സർവേയർമാരുടെ കുറവ്; ചാലക്കുടിയിൽ നിർമാണങ്ങൾ മന്ദഗതിയിൽ
text_fieldsചാലക്കുടി: നിയോജകമണ്ഡലം പരിധിയിൽ കിഫ്ബിയുടെ മേൽനോട്ടത്തിൽ പുരോഗമിക്കുന്ന നിർമാണ പ്രവർത്തനങ്ങൾ സർവേയർമാരുടെ കുറവ് മൂലം മന്ദഗതിയിലാകുന്നു.
ചാലക്കുടിയിലെ വിവിധ സർക്കാർ വകുപ്പുകളുടെ നിർമാണങ്ങളുമായി ബന്ധപ്പെട്ട് വിളിച്ച് ചേർത്ത അവലോകനയോഗത്തിലാണ് ഇതുസംബന്ധിച്ച പ്രശ്നം ഉയർന്നുവന്നത്.
ആവശ്യമായ സർവേയർമാരുടെ സേവനവുമായി ബന്ധപ്പെട്ട എസ്റ്റിമേറ്റ് രണ്ട് ദിവസത്തിനകം സർവേ വകുപ്പ് കിഫ്ബിയ്ക്ക് കൈമാറാൻ യോഗത്തിൽ തീരുമാനമായി. എങ്കിലേ സർവേ നടപടികൾക്കാവശ്യമായ തുക അനുവദിക്കപ്പെടൂ.
നിർമാണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ കൂടുതൽ സർവേയർമാരുടെ സേവനം അനിവാര്യമാണെന്ന് സനീഷ്കുമാർ ജോസഫ് എം.എൽ.എയും ആവശ്യമുയർത്തി. മുരിങ്ങൂർ-ഏഴാറ്റുമുഖം, ചാലക്കുടി-മോതിരക്കണ്ണി, പൂവ്വത്തിങ്കൽ-വേളൂക്കര എന്നീ റോഡ് നിർമാണ പ്രവൃത്തികളുടെ പുരോഗതി വേഗത്തിലാക്കാൻ ഈ നടപടി സഹായകരമാകും.
സർവേ നടപടികൾ പൂർത്തിയായി സ്ഥലലഭ്യത ഉറപ്പുവരുത്തിയാൽ സാങ്കേതിക അനുമതി ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിക്കുമെന്ന് കിഫ്ബി അധികൃതർ യോഗത്തിൽ അറിയിച്ചു.
പകൽസമയങ്ങളിലെ ഗതാഗതകുരുക്ക് മൂലം റോഡ് നിർമാണം മെല്ലെപോകുന്ന ചാലക്കുടി-ആനമല അന്തർ സംസ്ഥാന പാതയിൽ രാത്രിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ നിർമാണം നടത്താൻ കിഫ്ബി ഉദ്യോഗസ്ഥർക്ക് യോഗം നിർദേശം നൽകി. ഓൺലൈൻ സേവനം ആരംഭിക്കുംമുമ്പ് ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട് ലഭിച്ച അപേക്ഷകൾ ഒക്ടോബർ മാസം പൂർത്തിയാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും തുടർന്ന് ഓൺലൈൻ അപേക്ഷകളിൻമേലുള്ള നടപടികൾ ആരംഭിക്കുമെന്നും കലക്ടർ ഹരിത വി. കുമാർ യോഗത്തിൽ അറിയിച്ചു. നീഷ് കുമാർ ജോസഫ് എം.എൽ.എ അധ്യക്ഷത വഹിച്ചു. കലക്ടർ ഹരിത വി. കുമാർ, ഇരിങ്ങാലക്കുട ആർ.ഡി.ഒ എച്ച്. ഹരീഷ്, കിഫ്ബി എക്സിക്യൂട്ടിവ് എൻജിനീയർ ബിന്ദു പരമേശ്, സർവേ ഡെപ്യൂട്ടി ഡയറക്ടർ പി.കെ. ഷാലി, വാഴച്ചാൽ ഡി.എഫ്.ഒ ആർ. ലക്ഷ്മി, ഹെഡ് സർവേയർ കെ. വിജയ, ട്രൈബൽ വാലി നോഡൽ ഓഫിസർ എസ്.എസ്. ശാലുമോൻ, ഡെപ്യൂട്ടി തഹസിൽദാർ എം. ശ്രീനിവാസ്, ദേശീയപാത അതോറിറ്റി സൈറ്റ് എൻജിനീയർ അശ്വിൻ പി. വിജയൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.