രണ്ട് വർഷത്തിനിപ്പുറം സ്കൂൾ വിപണി സജീവം
text_fieldsതൃശൂർ: കോവിഡ് അകന്ന സ്കൂൾ തുറക്കൽ കാലം. രണ്ടുവർഷത്തെ കണക്കുതീർക്കാൻ ഒരുങ്ങുകയാണ് സ്കൂൾ വിപണി. അത്രമേൽ സജീവമായ വിപണിയിൽ ഒപ്പം വേനൽമഴയും കൂടിയായതോടെ കുടയും മഴക്കോട്ടുമായി കച്ചവടം പൊടിപൊടിക്കുകയാണ്. ബാഗ്, കുട, നോട്ട്പുസ്തകം, പേന, പെൻസിൽ, വാട്ടർ ബോട്ടിൽ, മഴക്കോട്ട്, ഇൻസ്ട്രുമെന്റ് ബോക്സ്, പൗച്ച് തുടങ്ങിയ സാധനസാമഗ്രികളുടെ വൈവിധ്യവും പുതുമയും സ്കൂൾവിപണിയിൽ തരംഗമാവുകയാണ്.
യങ്, സ്റ്റിഫ്ലർ, കാൻഡിമാൻ, ചാർലേറ്റ് തുടങ്ങി വമ്പൻ കമ്പനികളുടെ ബാഗുകളുണ്ട്. പോപ്പി, ജോൺസ് അടക്കം വിവിധ കമ്പനികളുടെ വ്യത്യസ്തതരം കുടകളുമുണ്ട്. സ്പൈഡർമാൻ, സിൻഡ്രല, ചോട്ടാ ഭീം, ഡോറ, ബെൻട്ടൺ തുടങ്ങി വിവിധ കാർട്ടൂൺ കുടകളുമുണ്ട്. സ്റ്റിക്കറുകളും നെയിംസ്ലിപ്പുകളും ഇത്തരം കാർട്ടൂൺ കഥാപാത്രങ്ങളാലുള്ളതാണ്.
നിത്യോപയോഗ സാധനങ്ങളുടെ ക്രമാതീത വിലക്കയറ്റത്തിൽ ജനജീവിതം ദുസ്സഹമായ സാഹചര്യത്തിലാണ് സ്കൂളുകൾ തുറക്കാനൊരുങ്ങുന്നത്. വിദ്യാർഥികൾക്കും പുതുതായി സ്കൂളുകളിൽ ചേരുന്നവർക്കുമുള്ള സാധനസാമഗ്രികൾ വാങ്ങാനുള്ള വൻതിരക്കാണ് വിപണിയിൽ.
വില കൂടിയിട്ടുണ്ടെങ്കിലും സ്കൂൾ തുറക്കുംമുമ്പേ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട സാധനസാമഗ്രികൾ വാങ്ങാനുള്ള തിരക്കിലാണ് രക്ഷിതാക്കൾ. അതേസമയം, 10 മുതൽ 30 ശതമാനം വരെ വില കൂടിയിട്ടുണ്ടെങ്കിലും കോവിഡ്മൂലം കഴിഞ്ഞ രണ്ടുവർഷം മാന്ദ്യത്തിലായിരുന്ന സ്കൂൾ വിപണി ഇത്തവണ നേരത്തേതന്നെ സജീവമായെന്ന് വ്യാപാരികൾ പറയുന്നു. ബ്രാൻഡഡ് ഉൽപന്നങ്ങളും അവക്ക് ബദലായി കുറഞ്ഞ വിലയിലുള്ള ഉൽപന്നങ്ങളുമായാണ് വ്യാപാരസ്ഥാപനങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കുന്നത്.
അതേസമയം, അസംസ്കൃതവസ്തുക്കളുടെ അഭാവത്താൽ നേരിയ തോതിൽ സാധനങ്ങൾ കിട്ടാൻ മൊത്തവിപണിയിൽ പ്രയാസമുണ്ട്.
കോവിഡ്മൂലം വിവിധ മേഖലകളിൽ ഇത്തരം സ്ഥാപനങ്ങൾ പൂട്ടിപ്പോയതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ രണ്ടുവർഷം കോവിഡ്മൂലം പുറത്തുപോവൽ കുറഞ്ഞതിനാൽ മൺസൂൺ വിപണി സജീവമായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.