വാക്കുകൾക്കും വരകൾക്കുമിടയിലെ ഹൃദയനൊമ്പരമായി ഷാജി കെ. അബ്ദു
text_fieldsമതിലകം: വാക്കുകൾക്കും വരകൾക്കുമിടയിലെ ഹൃദയനൊമ്പരമായി ഷാജി കെ. അബ്ദു. ചിത്രകാരനും കവിയും ഗാനരചയിതാവും എന്നതിനുമെല്ലാം ഒപ്പം മനുഷ്യസ്നേഹത്തിന്‍റെ നിറസാന്നിധ്യമായി ഏവരെയും ഹൃദയത്തോട് ചേർത്ത് നിർത്തിയ ഷാജിയുടെ അനുസ്മരണവും ചിത്രപ്രദർശനവും ഓർമകളുടെ തള്ളിച്ചയാൽ അത്യന്തം വികാരനിർഭരമായി. വിങ്ങുന്ന ഹൃദയത്തോടെയാണ് വേദിയും സദസ്സും ഷാജിയുടെ ഓർമകളോടൊപ്പം നിലകൊണ്ടത്.
ജീവിതവൈഷമ്യങ്ങൾക്കിടയിലും പുഞ്ചിരിയോടെ ജീവിച്ച ഷാജി കെ. അബ്ദു തന്‍റെ രചനകളോടൊപ്പം നന്മ നിറഞ്ഞൊരു ജീവിതസന്ദേശം കൂടി സഹൃദയലോകത്തിന് സമർപ്പിച്ചാണ് കടന്നുപോയതെന്ന് സംസാരിച്ചവർ ചൂണ്ടിക്കാട്ടി. അദ്ദേഹം നിറക്കൂട്ടേകിയ ചിത്രങ്ങളിലൂടെ ഉള്ളം കിനിയുന്ന വേദനയോടെയാണ് സഹൃദയരും കുടുംബാംഗങ്ങളും കണ്ണാടിച്ചത്.
ഷാജി കൈവിരൽ പിടിച്ച് വരപ്പിക്കാൻ ശീലിപ്പിച്ച് വരുന്ന മകൾ ഫർഹ ഫാത്വിമയുടെ ചിത്രങ്ങളും കൂട്ടത്തിലുണ്ടായിരുന്നു. മകളുടെ ചിത്രപ്രദർശനം ആ പിതാവിന്‍റെ ആഗ്രഹമായിരുന്നു. കേരള മാപ്പിളകല അക്കാദമി ജില്ല കമ്മിറ്റിയും തനിമ കലാ സാഹിത്യ വേദി മതിലകം ചാപ്റ്ററും ചേർന്ന് ഒരുക്കിയ ചിത്രപ്രദർശനത്തിലും അനുസ്മരണ ചടങ്ങിലുമാണ് കലാകാരനെക്കുറിച്ച ഓർമകൾ പെയ്തിറങ്ങിയത്.
ഷാജിയുടെ ചിത്രപ്രദർശനം കൂടി ഉൾപ്പെടുന്ന പരിപാടി 24ന് നടത്താൻ നേരത്തേ തനിമ തീരുമാനിച്ചിരുന്നതാണ്. അന്നേദിവസം അദ്ദേഹത്തിന്‍റെ അനുസ്മരണം കൂടി സംഘടിപ്പിക്കേണ്ടി വന്നത് നോവായി.
മതിലകം ഫീനിക്സ് സ്റ്റഡി സെന്‍ററിൽ നടന്ന സ്മരണയിൽ പി.ബി. സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവർത്തകൻ പി.കെ. ധർമരാജ് ഉദ്ഘാടനം ചെയ്തു. അക്കാദമി സെക്രട്ടറി പി.എ. സീതി മാസ്റ്റർ, നോവലിസ്റ്റ് ടി.കെ. ഗംഗാധരൻ, തനിമ ജില്ല പ്രസിഡന്‍റ് സജദിൽ മുജീബ്, ഇസാബിൻ അബ്ദുൽ കരീം, രഹ്ന സുൽത്താന, ബഷീർ വടക്കൻ, പി.എ. നൂറുദ്ദീൻ, കെ.കെ. യൂസഫ്, സുനിൽ പി. മതിലകം, കെ.കെ. ഷാജഹാൻ, കെ.ബി. അബ്ദു, ഷാജിയുടെ സഹോദരൻ റാഫി മതിലകം, ഷംസുദ്ദീൻ വാത്യേടത്ത്, നവാബ് കോവിലകത്ത് എന്നിവർ സംസാരിച്ചു. ചിത്ര പ്രദർശനത്തിന്‍റെ ഉദ്ഘാടനം സജദിൽ മുജീബ് നിർവഹിച്ചു. മുസമ്മിൽ പ്രാർഥന ഗാനം ആലപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.