പള്ളിയുടെ കാര്യം പള്ളിയിൽ പോലും പറയാൻ പാടില്ലെന്നത് അപകടകരം –ഡോ. കൂട്ടിൽ മുഹമ്മദലി
text_fieldsതൃശൂർ: പള്ളിയുടെ കാര്യം പള്ളിയിൽ പോലും പറയാൻ പാടില്ലെന്ന് ഒരു ഭരണാധികാരി പറയുന്നത് അപകടകരമാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗവും ഐ.പി.എച്ച് ഡയറക്ടറുമായ ഡോ. കൂട്ടിൽ മുഹമ്മദലി. ജമാഅത്തെ ഇസ്ലാമി കേരള തൃശൂരിൽ സംഘടിപ്പിച്ച 'ലിബറലിസം സ്വാതന്ത്ര്യമോ സർവനാശമോ' സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായാണ് സി.പി.എം സമൂഹത്തിൽ സാമുദായിക വിഭാഗീയത തീർക്കുന്നത്. മുസ്ലിംകളെ ഒരുഭാഗത്തും മറ്റു ജനവിഭാഗങ്ങളെ മറ്റൊരു ഭാഗത്തും നിർത്തുകയാണ്. ഉറച്ച ധാരണകളോടെയാണ് സി.പി.എം അത് ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ ഇടതുപക്ഷവും ഫാഷിസ്റ്റുകളും തമ്മിലെ അന്തർധാര ഒരുപോലെയാകുന്നത് ലിബറലിസം വ്യത്യസ്ത ആശയപരിസരങ്ങളെ എത്രമാത്രം സ്വാധീനിച്ചു എന്നതിന് തെളിവാണെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം പി.ഐ. നൗഷാദ് അധ്യക്ഷ പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. ലോകത്ത് അധീശത്വം പുലർത്തുന്ന വിപണിരീതികൾക്കെതിരായ പലതരത്തിലുള്ള പ്രതിരോധങ്ങളിൽ ഒന്നാണ് ഹലാൽ എന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന കൂടിയാലോചന സമിതി അംഗം ടി. മുഹമ്മദ് വേളം പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം ജനറൽ സെക്രട്ടറി പി. റുക്സാന, സംസ്ഥാന കൂടിയാലോചന സമിതി അംഗം ഡോ. ആർ. യൂസുഫ്, സോളിഡാരിറ്റി സംസ്ഥാന വൈസ് പ്രസിഡൻറ് സി.ടി. സുഹൈബ്, ജില്ല പ്രസിഡൻറ് മുനീർ വരന്തരപ്പിള്ളി എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി അസി. സെക്രട്ടറി ഉമർ ആലത്തൂർ സ്വാഗതവും പ്രോഗ്രാം കൺവീനർ ആർ.എം. സുലൈമാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.