ഇന്ന് സാമ്പിൾ വെടിക്കെട്ട്; നാളെ വിളംബരം
text_fieldsതൃശൂർ: തൃശൂരിന്റെ ആകാശമേലാപ്പിൽ വെള്ളിയാഴ്ച ശബ്ദ-വർണ വിസ്മയങ്ങളുടെ ഇന്ദ്രജാലം പൂത്തുലയും. തിരുവമ്പാടിയും പാറമേക്കാവും പൂരത്തിന് മുന്നോടിയായുള്ള സാമ്പിൾ കമ്പക്കെട്ടിന് തിരി കൊളുത്തുമ്പോൾ ആരവം നിറക്കാൻ പതിനായിരങ്ങൾ പൂരനഗരിയിലേക്ക് ഒഴുകിയെത്തും.
ആദ്യം തിരി കൊളുത്തുക തിരുവമ്പാടി വിഭാഗമാണ്. പിന്നാലെ പാറമേക്കാവും. സാമ്പിളിനും പകൽപൂരത്തിനുമായി ഓരോ വിഭാഗത്തിനുമായി 6000 കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി. രണ്ട് വിഭാഗങ്ങളുടെയും വെടിക്കെട്ടുപുരയിൽ അവസാനവട്ട ഒരുക്കം നടന്നുവരുകയാണ്.
രണ്ട് ദിവസമായി വൈകീട്ട് മഴ പെയ്യുന്നതിന്റെ ആശങ്കയുണ്ടെങ്കിലും മഴ മാറിനിൽക്കുമെന്ന വിശ്വാസത്തിലാണ് ദേവസ്വങ്ങളും വെടിക്കെട്ട് പ്രേമികളും. ഒന്നര മാസത്തിലധികം നാൽപതിലധികം തൊഴിലാളികളുടെ കഠിനാധ്വാനത്തിന്റെ ഫലംകൂടിയാണ് ഇന്ന് പിറക്കാനുള്ളത്.
പാറമേക്കാവിന്റെ വെടിക്കെട്ട് ലൈസന്‍സി വെള്ളിക്കുളങ്ങര സ്വദേശി പി.സി. വര്‍ഗീസാണ്. കഴിഞ്ഞ വര്‍ഷം ചരിത്രംകുറിച്ച് ഒരു വനിതയെ വെടിക്കെട്ട് ലൈസന്‍സി ഏല്പിച്ച തിരുവമ്പാടി വിഭാഗം ഇത്തവണ മുണ്ടത്തിക്കോട് സതീഷിനെയാണ് കമ്പക്കെട്ടിന്റെ കരാര്‍ ഏല്പിച്ചത്.
കെ-റെയിലും വന്ദേഭാരതും കൂടാതെ സാമ്പിളിലും പൂരം വെടിക്കെട്ടിലും ഒളിച്ചിരിക്കുന്ന മാന്ത്രികവിദ്യകള്‍ കാണാനുള്ള കാത്തിരിപ്പിലാണ് ഉത്സവപ്രേമികള്‍. പുത്തൻ പരീക്ഷണങ്ങളും പുതുമകളുമാണ് ഇത്തവണ പൂരത്തിനെന്ന് ദേവസ്വങ്ങൾ നേരേത്ത പ്രഖ്യാപിച്ചിരുന്നു.
വെടിക്കെട്ട് കാണുന്നതിന് സ്വരാജ് റൗണ്ടില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തില്‍ ഇളവ് വരുത്തിയത് മുൻ വർഷങ്ങളിൽനിന്ന് ഇത്തവണ പൂരപ്രേമികള്‍ക്ക് ആശ്വാസമാണ്. സ്വരാജ് റൗണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ ‘പെസോ’യും പൊലീസും അനുവദിച്ച സ്ഥലങ്ങളില്‍ നിന്ന് വെടിക്കെട്ട് കാണാം.
പൂരം വെടിക്കെട്ടിന് കുറുപ്പം റോഡ് മുതല്‍ എം.ജി റോഡ് വരെ നടപ്പാതക്ക് പുറത്തും ജോസ് തിയറ്ററിന്റെ മുന്‍ഭാഗം മുതല്‍ പാറമേക്കാവ് വരെ റൗണ്ടിലെ റോഡിലും കാണികള്‍ക്ക് പ്രവേശിക്കാം. സാമ്പിള്‍ വെടിക്കെട്ടിന് എം.ജി റോഡ് മുതല്‍ കുറുപ്പം റോഡ് വരെയും ജോസ് തിയറ്റര്‍ മുതല്‍ പാറമേക്കാവ് വരെയും റോഡില്‍ പ്രവേശിക്കാനാകും. രാവിലെ മുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ട്.
ശനിയാഴ്ച പൂര വിളംബരമറിയിച്ച് കുറ്റൂർ നെയ്തലക്കാവിലമ്മ പൂര നഗരിയിലെത്തും. ദേവസ്വം ശിവകുമാറിന്റെ ശിരസ്സിലേറി വടക്കുന്നാഥനിലെത്തി വണങ്ങിയ ശേഷം ഗോപുര നട തുറക്കും.
തുടർന്ന് മേളത്തോടെ ശ്രീമൂലസ്ഥാനത്തെത്തി നിലപാട് തറയിൽ പ്രവേശിച്ച ശേഷം മാരാർ മൂന്ന് തവണ ശംഖ് മുഴക്കുന്നതോടെ പൂരത്തിന് വിളംബരമാകും. ഇതോടെ പൂരം തുടങ്ങുകയായി. നെയ്തലക്കാവിലമ്മ തുറക്കുന്ന െതേക്ക ഗോപുര നടയിലൂടെയാണ് പൂരത്തിനെത്തുന്ന ആദ്യ ദേവനായ കണിംഗലം ശാസ്താവ് വടക്കുന്നാഥനിലേക്ക് പ്രവേശിക്കുക. ഞായറാഴ്ചയാണ് മഹാപൂരം.
ഘടക ക്ഷേത്രങ്ങളിലെ ഒരുക്കം വിലയിരുത്തി മന്ത്രി
തൃശൂർ: തൃശൂര്‍ പൂരം ചരിത്രത്തിലെ ഏറ്റവും വലിയ പ്രൗഢിയോടെ നടത്താനുള്ള എല്ലാ ഒരുക്കങ്ങളും അന്തിമ ഘട്ടത്തിലാണെന്നും ജനങ്ങളെല്ലാം വലിയ ആവേശത്തിലാണെന്നും റവന്യു മന്ത്രി കെ. രാജന്. പൂരത്തിന് മുന്നോടിയായി എട്ട് ഘടക ക്ഷേത്രങ്ങളിലെ ഒരുക്കങ്ങള്‍ വിലയിരുത്തിയശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
എം.എല്‍.എമാരായ പി. ബാലചന്ദ്രന്, സേവ്യര്‍ ചിറ്റിലപ്പിള്ളി, ജില്ല കലക്ടര്‍ വി.ആര്. കൃഷ്ണതേജ, സിറ്റി പൊലീസ് കമീഷണര്‍ അങ്കിത് അശോകന്, കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. എം.കെ. സുദര്ശന് എന്നിവരും ക്ഷേത്രസന്ദര്‍ശനത്തില്‍ പങ്കെടുത്തു. മതനിരപേക്ഷതയുടെ വലിയ ഉത്സവമായി തൃശൂര്‍ പൂരം മാറുകയാണെന്നും ഇത്തവണ വലിയ ജനസഞ്ചയത്തെയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
രാവിലെ ആറരക്ക് കണിമംഗലം ക്ഷേത്രത്തില്‍നിന്നാണ് സന്ദര്‍ശനം ആരംഭിച്ചത്. തുടര്‍ന്ന് പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, ചെമ്പൂക്കാവ് കാര്‍ത്യായനി ഭഗവതി ക്ഷേത്രം, കിഴക്കുംപാട്ടുകര പനമുക്കമ്പിള്ളി ശ്രീധര്‍മ്മശാസ്താ ക്ഷേത്രം, ലാലൂര്‍ കാര്‍ത്യായനി ക്ഷേത്രം, അയ്യന്തോള്‍ കാര്‍ത്യായനി ഭഗവതി ക്ഷേത്രം, മുതുവറ ചൂരക്കോട്ട്കാവ് ക്ഷേത്രം, കുറ്റൂര്‍ നെയ്തലക്കാവ് ക്ഷേത്രം എന്നിവിടങ്ങളിലും മന്ത്രിയും സംഘവും സന്ദശനം നടത്തി.
ഹെലികാം, ഡ്രോൺ വേണ്ട
തൃശൂർ: പൂരം നടക്കുന്ന ഏപ്രിൽ 28, 29, 30, മേയ് ഒന്ന് തീയതികളിൽ ഹെലികോപ്ടർ, ഹെലികാം, എയർ ഡ്രോൺ, ജിമ്മി ജിഗ് കാമറ, ലേസർ ഗൺ എന്നിവയുടെ ഉപയോഗം ശ്രീവടക്കുംനാഥൻ ക്ഷേത്ര മൈതാനത്തിന് മുകളിലും സ്വരാജ് റൗണ്ടിലും പൂർണമായി നിരോധിച്ചു.
ആനകളുടെയും മറ്റും കാഴ്ചമറക്കുന്ന തരത്തിലുള്ള വലിയ ട്യൂബ് ബലൂൺ, ആനകൾക്കും പൊതുജനങ്ങൾക്കും അലോസരമുണ്ടാക്കുന്ന ഉച്ചത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിക്കുന്ന വിസിലുകൾ, വാദ്യങ്ങൾ, മറ്റു ഉപകരണങ്ങൾ, ലേസർ ലൈറ്റുകൾ എന്നിവയുടെ ഉപയോഗവും ഈ ദിവസങ്ങളിൽ നിരോധിച്ചു.
സർക്കാർ പുറപ്പെടുവിക്കുന്ന കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിക്കണം. പൂരം എഴുന്നള്ളിപ്പും മേളങ്ങളും നടക്കുന്ന സ്ഥലങ്ങളിലെ മരങ്ങളുടെ അപകടാവസ്ഥ പരിശോധിച്ച് ഭീഷണി ഉയർത്തുന്ന മരങ്ങളും ശിഖരങ്ങളും മുറിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.