ഷിഗെല്ല: വ്യാപക പരിശോധന; ബേക്കറിയും ഹോസ്റ്റലും അടപ്പിച്ചു
text_fieldsതൃശൂർ: ഗവ. എൻജിനീയറിങ് കോളജ് പരിസരത്തെ സ്ഥാപനങ്ങളിൽ ആരോഗ്യവകുപ്പ് പരിശോധന. ശുചിത്വമില്ലായ്മ കണ്ടെത്തിയ ബേക്കറി, ഏവന്നൂരിൽ വിദ്യാർഥികളെ താമസിപ്പിച്ചിരുന്ന വീട്, പരിസരത്തെ തട്ടുകട എന്നിവ അടപ്പിച്ചു.
കോളജിന് സമീപത്തെ ബേക്കറി ആൻഡ് കൂൾബാറാണ് അടപ്പിച്ചത്. പൂപ്പൽ കലർന്ന ഐസ്ക്രീം, കോൺപോപ്പ് എന്നിവ ഇവിടെനിന്ന് കണ്ടെത്തി. വൃത്തിഹീനമായ അന്തരീക്ഷം കാരണമാണ് ഏവന്നൂരിലെ വിദ്യാർഥി ഹോസ്റ്റൽ അടപ്പിച്ചത്. കഴിഞ്ഞ കോവിഡ് സമയത്തും ഈ ഹോസ്റ്റൽ വൃത്തിഹീനമായതിനാൽ അടപ്പിച്ചിരുന്നു. ഡി.എം.ഒ, കോർപറേഷൻ, വിൽവട്ടം ആരോഗ്യകേന്ദ്രം എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് പരിശോധന നടത്തിയത്.
മൂന്ന് കടകൾക്ക് നിർദേശങ്ങളും നൽകി. കടകൾ, ഹോട്ടലുകൾ, ശീതള പാനീയ വിൽപന കേന്ദ്രങ്ങൾ, ലഘു ഭക്ഷണ ശാലകൾ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തുന്നുണ്ട്. എൻജിനീയറിങ് കോളജ് ഹോസ്റ്റലിലെ വിദ്യാർഥിക്ക് ആണ് ഷിഗെല്ല സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങളുള്ള മുപ്പതോളം വിദ്യാർഥികൾ നിരീക്ഷണത്തിലാണ്. പുറത്തുനിന്ന് ഭക്ഷണം കഴിച്ചതാണ് രോഗ ബാധക്ക് കാരണമെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ പരിശോധന.
ഡി.എം.ഒ ഓഫിസിലെ ടെക്നിക്കൽ അസി. രാജു, കോർപറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ സുബ്രഹ്മണ്യൻ, വിൽവട്ടം ഹെൽത്ത് ഇൻസ്പെക്ടർ സി.കെ. സുരേഷ്, സോണൽ ഓഫിസർ രവീന്ദ്രൻ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.