ഡോ. രാജഗോപാൽ മുതൽ ജിജോ ജോസഫ് വരെ; അപൂർവതയായി സന്തോഷ് ട്രോഫി താരസംഗമം
text_fieldsതൃശൂർ: മുതിർന്ന സന്തോഷ്‌ട്രോഫി താരം ഡോ. രാജഗോപാൽ മുതൽ കേരളത്തിന്റെ നിലവിലെ നായകൻ ജിജോ ജോസഫ് വരെ. സന്തോഷ്‌ട്രോഫി ഫുട്‌ബാൾ പ്ലെയേഴ്‌സ് അസോസിയേഷൻ ആഭിമുഖ്യത്തിൽ തൃശൂർ ബാനർജി ക്ലബിൽ ഒരുക്കിയ സന്തോഷ്‌ട്രോഫി കേരള ടീം അംഗങ്ങളെ ആദരിക്കൽ ചടങ്ങിലായിരുന്നു ഈ അപൂർവസംഗമം നടന്നത്. കേരളത്തിലെ മികച്ച ഫുട്‌ബാൾ താരങ്ങൾക്കുള്ള പുരസ്കാരവിതരണവും നടന്നു.
സാംസ്കാരിക തലസ്ഥാനനഗരിയിൽ നടന്ന ഫുട്‌ബാൾ താരങ്ങളുടെ തലമുറസംഗമം ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്‌തു. കായികമേഖലയുടെ വളർച്ചക്ക് സംസ്ഥാന സർക്കാർ 1000 കോടി ചെലവഴിച്ചുള്ള വികസനപ്രവർത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു.
53 സ്‌റ്റേഡിയങ്ങൾ, 43 ഫുട്‌ബാൾ മൈതാനങ്ങൾ, 34 നീന്തൽക്കുളങ്ങൾ തുടങ്ങിയവ ഈ വികസന പ്രവർത്തനത്തിന്റെ ഭാഗമാണ്. കേരളത്തിൽനിന്ന് മികവാർന്ന താരങ്ങൾ ഉയർന്നുവരാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം.
മികവിന്റെ താരങ്ങളെ വളർത്തിക്കൊണ്ടുവരുന്നതിനൊപ്പം കേരളത്തിന്റെ യശസ്സ് ഉയർത്തിയ അവശത അനുഭവിക്കുന്ന കായികതാരങ്ങളെ സഹായിക്കാനും നാം തയാറാകണമെന്നും മന്ത്രി പറഞ്ഞു. സന്തോഷ്‌ട്രോഫി ക്യാപ്‌റ്റൻ ജിജോ ജോസഫ്, ഗോളി മിഥുൻ, താരങ്ങളായ മുഹമ്മദ് സഫ്‌നാഥ്, ശിഖിൽ, വിപിൻ അജയൻ, മുഹമ്മദ് ബാസിത്, സോയൽ ജോഷി, മുഹമ്മദ് റാഷിദ്, മുഹമ്മദ് ഷഫീഫ്, കോച്ച് ബിനോ ജോർജ്, സജി ജോയ്, ഹമീദ്, എം.എസ്. ജിതിൻ, ഷറഫലി എന്നിവർ പുരസ്കാരം മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. എസ്.ടി.എഫ്.പി.ഡബ്ല്യു.എ പ്രസിഡന്റ് ജോസ് പി. അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. പി. ബാലചന്ദ്രൻ എം.എൽ.എ, വി.എസ്. സുനിൽകുമാർ, വിക്ടർ മഞ്ഞില, ചെറിയാച്ചൻ, എം.പി. സുരേന്ദ്രൻ, ഇഗ്നിമാത്യു, മാർട്ടിൻ സി. മാത്യു, അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.