പ്രതിപക്ഷ രഹിത ഇന്ത്യ സൃഷ്ടിക്കാന്‍ ബി.ജെ.പി ഭീകര നിയമങ്ങള്‍ ഉപയോഗിക്കുന്നു -സഹീര്‍ അബ്ബാസ്
text_fieldsതൃശൂര്‍: പ്രതിപക്ഷ രഹിത ഇന്ത്യ സൃഷ്ടിക്കാന്‍ ബി.ജെ.പി ഭീകര നിയമങ്ങള്‍ ഉപയോഗിക്കുകയാണെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രവര്‍ത്തക സമിതിയംഗം സഹീര്‍ അബ്ബാസ്. രാജ്യത്തിന്റെ വീണ്ടെടുപ്പിന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി നയിക്കുന്ന ജനമുന്നേറ്റ യാത്രക്ക് തൃശൂര്‍ ജില്ല കമ്മിറ്റി നല്‍കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ സാമ്പ്രദായിക പാര്‍ട്ടികളുടെ ആശീര്‍വാദത്തോടെയാണ് ഭീകരനിയമങ്ങള്‍ ചുട്ടെടുത്തത്. മുസ്ലിം ന്യുനപക്ഷങ്ങളെ മാത്രം ബാധിക്കുന്ന വിഷയം എന്ന നിലയ്ക്കായിരുന്നു അന്നവര്‍ പരിഗണിച്ചത്. അതേസമയം, ഫാഷിസത്തിനെതിരെ ആശയ പ്രതിരോധം തീര്‍ക്കുന്നവരെ മാത്രമേ ബാധിക്കുകയുള്ളൂ എന്നുമാണ് മുസ്ലിംകളിലെ തന്നെ ഒരു വിഭാഗവും മനസ്സിലാക്കിയത്. പക്ഷേ, ഇന്ന് രാജ്യത്ത് എല്ലാ വിഭാഗങ്ങളും യു.എ.പി.എ, പ്രിവന്‍ഷന്‍ ഓഫ് മണി ലോന്‍ഡറിങ് ആക്ട് തുടങ്ങിയ ഭീകര നിയമങ്ങളുടെ ഇരകളാണ്. റെയില്‍വേ, വിമാനത്താവളം തുടങ്ങിയ പൊതുമേഖല സ്ഥാപനങ്ങള്‍ വില്‍ക്കുക മാത്രമല്ല ബി.ജെ.പി കുറെയധികം സ്ഥാപനങ്ങള്‍ വാങ്ങിക്കുകയും ചെയ്തിട്ടുണ്ട്. ഇ.ഡി, എൻ.ഐ.എ, ഐ.ടി തുടങ്ങിയ സ്ഥാപനങ്ങള്‍ സ്വന്തമായി ബി.ജെ.പി വാങ്ങിയിരിക്കുകയാണ്.
ജനകീയ സമരങ്ങളെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ്. ഡല്‍ഹി ബോര്‍ഡറില്‍ രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരോട് ശത്രു രാജ്യത്തോടെന്ന പോലെയാണ് പെരുമാറുന്നത്. അരുണാചലിലെ ബോര്‍ഡറില്‍ ഇതിന്റെ പകുതി ഒരുക്കം നടത്തിയിരുന്നെങ്കില്‍ ചൈന ഇന്ത്യന്‍ ഭൂമി കൈയേറില്ലായിരുന്നു. രാജ്യത്ത് ജനങ്ങള്‍ക്കിടയില്‍ ശക്തമായ അരക്ഷിതാവസ്ഥ പടര്‍ന്നുപിടിക്കുകയാണ്. മുഴുവന്‍ പ്രതിപക്ഷ കക്ഷികളും ഒരുമിച്ച് നിന്ന് ജനാധിപത്യ പോരാട്ടം ശക്തമാക്കാത്തപക്ഷം മഹത്തായ ഇന്ത്യ എന്ന ആശയം തന്നെ അപകടപ്പെടുമെന്നും സഹീര്‍ അബ്ബാസ് കൂട്ടിച്ചേര്‍ത്തു.
ജില്ല പ്രസിഡന്റ് അഷ്റഫ് വടക്കൂട്ട് അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്ടന്‍ മൂവാറ്റുപുഴ അഷ്റഫ് മൗലവി, സംസ്ഥാന സെക്രട്ടറി പി.ആർ. സിയാദ്, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങളായ എം. ഫാറൂഖ്, ജോര്‍ജ് മുണ്ടക്കയം, ജില്ല ജനറല്‍ സെക്രട്ടറി കെ.വി. നാസര്‍, ജില്ല ട്രഷറര്‍ ടി.എം. അക്ബര്‍, വിമന്‍ ഇന്ത്യ മൂവ്മെന്റ് ജില്ല വൈസ് പ്രസിഡന്റ് ആഫിയ ജമിര്‍ഷാദ് സംസാരിച്ചു.
ജാഥാ വൈസ് ക്യാപ്റ്റന്‍മാരായ തുളസീധരന്‍ പള്ളിക്കല്‍, റോയ് അറയ്ക്കല്‍, പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുല്‍ ഹമീദ്, സംസ്ഥാന ട്രഷറര്‍ അഡ്വ. എ.കെ. സലാഹുദ്ദീന്‍, സംസ്ഥാന സെക്രട്ടറിമാരായ കെ.കെ. അബ്ദുല്‍ ജബ്ബാര്‍, ജോണ്‍സണ്‍ കണ്ടച്ചിറ, സംസ്ഥാന പ്രവര്‍ത്തക സമിതിയംഗങ്ങള്‍, വിമന്‍ ഇന്ത്യ മൂവ്മെന്റ് ജില്ല പ്രസിഡന്റ് റഫീന സൈനുദ്ധീന്‍, ജില്ല ജനറല്‍ സെക്രട്ടറി സലീന അഷ്റഫ് തുടങ്ങിയവർ സംബന്ധിച്ചു. 14 ന് കാസര്‍കോട് ഉപ്പളയില്‍ നിന്നാരംഭിച്ച യാത്ര വെള്ളിയാഴ്ച എറണാകുളം ജില്ലയില്‍ പ്രവേശിക്കും. വൈകീട്ട് മൂന്നിന് കളമശ്ശേരിയില്‍ നിന്ന് വാഹനജാഥയായി ആരംഭിച്ച് പെരുമ്പാവൂരില്‍ സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.