തെരുവിൽ അവശനായി കണ്ടെത്തിയ വയോധികന് അഭയം
text_fieldsമാള: പൊയ്യ ഗ്രാമപഞ്ചായത്തിലെ കമ്പനിപ്പടി സാംസ്കാരിക നിലയത്തിൽ അനാഥനായി അഭയംതേടിയ ചാലക്കുടി സ്വദേശിയായ വൃദ്ധനെ പഞ്ചായത്ത് ഉദ്യോഗസ്ഥരുടേയും സാമൂഹിക പ്രവർത്തകരുടെയും സഹായത്താൽ പുനരധിവസിപ്പിച്ചു. സഹോദരങ്ങൾ കൈയൊഴിഞ്ഞ കോടശ്ശേരി നായരങ്ങാടി മാളക്കാരൻ സാജു (65) ആണ് അവശനായി പൊയ്യയിലെത്തിയത്.
യൂനിയൻ തൊഴിലാളികൾ അറിയിച്ചതിനെ തുടർന്ന് വാർഡ് അംഗം വിജീഷ് ജനകീയ ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങി നൽകി കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. സാമൂഹിക പ്രവർത്തകനായ രാജേഷ് കളത്തിൽ വിവരങ്ങൾ ആരാഞ്ഞ് പഞ്ചായത്ത് പ്രസിഡൻറിെൻറ നേതൃത്വത്തിൽ സാജുവിനെ മാള കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
മാള പൊലീസിെൻറ സഹായത്തോടെ സാജുവിെൻറ ബന്ധുക്കളെ കണ്ടെത്തി സംസാരിച്ചെങ്കിലും രോഗിയായ സാജുവിനെ ഏറ്റെടുക്കാൻ തയാറായില്ല. വകുപ്പിെൻറ നിർദേശപ്രകാരം കോവിഡ് നോഡൽ ഓഫിസറും പെർഫോമൻസ് ഓഡിറ്റ് യൂനിറ്റ് അഞ്ചിലെ സീനിയർ സൂപ്പർവൈസറുമായ പണ്ഡു സിന്ധു വിഷയത്തിൽ ഇടപെട്ട് തിരുവില്വാമലയിലെ ഇമ്മാനുവൽ ചാരിറ്റി മിഷൻ പ്രവർത്തകരുമായി ബന്ധപ്പെട്ടു. തുടർന്ന് സാജുവിനെ ഏറ്റെടുക്കാൻ അവർ സന്നദ്ധമാവുകയായിരുന്നു.
ഇമ്മാനുവൽ ചാരിറ്റി മിഷൻ പ്രതിനിധി ഒ.പി. ഐസക് ഞായറാഴ്ച വാഹനവുമായി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തി. സീനിയർ സൂപ്രണ്ട് പണ്ഡു സിന്ധുവിെൻറയും പ്രസിഡൻറ് ഡെയ്സി തോമസിെൻറയും സാന്നിധ്യത്തിൽ സാജു സമ്മതപത്രം എഴുതി നൽകി. പ്രസിഡൻറ് സാജുവിനെ ഏറ്റെടുക്കുന്നതിനുള്ള കത്തും മിഷന് നൽകിയതോടെ വഴിയരികിൽ അനാഥനെപ്പോലെ വിശന്നു തളർന്ന് കിടന്ന സാജു സനാഥനായി.
വൈസ് പ്രസിഡൻറ് ടി.കെ. കുട്ടൻ, മാള എസ്.ഐ രാജേഷ്, പൊയ്യ പഞ്ചായത്ത് അസി. സെക്രട്ടറി സുജൻ പൂപ്പത്തി, രാജേഷ് കളത്തിൽ തുടങ്ങിയവരും സാജുവിനെ യാത്രയാക്കാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.