മൂന്നു വയസ്സുകാരനെ ജീവിതത്തിലേക്ക് കയറ്റി; എയ്ഞ്ചലിനെ തേടി ദേശീയ ധീരത പുരസ്കാരം
text_fieldsതൃശൂർ: കനാലൊഴുക്കിൽ മുങ്ങിത്താഴ്ന്ന മൂന്നു വയസ്സുകാരനെ ജീവിതത്തിലേക്ക് തിരികെ കയറ്റിയ 10 വയസ്സുകാരി എയ്ഞ്ചലിനെ തേടി ദേശീയ ധീരത പുരസ്കാരം. രാമവർമപുരം പള്ളിമൂല മണ്ണാത്ത് ജോയ്- ലിഡിയ ദമ്പതികളുടെ മകൾ എയ്ഞ്ചൽ മരിയ ജോയ് ഐ.സി.സി.ഡബ്ല്യു (ഇന്ത്യൻ കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ) ദേശീയ ധീരത അവാർഡ് 2021ന് അർഹയായത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ കനാൽ വെള്ളത്തിൽ ഒഴുക്കിൽപെട്ട മൂന്നു വയസ്സുകാരനെ രക്ഷപ്പെടുത്തിയതിനാണ് അവാർഡ്. രാമവര്‍മപുരം പള്ളിമൂലയില്‍ തുത്തിക്കാട്ടില് ലിന്റേയുടെ മകന് അനയ് (മൂന്ന്) കൂട്ടുകാരൊത്ത് കളിക്കുന്നതിനിടെ വീടിന് സമീപത്തുകൂടി കടന്നു പോകുന്ന കനാലില്‍ വീഴുകയായിരുന്നു. ഒഴുക്കില്‍പെട്ട കുരുന്നിനെ എയ്ഞ്ചല്‍ മരിയ കനാലില്‍ ചാടി രക്ഷിക്കുകയായിരുന്നു. പീച്ചി ഡാമില്‍നിന്ന് വെള്ളം തുറന്നുവിട്ട സമയമായതിനാല്‍ രാമവര്‍മപുരം ഭാഗത്തുനിന്ന് ചേറൂര് ഭാഗത്തേക്ക് നീളുന്ന കനാലിലെ വെള്ളത്തിന് ശക്തമായ ഒഴുക്കായിരുന്നു.
കുഞ്ഞ് വെള്ളത്തില്‍ വീഴുന്നതു കണ്ട മറ്റു കുട്ടികളുടെ കരച്ചില് കേട്ടാണ് എയ്ഞ്ചല്‍ കനാലിനരികില്‍ ഓടിയെത്തിയത്. മുങ്ങിത്താഴുന്ന അനയിനെ കണ്ട് കനാലിലേക്ക് ചാടി വാരിയെടുക്കുകയായിരുന്നു. ചാട്ടത്തിനിടയിൽ എയ്ഞ്ചലിന്റെ കാലിൽ കനാലിലെ കുപ്പിച്ചില്ല് കയറിയെങ്കിലും വേദന സഹിച്ച് അനയിനെയും എടുത്തു നീന്തി കയറുകയായിരുന്നു. കരയിലെത്തി തുടർന്ന് ജനറല്‍ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. അനയിന് മറ്റു കുഴപ്പങ്ങളൊന്നും ഇല്ലെന്നറിഞ്ഞ ശേഷമാണ് എയ്ഞ്ചൽ തനിക്കുണ്ടായ കാലിലെ പരിക്ക് ചികിത്സിക്കാനായി ആശുപത്രിയിൽ പോയത്. 20 മീറ്ററോളം അനയ് ഒഴുകിപ്പോയിരുന്നു. വേനലവധിക്കാലത്ത് അഗ്നിരക്ഷ സേനയുടെ അക്കാദമിയില്‍ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച നീന്തല്‍ പഠനത്തിൽ എയ്ഞ്ചലും പങ്കെടുത്തിരുന്നു.
ഈ ധൈര്യം കൂടിയായിരുന്നു മൂന്ന് വയസ്സുകാരൻ മുങ്ങിത്താഴ്ന്നതു കണ്ട് ഒഴുക്കുള്ള വെള്ളത്തിലേക്ക് എയ്ഞ്ചൽ എടുത്തു ചാടാനിടയായത്. തൃശൂർ ദേവമാത സി.എം.ഐ പബ്ലിക് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് എയ്ഞ്ചൽ. മെഡലും പ്രശസ്തിപത്രവും 75,000 രൂപയും അടങ്ങുന്നതാണ് ഈ പുരസ്കാരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.