. മുമ്പുള്ളവർ മികച്ചവരായിരുന്നെങ്കിൽ നിങ്ങൾ എന്നെ തള്ളിക്കോളൂ. ’ -ഇങ്ങനെ പോകുന്നു വോട്ടർമാരോടുള്ള വർത്തമാനം.
ഇത്തവണ തൃശൂരിൽ ആദ്യമേ ഉറപ്പിച്ച സ്ഥാനാർഥിത്വം സുരേഷ് ഗോപിയുടേതാണ്.
എൻ.ഡി.എയുടെ പ്രചാരണ പര്യടനം യു.ഡി.എഫ്, എൽ.ഡി.എഫ് എന്നിവയിൽനിന്ന് വ്യത്യസ്തമാണ്. സ്ഥാനാർഥി പങ്കെടുക്കുന്ന കവല യോഗങ്ങളെക്കാൾ ഊന്നൽ കുടുംബ യോഗങ്ങളിലാണ്. കുടുംബ യോഗങ്ങളിൽ മോദി സർക്കാർ രാജ്യത്തിന് വരുത്തിയ മാറ്റം സ്ഥാനാർഥി വിശദീകരിക്കുന്നു, കേരള സർക്കാരിന്റെ ദോഷങ്ങൾ എണ്ണിയെണ്ണി കടുത്ത ഭാഷയിൽ പറയുന്നു. പ്രചാരണത്തിലെ പിഴവുകൾ കണ്ടാൽ ചുമതലക്കാരെ ശാസിക്കാനും മടിയില്ല.
ഞായറാഴ്ച പാവറട്ടി മണ്ഡലത്തിലെ കേച്ചേരിയിൽ റോഡ് ഷോയോടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രചാരണത്തുടക്കം. 11ഓടെ മാമാ ബസാറിൽ അവസാനിപ്പിച്ചു. വൈകീട്ട് നാലിന് അരിമ്പൂർ മനക്കൊടിയിൽനിന്ന് റോഡ് ഷോ പുനരാരംഭിച്ച് വാടാനപ്പള്ളി സെന്ററിൽ സമാപിക്കുമ്പോൾ രാത്രിയായി. ഇടക്ക് തൃശൂരിൽ ചേംബർ ഓഫ് കൊമേഴ്സിന്റെ സ്ഥാനാർഥി സംഗമത്തിൽ പങ്കെടുക്കേണ്ടതുണ്ടായിരുന്നെങ്കിലും യാത്ര റദ്ദാക്കി. ‘തൃശൂർ ഞാനിങ്ങ് എടുക്കുകയാണെന്ന’ പഴയ ‘പ്രഖ്യാപന’ത്തിന് മാറ്റം വന്നിരിക്കുന്നു.
‘നിങ്ങൾ തീരുമാനിച്ചാൽ ഞാനെടുക്കും. തൃശൂരിൽ മാത്രമല്ല, കേരളത്തിലും വേണം മാറ്റം. അതിനായി പ്രവർത്തിക്കണം’ -കുറച്ചുകൂടി വിശാലമായ കാൻവാസാണ് ലക്ഷ്യം. പ്രചാരണം അവസാനത്തോടടുക്കുമ്പോൾ സ്ഥാനാർഥിയുടെ വിശ്രമ സമയവും കുറഞ്ഞിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.