രണ്ട് കോളജുകളിൽ എസ്.എഫ്.ഐ -കെ.എസ്.യു സംഘർഷം; 16 പേർക്ക് പരിക്ക്
text_fieldsതൃശൂർ: തൃശൂർ ഗവ. എൻജിനീയറിങ് കോളജിലും ഒല്ലൂർ ഗവ. കോളജിലും എസ്.എഫ്.ഐ - കെ.എസ്.യു പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ 16 വിദ്യാർഥികൾക്ക് പരിക്കേറ്റു. ഗവ. എൻജിനീയറിങ് കോളജിലെ എസ്.എഫ്.ഐ യൂനിറ്റ് സെക്രട്ടറി വി.പി. അശ്വിൻ, പ്രസിഡന്റ് എസ്. സിദ്ധാർഥ്, യൂനിറ്റ് വൈസ് പ്രസിഡന്റ് എൻ.എസ്. നവീൻ, യൂനിറ്റ് കമ്മിറ്റി അംഗങ്ങളായ അശ്വിൻ രാജു, ആദിത്യൻ വിനോദ്, അഖിൽ രാജു.
എസ്.എഫ്.ഐ ടെക്നോസ് സംസ്ഥാന ജോയന്റ് കൺവീനർ ആഷിക് ഇബ്രാഹിം എന്നിവർക്കും കെ.എസ്.യു പ്രവർത്തകരായ റിഷാൻ, അമൽ വദൂത്, പാർവേശ് ഷാൻ, നിഹാൽ റോഷൻ, നാജിഹ്, ആദിൽ മുജീബ്, ഷിബിലി, ജാഷിദ്, അസ്ബാഹ് തുടങ്ങിയവർക്കുമാണ് പരിക്കേറ്റത്. എസ്.എഫ്.ഐ പ്രവർത്തകരെ തൃശൂർ സഹകരണ ആശുപത്രിയിലും കെ.എസ്.യു പ്രവർത്തകരെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
എൻജിനീയറിങ് കോളജിൽ എസ്.എഫ്.ഐയുടെ സമ്മേളന ഭാഗമായി സ്ഥാപിച്ച ബോർഡുകളും തോരണങ്ങളും നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് ഏറ്റുമുട്ടലിലെത്തിയതെന്ന് പറയുന്നു. അഖിൽ രാജുവും ആദിത്യൻ വിനോദും കാമ്പസിലേക്ക് ബൈക്കിൽ വരുമ്പോൾ കെ.എസ്.യു സംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നുവെന്നും ഇതുകണ്ട് തടയാനെത്തിയ മറ്റുള്ളവരെ സംഘമായെത്തി ആക്രമിക്കുകയായിരുന്നുവെന്നും എസ്.എഫ്.ഐ ആരോപിച്ചു. .
കരിങ്കല്ല് കൊണ്ടുള്ള അടിയേറ്റ് നവീന്റെ തലക്കും ആദിത്യൻ വിനോദിന്റെ മുഖത്തും പരിക്കുണ്ട്. ആക്രമണത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ പ്രവർത്തകർ പഠിപ്പുമുടക്കി. പ്രകടനവും നടത്തി.
രണ്ട് പ്രവർത്തകരുടെ പല്ല് പൊട്ടിയതായും ഒരാളുടെ കാലിന് പരിക്കുണ്ടെന്നും കെ.എസ്.യു അറിയിച്ചു. കെ.എസ്.യു കൊടിമരം എസ്.എഫ്.ഐ പ്രവർത്തകർ നശിപ്പിച്ചതാണ് തർക്കത്തിന് കാരണമെന്ന് കെ.എസ്.യു പ്രവർത്തകർ പറഞ്ഞു. കാമ്പസുകളിൽ കെ.എസ്.യു പ്രവർത്തകർക്ക് നേരെയുള്ള എസ്.എഫ്.ഐ ഗുണ്ടായിസത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ജില്ല പ്രസിഡന്റ് ഗോകുൽ ഗുരുവായൂർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.