സി.പി.എം ഭരിക്കുന്ന സഹകരണ ബാങ്ക് സെക്രട്ടറിയുടെ സർവിസ് ബുക്കിൽ വെട്ടലും തിരുത്തലും
text_fieldsതൃശൂർ: സി.പി.എം ഭരിക്കുന്ന വാടാനപ്പിള്ളി സർവിസ് സഹകരണ ബാങ്ക് സെക്രട്ടറിയുടെ സർവിസ് ബുക്കിൽ വെട്ടലും തിരുത്തലും. ഇതുസംബന്ധിച്ച് വിശദീകരണം തേടി സഹകരണ വകുപ്പ് നോട്ടീസ് നൽകി. സെക്രട്ടറി എം.ബി. ബിജുവിന്റെ സർവിസ് ബുക്കിലാണ് പിഴവുകൾ കണ്ടെത്തിയത്. ചാവക്കാട് താലൂക്ക് സഹകരണ അസി. രജിസ്ട്രാറാണ് ബാങ്ക് ഭരണസമിതിക്ക് വിശദീകരണം തേടി നോട്ടീസ് നൽകിയിരിക്കുന്നത്.
സി.പി.എം നേതാവ് കൂടിയായ ബിജു പ്യൂൺ തസ്തികയിലായിരുന്നു ബാങ്കിൽ ജോലിയിൽ പ്രവേശിച്ചത്. പിന്നീട് സ്ഥാനക്കയറ്റത്തിലൂടെയാണ് സെക്രട്ടറി പദവിയിലെത്തിയത്. നിയമനകാലത്തുതന്നെ ബിജുവിന്റെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ച് ആക്ഷേപമുയർന്നിരുന്നുവത്രെ. എന്നാൽ, പാർട്ടി നേതൃത്വം ഇടപെട്ട് ഇത് ഒതുക്കുകയായിരുന്നു. പാർട്ടിയിലെ ഗ്രൂപ്പിസവും ആഭ്യന്തര തർക്കവുമാണ് ഇപ്പോൾ അന്വേഷണത്തിലെത്തിയത്. ഒരു വിഭാഗത്തിന്റെ രഹസ്യക്കത്തിനെ തുടർന്നാണ് വിവരങ്ങൾ സമാഹരിച്ച് സഹകരണ വകുപ്പിനും സഹകരണ വിജിലൻസിനും പരാതി നൽകിയത്.
പരാതിയിൽ പ്രാഥമിക പരിശോധന നടത്തിയതിലാണ് സെക്രട്ടറിയായ ബിജുവിന്റെ സർവിസ് ബുക്കിൽ വെട്ടിത്തിരുത്തലുകളും വൈറ്റ്നർ ഉപയോഗിച്ച് വിവിധ ഭാഗങ്ങൾ മായ്ച്ച നിലയിലും കണ്ടെത്തിയത്.
ബാങ്ക് പ്രസിഡന്റായ പ്രഫ. എം.വി. മധുവും സെക്രട്ടറിയായ ബിജുവും രണ്ട് ബ്രാഞ്ച് കമ്മിറ്റികളുടെ സെക്രട്ടറിമാർ കൂടിയാണ്. ചട്ടം പാലിക്കാതെ വായ്പകൾ അനുവദിച്ചതുൾപ്പെടെയുള്ള ആക്ഷേപങ്ങളും ബാങ്കിനെതിരെയുണ്ട്. കരുവന്നൂർ ബാങ്കിന് പിന്നാലെ കിട്ടിയ വിഷയമായി കോൺഗ്രസ് വിഷയം ഏറ്റെടുത്തിട്ടുണ്ട്. അടുത്തയാഴ്ച പ്രത്യക്ഷ സമരപരിപാടികളും ആലോചിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.