കോടികളുടെ വിലയുള്ള യന്ത്രങ്ങൾ; വിൽപന ആക്രി വിലയ്ക്ക്
text_fieldsഒരായുസിന്റെ നല്ല കാലം മുഴുവൻ വിരുപ്പാക്കയിലെ തൃശൂർ സഹകരണ സ്പിന്നിങ്ങ് മില്ലിന് വേണ്ടി പണിയെടുത്തവർക്ക് ബാക്കിയായത് ദുരിതം മാത്രം. ഗ്രാറ്റുവിറ്റിയും പി.എഫും മുടക്കി പെൻഷന് പോലും അവസരം ഇല്ലാതാക്കിയ സ്ഥാപനമാണ് അവർക്കിത്. നൂലിൽ കോർത്ത മാലപോലെ സ്ഥപനത്തിലെ പതിറ്റാണ്ടുകൾ നീണ്ട പിടിപ്പുകേടും ക്രമക്കേടുകളും പറയുന്ന പരമ്പര തുടരുന്നു...
തൃശൂർ: ആധുനീകരണത്തിന്റെ ഭാഗമായി പഴയയന്ത്രങ്ങൾ മാറിയേ തീരൂ. അധികം പഴക്കമില്ലാത്ത യന്ത്രങ്ങൾ മറിച്ചുകൊടുത്താൽ പ്രവർത്തനക്ഷമമെങ്കിൽ നല്ല വിലയും കിട്ടും. എന്നാൽ, ഇതിന്റെ സാധ്യതപോലും ഉപയോഗപ്പെടുത്താതെ ഓരോ യന്ത്രവും എങ്ങനെ ആക്രിക്ക് പരുവപ്പെടുത്താം എന്നതാണ് മാനേജ്മെന്റിന്റെ അന്വേഷണം എന്ന് തോന്നും. മാറ്റപ്പെടുന്ന പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന യന്ത്രങ്ങൾ വർഷങ്ങൾ മില്ലിൽ കൂട്ടിയിടും.
നശിക്കുമ്പോൾ ആക്രിവിലയ്ക്ക് വിൽക്കും. ഇതാണ് നടപ്പുരീതി. കമ്പനിയിലുണ്ടായിരുന്ന രണ്ട് ജനറേറ്ററുകൾ ഇതുപോലെ വിറ്റു. ബാക്കിയുള്ളവ തുരുമ്പെടുക്കുന്നു. പുതിയ മെഷീനുകൾ വാങ്ങിക്കൂട്ടി കമീഷൻ പറ്റുകയും ചെയ്യുന്നു. മിൽ കോമ്പൗണ്ടിൽ 10 വർഷം മുമ്പ് വാങ്ങിയ ഡബ്ലിങ് മെഷീൻ ഉൾപ്പെടെ കോടികളുടെ യന്ത്രങ്ങൾ ഇതുപോലെ വിൽക്കാൻ ഇട്ടിരിക്കുന്നത് കാണാം.
2010-12 കാലത്ത് വാങ്ങിയ സൂസൻ ഏഷ്യ എന്ന കമ്പനിയുടെ മൂന്ന് സ്പിന്നിങ് മെഷീനാണ് ആക്രി വിലയ്ക്ക് വിറ്റുതുലച്ച മറ്റൊരു യന്ത്രം. ഇവയെല്ലാം നേരേത്ത വിറ്റിരുന്നെങ്കിൽ നല്ല തുക ലഭിക്കുമായിരുന്നെന്ന് ജീവനക്കാർ പറയുന്നു. സ്പിന്നിങ് ഫ്രെയിമിന് 40 ലക്ഷം രൂപ വിലയ്ക്ക് വാങ്ങിയ മൂന്ന് യന്ത്രങ്ങൾ ഉപയോഗിച്ചതാകട്ടെ നാലുകൊല്ലം മാത്രം. 1.35 കോടി മുടക്കി വാങ്ങിയ ഇവ മൂന്നുമാസം മുമ്പ് വിറ്റപ്പോൾ കിട്ടിയത് 18 ലക്ഷം മാത്രം.
എന്തിനീ ഓട്ടോകോണർ
വൻകിട സ്പിന്നിങ് മില്ലുകൾക്കാവശ്യമായ നൂൽ റോളുകൾ നിർമിക്കുന്ന യന്ത്രമായ ഓട്ടോ കോണർ രണ്ടെണ്ണം ഇവിടെ എത്തിയിട്ട് വർഷമാകുന്നതേയുള്ളൂ. 60 സ്പിൻഡിൽ ശേഷിയുള്ള ഓട്ടോ കോണർ ആണ് ഭൂരിഭാഗം മില്ലുകളിലുമെങ്കിൽ ഇവിടെ എത്തിയത് 100 സ്പിൻഡിൽ ഉൽപാദനശേഷിയുള്ള ഇറ്റാലിയൻ കമ്പനിയുടെ രണ്ട് യന്ത്രങ്ങൾ.
ഒരു മെഷീന് രണ്ട് കോടിയോളം വരും. കേരളത്തിൽ ഒരുസ്ഥാപനത്തിലും 100 സ്പിൻഡിലിന്റെ ഓട്ടോ കോണർ മെഷീൻ ഇല്ല. സ്പിന്നിങ് വിഭാഗത്തിൽ 21 മെഷീനാണ് ഉള്ളത്. പക്ഷേ 13ഉം പ്രവർത്തനരഹിതം. ഇവ മുഴുവൻ പ്രവർത്തിച്ചാൽ മാത്രമാണ് ഓട്ടോ കോണർ പ്രവർത്തിപ്പിക്കാനാകൂ. 30 ലക്ഷം രൂപയെങ്കിലും ഇടപാടിൽ കമീഷൻ കിട്ടിയെന്നാണ് ആരോപണം.
ഈ സാഹചര്യത്തിൽ പ്രവർത്തനരഹിതമായ യന്ത്രത്തിന്റെ വയറുകൾ ആരോ മുറിച്ചുമാറ്റിയതായി കണ്ടെത്തിയത് മാസങ്ങൾക്ക് മുമ്പാണ്. അതിനാൽ വയറുകൾ മുറിച്ചിട്ടതിനാലാണ് പ്രവർത്തിക്കാത്തതെന്ന് മാനേജ്മെന്റ് ന്യായവും കണ്ടെത്തി. തുടർനടപടി ഉണ്ടായില്ല.
അതേസമയം, കാർഡിങ് വിഭാഗത്തിൽ വന്ന രണ്ട് പുതിയ മെഷീനുകൾ പ്രവർത്തിച്ചുതുടങ്ങി. പുതിയ ബ്ലോറൂമിൽ ച്യൂട്ട് യന്ത്രം പ്രവർത്തിച്ചു തുടങ്ങി. ഇതോടെ പഴയ യന്ത്രങ്ങൾ പൊളിച്ചുവിറ്റു. ജീവനക്കാരുടെ പി.എഫ്പോലും അടക്കാത്ത മാനേജ്മെന്റ് ഇവ പൊളിച്ചു വിറ്റാലുള്ള പണം കിട്ടിയാൽ പി.എഫ് കടം തീർക്കാമെന്ന് പറഞ്ഞെങ്കിലും നടന്നില്ല.
തലതിരിഞ്ഞ പഞ്ഞിവാങ്ങൽ
പഞ്ഞി വാങ്ങുന്നതും നൂൽ വിൽക്കുന്നതുമൊക്കെ അധികമാരും അറിയാറില്ല. നഷ്ടക്കണക്ക് മാത്രമേ അറിയിക്കാറുള്ളൂ. സർക്കാറിൽനിന്ന് പണം കിട്ടുമ്പോൾ മാത്രമാണ് മിൽ പ്രവർത്തിപ്പിക്കാനാവശ്യമായ പഞ്ഞി തേടിപ്പോവാറ്. കോട്ടൺ വിളവെടുക്കുമ്പോൾ വില കുറയുന്ന കാലത്താണ് സാധാരണ മില്ലുകളിൽ പഞ്ഞിവാങ്ങിക്കൂട്ടുക. പലപ്പോഴും ഗുണനിലവാരം കുറഞ്ഞ പഞ്ഞി എത്തുന്നതിന്റെ പിന്നിൽ ‘ഇടപാടു’കളുണ്ടെന്നും യൂനിയനുകൾ ആരോപിക്കുന്നു.
മില്ലിൽനിന്നുള്ള നൂലിന് കിലോക്ക് 360-380 രൂപ വിപണി വിലയുണ്ട്. നിലവാരം കുറഞ്ഞ പഞ്ഞി ഇറക്കി ലക്ഷങ്ങൾ വെട്ടിച്ചു എന്ന ആരോപണവും മുൻ എം.ഡി.ക്കതിരെ ഉയർന്നു. വിജിലൻസിലും പരാതി ഉണ്ടായിരുന്നു.
നൂലിൽ പിടയുന്ന ജീവിതങ്ങൾ
2000ൽ 298 സ്ഥിരം ജോലിക്കാർ ഉണ്ടായിരുന്നു. ഇപ്പോൾ 150 പേരിലൊതുങ്ങി. മില്ലിൽ മാസത്തിൽ പകുതി ദിവസവും പണിയില്ല, ആനുകൂല്യവുമില്ല. ജനുവരിയിലെ ശമ്പളം 80 ശതമാനം മാത്രമേ നൽകിയിട്ടുള്ളൂ. 10 വർഷം മുമ്പാണ് ശമ്പളം കൂടിയത്. തസ്തികയിൽ മാറ്റമില്ല, ശമ്പള വർധനയില്ല. ഉൽപാദനം കുറഞ്ഞപ്പോൾ ജീവനക്കാരുടെ ആനുകൂല്യത്തിൽ പിടിച്ചുതുടങ്ങി. 2013 വരെ പി.എഫ് അടച്ചിട്ടുള്ളൂ. 10 വർഷമായി പിടിച്ചെടുക്കുന്ന തുകപോലും അടക്കുന്നില്ല.
2021 നവംബറിന് ശേഷം വിരമിച്ച 20പേരുടെ പി.എഫ് അടച്ചിട്ടില്ല. രാജിവെച്ചവരുടെ കാര്യം പരിഗണിക്കുന്നതേ ഇല്ല. നടപടി സ്വീകരിക്കാത്ത പി.എഫ് അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് മുൻജീവനക്കാർ മാസം മുമ്പ് പി.എഫ് അദാലത്തിൽ ബഹളം വെച്ചിരുന്നു. 2009 മുതൽ പിരിഞ്ഞുപോയവർക്കും വിരമിച്ചവർക്കും നൽകേണ്ട ഗ്രാറ്റ്വിറ്റിയും മുടക്കി. ഇതിൽ ചില തൊഴിലാളികളുടെ കേസ് നിലവിലുണ്ട്.
കൈവിടാതെ പ്രതീക്ഷകൾ
കുമിഞ്ഞുകൂടുന്ന നഷ്ടക്കണക്കിന് പിന്നിൽ ‘ഇടപെടലു’കളുടെ ദുർഗന്ധം വ്യക്തം. അത് വ്യക്തിപരമായാലും രാഷ്ട്രീയപരമായാലും സ്ഥാപനത്തെ പടുകുഴിയിലേക്ക് നയിച്ചതിന് പ്രധാന കാരണം ആ ‘പിടിപ്പുകേടുകൾ’തന്നെയാണ്. തൊഴിലാളി സംഘടനകളും ഒരുപരിധിവരെ മൗനാനുവാദം നൽകി.
കാലാകാലങ്ങളിൽ ലഭിക്കുന്ന ഫണ്ട് ചില വെള്ളാനകളുടെ പോക്കറ്റിലേക്ക് പോകുന്ന വഴികളൊക്കെ അവർക്ക് വ്യക്തം. കഴിവും പരിചയ സമ്പത്തുമുള്ളവരെ അവഗണിച്ച് ഇടതു-വലതു മുന്നണികളുടെ സ്വാധീനത്തിൽ കമ്പനിയുടെ തലപ്പത്തെത്തിയവർ സ്വന്തം നേട്ടത്തിനല്ലാതെ മില്ലിന്റെ പുരോഗതിക്ക് കാര്യമായി ഒന്നും ചെയ്തില്ല. വ്യവസായമന്ത്രി പി. രാജീവ് അധികാരമേറ്റപ്പോൾ ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്ത് ആ മേഖലയിൽ കഴിവുള്ളവരെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചിരുന്നു.
എന്നാൽ, നടപ്പായില്ല. ഒടുവിൽ രണ്ടാഴ്ച മുമ്പ് കമ്പനി അടച്ചിടാൻ തീരുമാനിച്ചപ്പോഴും ജീവനക്കാർക്കും സംഘടനക്കും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. സംസ്ഥാനത്തെ മികച്ച ആധുനീകരിക്കപ്പെട്ട യന്ത്രങ്ങളാണ് ഇവിടെയുള്ളത്. ശതകോടികൾ മുടക്കി ഇവിട സജ്ജമാക്കിയ ഇവ വൈകാതെ ആക്രിക്ക് സമാനമായേക്കും. അതിന് മുമ്പ് ഇടപെടൽ ഉണ്ടായില്ലെങ്കിൽ എൻ.ടി.സി മില്ലുകളുടെ അവസ്ഥതന്നെയായിരിക്കും ഇവരെയും കാത്തിരിക്കുന്നത്.
എന്തേ ഇങ്ങനെ ആയി
- അഴിമതിയും ദീർഘവീക്ഷണമില്ലാത്ത നിലപാടുകളും
- പ്ലാനിങ് ഇല്ലാതെയുള്ള ഭരണം
- യോഗ്യതയില്ലാത്ത വൈദഗ്ധ്യമില്ലാത്ത, ആത്മാർഥത കുറഞ്ഞ ഉദ്യോഗസ്ഥവൃന്ദം
- കാലാകാലങ്ങളായുള്ള നഷ്ടം
- അസംസ്കൃത വസ്തുക്കൾ എത്തിക്കാനുള്ള സാങ്കേതികപ്രശ്നം
- നിലവാരം കുറഞ്ഞ നൂൽ
- മാർക്കറ്റിങ് വിഭാഗം കാലഹരണപ്പെട്ടത്
- പഴയ സ്പിന്നിങ് യന്ത്രങ്ങളിൽ അറ്റകുറ്റപ്പണി ഇല്ല
- ഐ.ടി സാങ്കതികവിദ്യയുമായി ബന്ധം കുറവ്
- വർക്കിങ് ക്യാപിറ്റൽ കുറവ്
- കഴിവുകുറഞ്ഞ മെയിന്റനൻസ് ടീം
നാളെ: സഹായം കാത്ത് സീതാറാം മിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.