കള്ളുഷാപ്പിൽനിന്ന് സെൽഫി; പുലിവാല് പിടിച്ച് കാട്ടൂർ പഞ്ചായത്ത് ഭരണസമിതി
text_fieldsകാട്ടൂർ: എൽ.ഡി.എഫ് ഭരിക്കുന്ന കാട്ടൂർ പഞ്ചായത്ത് പ്രസിഡന്റും സെക്രട്ടറിയും ജീവനക്കാരും ഉൾപ്പെടെ കള്ളുഷാപ്പിൽ ഭക്ഷണം കഴിക്കാനെത്തിയ സംഭവം വിവാദമായി.
ഷാപ്പിൽ ഭക്ഷണവും കള്ള് കുപ്പിയും നിരത്തിവെച്ച് എടുത്ത സെൽഫിയാണ് എൽ.ഡി.എഫിനും ഭരണ സമിതിക്കും തലവേദനയായിരിക്കുന്നത്. വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവെച്ച ചിത്രം ഫേസ്ബുക്കിലും മറ്റും വൈറലായതോടെ കോൺഗ്രസും ബി.ജെ.പിയും ഏറ്റുപിടിച്ചു.
ഇതോടെ ഭരണകക്ഷി പ്രതിരോധത്തിലായിരിക്കുകയാണ്. ചൊവ്വാഴ്ച നടന്ന പഞ്ചായത്ത് യോഗത്തില്‍നിന്ന് പ്രതിപക്ഷമായ കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി. സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്ന രീതിയിൽ ചിത്രം പ്രചരിപ്പിച്ച പ്രസിഡന്റ് രാജിവെക്കണം എന്നാവശ്യപ്പെട്ടാണ് ഇ.എൽ. ജോസിന്റെ നേതൃത്വത്തിൽ അംഗങ്ങൾ ഇറങ്ങിപ്പോയത്.
നടപടി ആവശ്യപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകരും കാട്ടൂര്‍ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും ധർണയും നടത്തി. അതേസമയം, ആഗസ്റ്റ് 15 ലെ അവധി ദിനത്തിൽ ചില ജോലികൾ ചെയ്ത് തീർക്കാൻ പ്രസിഡന്റ് ഷീജ പവിത്രൻ, സെക്രട്ടറി ഷാജിക്ക്, ജീവനക്കാർ അടക്കം പഞ്ചായത്തിൽ എത്തിയിരുന്നു.
ഉച്ചക്ക് ഭക്ഷണം കഴിക്കാൻ ജീവനക്കാരിൽ ഒരാളുടെ വാഹനത്തിൽ പുള്ളിലെ കള്ളുഷാപ്പിൽ എത്തി. സാധാരണ പോലെ സെൽഫിയെടുത്ത് വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടു. ആരോ അതെടുത്ത് ഫേസ്ബുക്കിൽ ഇട്ടതോടെ വിവാദമാവുകയായിരുന്നുവെന്ന് ജീവനക്കാരിലൊരാൾ പറഞ്ഞു.
ഭരണത്തിന്റെ തണലിൽ എന്തുമാവാം എന്നവിധം ജനത്തോടുള്ള വെല്ലുവിളിയാണിതെന്ന് യൂത്ത് കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി കിരൺ ഒറ്റാലി പ്രസ്താവിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.