നിയമം കൈയിലെടുക്കുന്നവർ
text_fieldsതൃശൂർ: നിയമം കൈയിലെടുത്ത് വീണ്ടും ആൾക്കൂട്ടം. തൃശൂരിൽ രണ്ടുമാസത്തിനിടെ രണ്ടാമത്തെ സംഭവമാണ് ചേലക്കര കിള്ളിമംഗലത്തെ ആൾക്കൂട്ട ആക്രമണം. ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണ് ചേർപ്പ് തിരുവാണിക്കാവിൽ രാത്രിയിൽ സ്വകാര്യ ബസ് ഡ്രൈവർ കുറുമ്പിലാവ് മമ്മസ്രഇല്ലത്ത് സഹറിന് (33) ആള്ക്കൂട്ട മര്ദനം ഉണ്ടായത്.
മാർച്ച് ഏഴിന് ചികിത്സയിലിരിക്കെ സഹർ മരിച്ചു. കേസിലെ മുഖ്യപ്രതിയെ മുംബൈയിൽനിന്ന് കഴിഞ്ഞദിവസമാണ് പിടികൂടി നാട്ടിലെത്തിച്ചത്. ചേർപ്പിലുണ്ടായത് വനിത സുഹൃത്തിനെ കണ്ട് മടങ്ങുമ്പോഴായിരുന്നുവെങ്കിൽ കിള്ളിമംഗലത്തുണ്ടായത് മോഷണക്കുറ്റ ആരോപണത്തിലാണ്.
മരിച്ച സഹറിന് നേരിട്ട ആൾക്കൂട്ട ആക്രമണത്തിന് രണ്ട് മാസം തികയാൻ രണ്ടുദിവസം ബാക്കി നിൽക്കുമ്പോഴാണ് ചേലക്കര കിള്ളിമംഗലത്ത് വെട്ടിക്കാട്ടിരി സ്വദേശി സന്തോഷിന് (31) ആൾക്കൂട്ട ആക്രമണം നേരിട്ടത്. രണ്ടും നിയമം കൈയിലെടുത്തുള്ള സദാചാര പൊലീസ് ചമയലാണ്.
തിരുവാണിക്കാവിൽ ബസ് ഡ്രൈവറെ സംഘം ചേർന്ന് ക്രൂരമായി മർദിച്ച സംഘം ദിവസങ്ങളോളം നാട്ടിൽ വിലസാൻ അവസരമൊരുക്കി. മാർച്ച് ഏഴിന് സഹർ മരിച്ചിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് പിന്നെയും മടിച്ചു. ഒടുവിൽ ബന്ധുക്കളുടെ മാത്രമല്ല, നാട്ടുകാരുടെയും കടുത്ത പ്രതിഷേധമുയർന്നതോടെയാണ് പൊലീസ് നടപടികളിലേക്ക് കടന്നത്. അപ്പോഴേക്കും മുഖ്യപ്രതികൾ കേരളം വിട്ടിരുന്നു.
സഹായിച്ചവരെ പിടികൂടിയിട്ടും ഇവർ എവിടേക്ക് കടന്നുവെന്നതിൽ അപ്പോഴും വ്യക്തതയുണ്ടായില്ല. ലുക്ക് ഔട്ട് നോട്ടീസ് ആണ് മുഖ്യപ്രതിയെ പിടികൂടാൻ സഹായകരമായത്. ഇതാകട്ടെ സംഭവത്തിന് ഒന്നര മാസത്തോളമെത്തുമ്പോൾ. ഇനിയും ഈ കേസിൽ പ്രതികളെ പിടികൂടാനുണ്ട്.
ചേലക്കര കിള്ളിമംഗലത്ത് യുവാവിന് നേരെയുണ്ടായത് അതിഭീകരമായ മർദനമാണ്. അടക്ക മോഷ്ടിക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിന് സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലെന്നാരോപിച്ചാണ് സന്തോഷിനെ ആൾക്കൂട്ടം പിടികൂടി മർദിച്ചതെന്നാണ് പറയുന്നത്. ദിവസങ്ങളായി അടക്ക മോഷണം പോകുന്നുവെന്നും അത് കണ്ടുപിടിക്കാൻ സി.സി.ടി.വി സ്ഥാപിച്ചിരുന്നുവെന്നും പ്രതികൾ സ്ഥിരീകരിക്കുന്നു.
അങ്ങനെയെങ്കിൽ ആസൂത്രിതമാണ് സംഭവം. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. ഗുരുതരാവസ്ഥയിലാണ് ഇയാൾ. സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്യുകയും 11 പേരെ തിരിച്ചറിയുകയും ചെയ്ത് നടപടി വേഗത്തിലാക്കിയിട്ടുണ്ടെന്നാണ് പൊലീസ് വിശദീകരണം.
വിഷയം ശ്രദ്ധയിൽപെട്ട ഉടൻ മന്ത്രി കെ. രാധാകൃഷ്ണൻ നേരിട്ട് ഇടപെട്ട് കർശന നടപടികൾക്ക് നിർദേശിച്ചിട്ടുണ്ടെങ്കിലും നടപടികളുടെ വേഗവും സ്വീകരിക്കുന്ന ശിക്ഷാനടപടികളുമാവും ഇത് ആവർത്തിക്കാതിരിക്കാനുള്ള താക്കീതാവുക. പൊലീസിൽ വിശ്വാസ്യതയില്ലായ്മയാണ് ഇരു ഭാഗത്തിനും ന്യായീകരണം.
ആൾക്കൂട്ട ആക്രമണം അംഗീകരിക്കാനാവില്ല -മന്ത്രി കെ. രാധാകൃഷ്ണൻ
തൃശൂർ: ചേലക്കര കിള്ളിമംഗലത്ത് ആൾക്കൂട്ട ആക്രമണത്തിൽ പരിക്കേറ്റ യുവാവിനെ മന്ത്രി കെ. രാധാകൃഷ്ണൻ മെഡിക്കൽ കോളജിൽ സന്ദർശിച്ചു. യുവാവിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞതായും അടിയന്തരമായി ജീവൻ രക്ഷിക്കാനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഇടപെട്ടിട്ടുണ്ട്. ആൾക്കൂട്ട ആക്രമണം അംഗീകരിക്കാനാവില്ല.
കുറ്റക്കാർക്കെതിരെ കർശന നടപടികളുണ്ടാവുമെന്ന് മന്ത്രി പറഞ്ഞു. അടക്കാമോഷണവുമായി ബന്ധപ്പെട്ടാണ് സംഭവമെന്ന് പറയുന്നു. എന്നാൽ, പുലർച്ച വരെയും തങ്ങളോടൊപ്പം വീട്ടിൽ തന്നെ സന്തോഷ് ഉണ്ടായിരുന്നുവെന്നാണ് വീട്ടുകാർ പറയുന്നത്. ഇത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുന്നുണ്ടെന്നും ശക്തമായ നടപടികളുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.