സിൽവർലൈൻ പദ്ധതി: വികസനത്തിൽ വലിയ പങ്കുവഹിക്കുമെന്ന് മന്ത്രിമാർ
text_fieldsതൃശൂർ: കെ-റെയിൽ സിൽവർലൈൻ പദ്ധതി ജില്ലയുടെ വികസനത്തിൽ വലിയ പങ്ക് വഹിക്കുമെന്ന് മന്ത്രിമാർ. അതിവേഗ റെയിൽ പാത സംബന്ധിച്ച ആശങ്ക അകറ്റാനായി നടത്തിയ ജനസമക്ഷം പരിപാടിയിൽ ജില്ലയിലെ മൂന്ന് മന്ത്രിമാരും സംബന്ധിച്ചു. മറ്റ് സംസ്ഥാനങ്ങളിലേത് പോലെ നമ്മുടെ നാടിന്റെ ഭൗതിക രംഗത്തും വലിയ മുന്നേറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന പദ്ധതിയാണിതെന്ന് മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, കെ. രാജൻ, ആർ. ബിന്ദു എന്നിവർ അവകാശപ്പെട്ടു.
മുരളി പെരുനെല്ലി എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ്, അംഗങ്ങളായ വി.എസ്. പ്രിൻസ്, എ.വി. വല്ലഭൻ, സി.പി.എം ജില്ല സെക്രട്ടറി എം.എം. വർഗീസ്, സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. വത്സരാജ് തുടങ്ങിയവർ സംബന്ധിച്ചു. അതേസമയം, ഭൂമി നഷ്ടപ്പെടുന്നവരെയും പദ്ധതിക്ക് എതിരെ പ്രതിഷേധിക്കുന്നവരെയും ക്ഷണിക്കാത്തത് പരിപാടിയുടെ മാറ്റുകുറച്ചു.
'വിവാദ വ്യവസായ'ത്തേക്കാൾ മുൻഗണന വികസന വിപ്ലവത്തിന് -മന്ത്രി കെ. രാജൻ
തൃശൂർ: വിവാദത്തിന്റെ വ്യവസായത്തെക്കാൾ വികസനത്തിന്റെ വിപ്ലവത്തിനാണ് സർക്കാർ മുൻഗണന നൽകുന്നതെന്ന് റവന്യൂ മന്ത്രി കെ. രാജൻ. തൃശൂർ ടൗൺ ഹാളിൽ ജനസമക്ഷം കെ റെയിൽ സിൽവർലൈൻ പദ്ധതി വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് തന്നെയാകും കെ റെയിൽ സിൽവർലൈൻ അർധ അതിവേഗ പദ്ധതി സർക്കാർ നടപ്പാക്കുക. യുദ്ധം പ്രഖ്യാപിച്ചു കൊണ്ടാകില്ല, മറിച്ചു 2013ലെ ഭൂമി ഏറ്റെടുക്കൽ, പുനരധിവാസം, പുനരധിവാസ നിയമം അനുസരിച്ചാകും ഭൂമിയേറ്റെടുക്കുക. പദ്ധതിക്കായി അനുവാദമില്ലാതെ വ്യക്തികളുടെ ഭൂമിയിൽ കല്ലിടൽ നടക്കുന്നത് എന്നത് തെറ്റായ പ്രചാരണമാണ്.
ഭൂമിയേറ്റെടുക്കുന്നതിന് മുമ്പ് പദ്ധതിക്കാവശ്യമായ ഭൂമി എത്രെയെന്ന് അതിർത്തി അടയാളപ്പെടുത്തി മനസ്സിലാക്കുകയും പദ്ധതിയുടെ സാമൂഹിക ആഘാത പഠനം നടത്തുകയും വേണം. ഇതിന്റെ അടിസ്ഥാനത്തിൽ 2013ലെ ആക്ട് അനുസരിച്ചാണ് 6 (1) കല്ലിടുന്നത്.
വൈദ്യുതി യൂനിറ്റിന് ആറുരൂപ നിരക്കിൽ കെ റെയിൽ പ്രവർത്തിക്കാൻ കിലോമീറ്ററിൽ ടിക്കറ്റ് നിരക്ക് 2.75 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. സിയാലിന് സമാനം കെ റെയിലിന്റെ വിവിധ സ്ഥലങ്ങളിൽ സൗരോർജ സംവിധാനം ഏർപ്പെടുത്തി സൗരോർജം ഉപയോഗപ്പെടുത്താനായാൽ ടിക്കറ്റ് നിരക്ക് ഇനിയും കുറച്ചുകൊണ്ടുവരാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ഭാവി കേരളം എങ്ങനെയാണ് മാറേണ്ടത് എന്ന ഈ സർക്കാറിന്റെ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ വിഭാവനം ചെയ്ത പദ്ധതിയാണിത്. കേരളത്തിന്റെ ഒരറ്റത്തുനിന്നും മറ്റേ അറ്റത്തേക്കുള്ള 530 കിലോമീറ്റർ ദൂരം വളരെ വേഗത്തിൽ നാല് മണിക്കൂറിനുള്ളിൽ എത്താൻ കഴിയുന്ന പരിസ്ഥിതി സൗഹൃദമായ ഗതാഗത മാർഗമാണ് ഇതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട് കൃത്യമായ പരിസ്ഥിതി, സാമൂഹ്യാഘാത പഠനം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. മന്ത്രി ഡോ. ആർ. ബിന്ദു സംസാരിച്ചു. സിൽവർലൈൻ പദ്ധതിയുടെ വിശദ അവതരണവും സദസ്സിൽനിന്ന് ഉയർന്ന ചോദ്യങ്ങൾക്ക് കെ റെയിൽ എം.ഡി വി. അജിത്കുമാർ മറുപടി പറഞ്ഞു. ഡയറക്ടർ പി. ജയകുമാർ സ്വാഗതവും കമ്പനി സെക്രട്ടറി ജി. അനിൽകുമാർ നന്ദിയും പറഞ്ഞു.
ജനസമക്ഷ'ത്തിന് കനത്ത സുരക്ഷ
തൃശൂർ: കെ-റെയിൽ സിൽവർ ലൈൻ സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാൻ വിളിച്ചുചേർത്ത 'ജനസമക്ഷം' വിശദീകരണ യോഗം നടന്നത് കനത്ത സുരക്ഷയിൽ. പരിപാടി നടന്ന ടൗൺഹാൾ പൂർണമായും സി.സി.ടി.വി നിരീക്ഷണത്തിലായിരുന്നു. പദ്ധതിക്കെതിരെ വ്യാപക പ്രതിഷേധം നിലനിൽക്കുമ്പോഴും ടൗൺഹാളിൽ ആശങ്കയുടെ സ്വരം ഉയർന്നില്ല.
നഗരത്തിൽ അടക്കം വിവിധ ഭാഗങ്ങളിൽ രാവിലെതന്നെ പൊലീസ് കാവലുണ്ടായിരുന്നു. ടൗൺഹാളിന് മുന്നിലെ പാതകളിലും വടക്കെ സ്റ്റാൻഡ് മുതൽ ടൗൺഹാൾ വരെയുള്ള ഉൾ പാതകളുമടക്കം പൊലീസ് സാന്നിധ്യമുണ്ടായിരുന്നു. പ്രതിഷേധക്കാർ എത്തിയാൽ നേരിടാൻ ജലപീരങ്കി ഒരുക്കിയിരുന്നു. തൃശൂർ എ.സി.പി വി.കെ. രാജുവിന്റെ നേതൃത്വത്തിൽ അമ്പതിലധികം പൊലീസുകാരാണ് ടൗൺഹാളിലും പരിസരത്തുമായി നിലയുറപ്പിച്ചത്. ബോംബ്, ഡോഗ് സ്ക്വാഡും സ്വകാര്യ സുരക്ഷ ഏജൻസിയും തയാറായി നിന്നു.
യോഗത്തിന് എത്തിയവരുടെ പേരും വിവരവും ശേഖരിച്ചാണ് ടൗൺഹാളിൽ പ്രവേശിപ്പിച്ചത്. സദസ്സിലും ടൗൺഹാൾ പരിസരത്തും മഫ്തി പൊലീസിനെ വിന്യസിച്ചിരുന്നു. നേരത്തേ വിവിധ ജില്ലകളിൽ നടന്ന ജനസമക്ഷം പരിപാടിയിൽ ഇത്രമേൽ സുരക്ഷ ഒരുക്കിയിരുന്നില്ല. മാത്രമല്ല വിവിധ കോണുകളിൽനിന്നും വ്യത്യസ്ത അഭിപ്രായങ്ങളും ഉയർന്നുവന്നു. ജനം അവരുടെ ആശങ്ക പ്രകടിപ്പിക്കുയും കൃത്യമായ പ്രതികരണം ലഭിക്കുയും ചെയ്തിരുന്നു. അധ്യക്ഷനും ഉദ്ഘാടകനും ആശംസ പറഞ്ഞ മന്ത്രിയും അടക്കം ആശങ്ക പരത്തുന്നതിനെതിരെ വാചാലരാവുകുയും ചെയ്തു.
ടി.എസ്. പട്ടാഭിരാമൻ (ചേംബർ ഓഫ് കോമേഴ്സ്)
കെ-റെയിൽ പദ്ധതിയെ വ്യാപാരി വ്യാവസായികൾ സ്വാഗതം ചെയ്യുന്നതായി ചേംബര് ഓഫ് കോമേഴ്സ് പ്രസിഡന്റ് ടി.എസ്. പട്ടാഭിരമാൻ. ചരക്കുനീക്കത്തിനും ഗതാഗതത്തിനും ഏറെ അനുഗുണമാണിത്. വാഹന പെരുപ്പം കാരണം കേരളത്തിൽ യാത്രചെയ്യുക ഏറെ ബുദ്ധിമുട്ടാണ്. ജനസമക്ഷം പരിപാടിയോടെ പദ്ധതി സംബന്ധിച്ച ആശങ്കകൾ അകന്നതായും അദ്ദേഹം പറഞ്ഞു.
അഡ്വ. കെ.ബി. മോഹൻ ദാസ് (ഗുരുവായൂർ ദേവസ്വം ചെയർമാൻ)
തീർഥാടന-ആയുർവേദ ടൂറിസത്തിനും പദ്ധതി ഏറെ ഗുണകരമാകും. ഗുരുവായൂർ പോലുള്ള സ്ഥലങ്ങളിലേക്ക് കൂടുതൽ പേർക്ക് എത്താൻ ഇതിലൂടെ സാധിക്കും. പ്രതിമാസം ക്ഷേത്രദർശനത്തിന് എത്താൻ യാത്ര പ്രശ്നം മൂലം കഴിയാതെ പോകുന്നുണ്ട്. അത്തരക്കാർക്ക് ആശ്വാസകരമാണിത്.
കെ. നന്ദകുമാർ (കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ്)
തീർഥാടന ടൂറിസത്തിന് ഏറെ പ്രയോജനകരമാണിത്. പദ്ധതി നിർവഹണത്തിന് ആവശ്യമായ ഫണ്ട് കണ്ടെത്താൻ വിദേശ ബാങ്കുകളെ മാത്രം ആശ്രയിക്കാതെ ഇന്ത്യൻ ബാങ്കുകളെ സമീപിക്കുന്നത് ഉചിതമാകും. മാത്രമല്ല കേരളത്തിലെ നിക്ഷേപകരെ കൂടി ഉൾകൊള്ളാനാവണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.