സ്കൂൾ അടച്ചു; ഭക്ഷണപ്പൊതികൾ നിലക്കുമോയെന്ന ആശങ്കയിൽ അഗതികൾ
text_fieldsതൃശൂർ: തൃശൂർ നഗരത്തിലെ അഗതികൾക്ക് വിദ്യാർഥികൾ നൽകിവന്നിരുന്ന ഭക്ഷണപ്പൊതികൾക്ക് താൽക്കാലിക വിരാമം. സ്കൂൾ അടച്ചതിനാൽ വിവിധ സ്കൂളുകൾ മാറിമാറി നൽകിവരാറുള്ള ഭക്ഷണപ്പൊതികൾ ഇനി കിട്ടില്ലല്ലോയെന്ന സങ്കടത്തിലാണ് അഗതികൾ. വീട്ടിൽ തയാറാക്കുന്ന ഭക്ഷണം പൊതിഞ്ഞുകൊണ്ടുവന്നാണ് വിദ്യാർഥികൾ നൽകിയിരുന്നത്.
തൃശൂർ നിവാസികളായ ശ്രീജിത്ത്, വിനേഷ്, സുനിൽ, അജീഷ്, അരുൺ എന്നിവരുടെ കൂട്ടായ്മയാണ് ഈ ഭക്ഷണ വിതരണത്തിന് പിന്നിൽ. വ്യത്യസ്ത ജോലികളിലുള്ള ഇവർ വിവിധ സ്കൂളുകളെ സമീപിച്ച് കുട്ടികളോട് വീട്ടിൽ നിന്ന് ഭക്ഷണപ്പൊതികൾ കൊണ്ടുവരാൻ പ്രേരിപ്പിക്കുകയാണ് ചെയ്തത്. രാവിലെ 11.30ഓടെ ഓട്ടോ വാടകക്കെടുത്തോ പരിചയമുള്ള വാഹനങ്ങളിലോ തൃശൂർ റൗണ്ടിലെത്തി വഴിയോരങ്ങളിൽ കാത്തിരിക്കുന്നവർക്ക് നൽകുകയോ ചെയ്യുന്നു. കുട്ടികളുടെ വരവ് കാത്തിരിക്കുന്നവരും സന്തോഷത്തോടെ കുട്ടികൾ പൊതികൾ കൈമാറുന്നതും നഗരത്തിലെ കൗതുകമുള്ള കാഴ്ചയായിരുന്നു.
കോവിഡിന് മുമ്പുവരെ ഈ കാരുണ്യക്കൂട്ടായ്മ പഴയ ജനറൽ ആശുപത്രിയിൽ തൃശൂർ ആക്ട്സ് വഴി സായാഹ്നങ്ങളിൽ സ്പോൺസർമാരുടെ സഹായത്തോടെ ഭക്ഷണപ്പൊതികൾ നൽകിയിരുന്നു. പിന്നീട് കോവിഡ് സാഹചര്യത്തിൽ ആ വിതരണം നിലക്കുകയും നഗരത്തിലെ അഗതികളെ കോർപറേഷന്‍റെ അഗതി കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തിരുന്നു. പിന്നീട് ഇവരെ കേന്ദ്രത്തിൽ നിന്ന് വിട്ടയച്ചെങ്കിലും ഭക്ഷണം ഇവർക്ക് ആരും നൽകിയില്ല. ഈ സാഹചര്യത്തിൽ ആദ്യം സ്പോൺസർമാരെ സമീപിച്ച് വിതരണം തുടങ്ങിയെങ്കിലും പിന്നീട് വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള ഭക്ഷണപ്പൊതി ശേഖരണമാക്കി മാറ്റി. ഒട്ടേറെ വിദ്യാലയങ്ങൾ പദ്ധതിയുമായി സഹകരിച്ചു. ഈ സഹകരണത്തിനാണ് സ്കൂൾ അടക്കുന്നതോടെ താഴ് വീഴുന്നത്. ഇപ്പോൾ സ്പോൺസർമാരെ കണ്ടെത്താനുള്ള ഓട്ടത്തിലാണ് ഈ സൗഹൃദക്കൂട്ടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.