സംഗീത നാടക അക്കാദമി:'നാടക്' അനിശ്ചിതകാല നിരാഹാരസമരത്തിന്
text_fieldsതൃശൂര്‍: കേരള സംഗീതനാടക അക്കാദമി ചെയര്പേഴ്സൻ കെ.പി.എ.സി. ലളിത, സെക്രട്ടറി എന്‍. രാധാകൃഷ്ണന് നായര്‍ എന്നിവരെ പുറത്താക്കണമെന്നും സംഗീതനാടക അക്കാദമിയിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നാടകപ്രവര്‍ത്തകരുടെ സംഘടനയായ 'നാടക്' (നെറ്റ്വര്ക് ഓഫ് ആര്‍ട്ടിസ്റ്റിക് തിയറ്റര്‍ ആക്ടിവിസ്റ്റ്സ് കേരള) അക്കാദമിക്ക് മുന്നില്‍ നടത്തുന്ന സമരം 22 ദിവസം പിന്നിട്ടു. നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ അനിശ്ചിതകാല നിരാഹാരസമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ആര്.എല്‍.വി. രാമകൃഷ്ണന് മോഹിനിയാട്ടം വേദി നല്‍കാത്തത് വിവാദമായ പശ്ചാത്തലത്തിലാണ് നാടക് സമരം ആരംഭിച്ചത്. ബന്ധപ്പെട്ട അധികാരികള്‍ക്കെല്ലാം പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ല. മുഖ്യമന്ത്രിക്ക് നല്കിയ പരാതി ഫയലില്‍ സ്വീകരിച്ചുവെന്ന് പറഞ്ഞെങ്കിലും നടപടിയുണ്ടായില്ല. അന്വേഷണം നടത്താന്‍ സാംസ്കാരിക മന്ത്രി വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയെങ്കിലും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
കലാകാരന്മാരെ അക്കാദമി അപമാനിക്കുന്നത് നിത്യസംഭവമാണെന്ന് നാടക് സംസ്ഥാന ജനറല്‍ സെക്രട്ടറി ജെ. ഷൈലജ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. അക്കാദമിയെ കലാവിരുദ്ധ ഇടമാക്കി മാറ്റിയ ചെയര്പേഴ്സൻ, സെക്രട്ടറി എന്നിവരെ പുറത്താക്കണം, ചെയര്പേഴ്സെൻറ പേരില്‍ അക്കാദമി വെബ്സൈറ്റില്‍ ആര്.എല്‍.വി. രാമകൃഷ്ണനുമായി ബന്ധപ്പെട്ട് വന്ന പ്രസ്താവനയെക്കുറിച്ച് അന്വേഷിക്കുക, ചെയര്പേഴ്സെൻറ അറിവില്ലാതെ പ്രസ്താവന തയാറാക്കിയ ഉദ്യോഗസ്ഥനും അതിന് പ്രേരിപ്പിച്ച സെക്രട്ടറിക്കുമെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
ജില്ല പ്രസിഡൻറ് കെ.ബി. ഹരി, ജില്ല സെക്രട്ടറി രാജേഷ് നാവത്ത്, നാടക സംവിധായകന് കെ.വി. ഗണേഷ് എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.