പീച്ചി ഡാം മാനേജ്മെന്റിന്റെ വീഴ്ച തുറന്നുകാട്ടി സബ് കലക്ടറുടെ റിപ്പോർട്ട്; ഷട്ടറുകൾ അനിയന്ത്രിതമായി തുറന്ന് ‘പ്രളയം’ സൃഷ്ടിച്ചു
text_fieldsതൃശൂർ: ജൂലൈയിൽ പീച്ചി ഡാം ഷട്ടറുകൾ തുറന്നതിൽ ഉണ്ടായ ഗുരുതര വീഴ്ചയാണ് പ്രളയ സമാന സാഹചര്യം സൃഷ്ടിച്ചതെന്ന് ചൂണ്ടിക്കാട്ടി സബ് കലക്ടറുടെ റിപ്പോർട്ട്. ഷട്ടറുകൾ വിവേചനരഹിതമായി തുറന്നതിനെക്കുറിച്ച് ആക്ഷേപങ്ങൾ ഉയർന്ന സാഹചര്യത്തിൽ കലക്ടർ അർജുൻ പാണ്ഡ്യനാണ് സബ് കലക്ടറെ അന്വേഷണത്തിന് നിയോഗിച്ചത്.
ഡാം അനിയന്ത്രിതമായി തുറന്നതുമൂലം പുഴയോരങ്ങളിൽ ഉൾപ്പെടെ വെള്ളം വൻതോതിൽ ഉയരുകയും നാശനഷ്ടം നേരിടുകയും ചെയ്തതിന് പ്രതിപക്ഷ കക്ഷികൾക്ക് പുറമെ വ്യാപാരി സമൂഹവും ആക്ഷേപം ഉയർത്തിയിരുന്നു. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി ജെ. കോടങ്കണ്ടത്ത് വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷയിലാണ് പീച്ചി ഡാം മാനേജ്മെന്റിലെ വീഴ്ച വിവരിക്കുന്ന സബ് കലക്ടറുടെ റിപ്പോർട്ട് പുറത്തുവന്നത്.
റൂൾ കർവ് പ്രകാരം വെള്ളത്തിന്റെ അളവ് ക്രമീകരിക്കുന്നതിൽ ഗുരുതര വീഴ്ച ഉണ്ടായതാണ് പ്രളയ സമാനമായ സാഹചര്യം സൃഷ്ടിച്ചതെന്നാണ് സബ് കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നത്. പീച്ചി ഡാമിൽ ജൂലൈ 26ന് വെള്ളത്തിന്റെ അളവ് 77.43 മീറ്ററും റൂൾ കർവ് പ്രകാരം 76.26 മീറ്ററുമാണ് വേണ്ടിയിരുന്നത്. 27ന് ഇത് യഥാക്രമം 77.68 മീറ്റർ, 76.35 മീറ്റർ, 28ന് 77.82 മീറ്റർ, 76.44 മീറ്റർ, 29ന് 78.18 മീറ്ററർ, 76.53 ആയിരുന്നു. 26ലെ റൂൾ കർവ് പ്രകാരം ഡാമിലെ വെള്ളം നിയന്ത്രിക്കാൻ ഷട്ടറുകൾ തുറന്നിരുന്നെങ്കിൽ പിന്നീട് കുറഞ്ഞ സമയത്തിനകം 25 ഇഞ്ചും പിന്നാലെ 72 ഇഞ്ചും തുറന്ന സാഹചര്യം ഒഴിവാക്കമായിരുന്നുവെന്ന് സബ് കലക്ടർ പറയുന്നു.
26ന് വൈദ്യുതി ഉൽപാദിപ്പിക്കാൻ കെ.എസ്.ഇ.ബിക്ക് വെള്ളം തുറന്ന് കൊടുത്തെങ്കിലും ജനറേറ്ററുകൾ കേടായതിനാൽ വൈദ്യുതി ഉൽപ്പാദിപ്പിച്ചില്ല. ഇക്കാര്യം കെ.എസ്.ഇ.ബിയോ ഇറിഗേഷൻ വകുപ്പോ കലക്ടറെ അറിയിച്ചില്ല. ഇത് കെ.എസ്.ഇ.ബിയുടെ ഭാഗത്തുനിന്ന് ഉണ്ടായ ഗുരുതര വീഴ്ചയാണ്.
ജില്ലയിലെ മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ട് മേയ് ആറിന് കലക്ടറുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഡാമുകളുടെ റൂൾ കർവ് കൃത്യമായി പാലിക്കാനും അണക്കെട്ടുകൾ തുറക്കേണ്ട സാഹചര്യം ഉണ്ടായാൽ 36 മണിക്കൂറിന് മുമ്പ് വിവരം ജില്ല ദുരന്തനിവാരണ അതോറിറ്റിയെയും ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളെയും അറിയിക്കാനും നിർദേശിച്ചിരുന്നു. ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതി ലഭിച്ചശേഷം മാത്രമേ അണക്കെട്ടുകൾ തുറക്കാവൂ എന്നും ഇറിഗേഷൻ ഉദ്യോഗസ്ഥർ കൂടി പങ്കെടുത്ത യോഗത്തിൽ പറഞ്ഞിരുന്നു. ഈ നിർദേശമാണ് ജൂലൈ 26ന് ലംഘിച്ചത്.
എന്നാൽ, റൂൾ കർവ് പ്രകാരം പീച്ചി ഡാമിലെ വെള്ളം നിയന്ത്രിക്കാനുള്ള നിർദേശം പീച്ചി ഡാം അധികാരികൾക്ക് ലഭിച്ചിട്ടില്ലെന്നാണ് ഡാം മാനേജ്മെന്റിന്റെ വാദം. അതേസമയം, ഇറിഗേഷൻ എക്സിക്യൂട്ടിവ് എൻജിനീയർ ജൂലൈ 26, 28 തീയതികളിൽ കലക്ടർക്ക് കൊടുത്ത കത്തിൽ റൂൾ കർവ് പ്രകാരം വെള്ളം നിയന്ത്രിക്കേണ്ടതിനെക്കുറിച്ചും കനത്ത മഴയിൽ പീച്ചിയിൽ ശക്തമായ നീരൊഴുക്ക് ഉണ്ടാകുന്നതിനെക്കുറിച്ചും അറിയിച്ചിരുന്നു. എന്നാൽ, 29ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുമ്പ് ഒരിക്കലും റൂൾ കർവ് പ്രകാരം വെള്ളത്തിന്റെ അളവ് നിയന്ത്രിക്കാൻ ഡാമിലെ ജലനിരപ്പ് കുറക്കാനുള്ള ശിപാർശ ജലസേചന വകുപ്പ് കലക്ടർക്ക് നൽകിയില്ല. ഷട്ടറുകൾ ആറ് ഇഞ്ച് ഉയർത്താൻ 29ന് ജലസേചന ഉദ്യോഗസ്ഥർ കലക്ടർക്ക് അപേക്ഷ നൽകി. പിന്നാലെ 25 ഇഞ്ച് ഉയർത്താനും അപേക്ഷ നൽകി.
കലക്ടർ 12 ഇഞ്ച് തുറക്കാനാണ് അനുമതി നൽകിയത്. രാത്രി 25 ഇഞ്ച് തുറക്കാൻ അനുമതി നൽകി. കലക്ടറുടെ അനുമതിയില്ലാതെയാണ് പിന്നീട് 72 ഇഞ്ച് ആയി ഷട്ടറുകൾ ഉയർത്തിയള്ളതെന്ന് സബ് കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
പീച്ചി ഇറിഗേഷൻ ഡിവിഷനിൽ അസി. എക്സി. എൻജിനീയറുടെയും ജില്ലയിൽ അസി. എൻജിനീയറുടെയം പദവികൾ ഒഴിഞ്ഞ് കിടക്കുന്നതും നിലവിൽ പീച്ചി ഡാം തുറക്കുമ്പോൾ നൽകുന്ന മുന്നറിയിപ്പുകളുടെ അപര്യാപ്തതയും സബ് കലക്ടറുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.