തളി തച്ചുകുന്ന് ഇടിച്ചുനിരത്തി മണ്ണ് കടത്തുന്നു
text_fieldsതളി തച്ചുകുന്ന് ഇടിച്ചുനിരത്തി മണ്ണ് കടത്തുന്നതിനെതിരെ പ്രദേശവാസികൾ നടത്തിയ പ്രതിഷേധം
തളി: സ്വകാര്യ വ്യക്തിയുടെ വീട് നിർമാണത്തിനെന്ന വ്യാജേന തളി തച്ചുകുന്ന് ഇടിച്ചുനിരത്തി മണ്ണ് കടത്തുന്നതിനെതിരെ പ്രദേശവാസികൾ പ്രക്ഷോഭത്തിന്.
ദേശമംഗലം ഗ്രാമപഞ്ചായത്ത് 14ാം വാർഡിലെ തളി തച്ചുകുന്ന് മേഖലയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽനിന്നാണ് ജിയോളജി വകുപ്പിന്റെ അനുമതിയുടെ മറവിൽ കുന്നിടിച്ച് മണ്ണ് കടത്തുന്നത്. ഇതിനെതിരെയാണ് വാർഡ് മെംബർ രാജന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ പ്രക്ഷോഭത്തിനിറങ്ങുന്നത്.
കുന്നിന്‍ചരുവിലെ താഴ്ന്ന ഭാഗങ്ങളിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശമാണിത്. നാട്ടുകാരുടെ ജീവനും സ്വത്തിനും വില കൽപിക്കാതെയാണ് ജിയോളജി ഉദ്യോഗസ്ഥർ മണ്ണ് മാഫിയക്ക് മണ്ണെടുക്കാനുള്ള ലൈസൻസ് നൽകിയിരിക്കുന്നതെന്ന് സമരക്കാർ ആരോപിച്ചു.
വിഷയത്തിൽ വാർഡ് മെംബറുടെ നേതൃത്വത്തിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദേശമംഗലം പഞ്ചായത്ത് അധികൃതർ മണ്ണെടുപ്പ് നിർത്തിവെക്കാൻ ആവശ്യപ്പെട്ടു.
മണ്ണെടുപ്പിനെതിരെ പ്രദേശവാസികളുടെ നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം ആറങ്ങോട്ടുകര പാഠശാല സെക്രട്ടറി ശ്രീജ ആറങ്ങോട്ടുകര ഉദ്ഘാടനം ചെയ്തു. സി.പി. രാജൻ അധ്യക്ഷത വഹിച്ചു.
ടി. ബഷീർ, കെ. വിപിൻദാസ്, കെ.കെ. മണികണ്ഠൻ, ടി.കെ. കുഞ്ഞുകുട്ടൻ, എം.എം. രതീഷ്, പി. ശശി കടുകശ്ശേരി, ടി.എ. മുഹമ്മദ് അഷറഫ് എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.