ആകാശ നടത്തം മാർച്ചോടെ
text_fieldsതൃശൂര്‍: ശക്തന് നഗറിലെ ആകാശപ്പാത മാർച്ചിൽ തുറക്കാനാവുമെന്ന് അധികൃതർ. പാതയിലേക്ക് കയറാനുള്ള നാലു ഗോവണികളിൽ ഒന്നിന്റെ പണി പൂർത്തിയായി. ശക്തൻ മൈതാനയിൽ തുടങ്ങിയ ഗോവണിയുടെ പണിയാണ് കഴിഞ്ഞത്. ടെമ്പോ സ്റ്റാൻഡിനും മീൻ മാർക്കറ്റിനും ബസ് സ്റ്റാൻഡിനും സമീപം ഗോവണികൾ ഒരുക്കുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്. ഇത് ഫെബ്രുവരി അവസാനത്തോടെ അവസാനിക്കുമെന്നാണ് പ്രതീക്ഷ.
നാലു മേഖലകളിലായി ലിഫ്റ്റ് സ്ഥാപിക്കുന്ന പ്രവർത്തനവും പുരോഗമിക്കുകയാണ്. മേൽപാലം ഉറപ്പിച്ചതിന് പിന്നാലെ അതിനുള്ളിൽ പ്ലാറ്റ്ഫോം ഉറപ്പിച്ചുകഴിഞ്ഞു. വശങ്ങളിൽ സുരക്ഷിത ഭിത്തികൾ തീർക്കുന്ന ജോലിയും അവസാനിച്ചിട്ടുണ്ട്. അനുബന്ധ റോഡുകളിൽ ആകാശപ്പാതക്ക് ചുറ്റും ഇരുമ്പ് ബാരിക്കേഡും തീർത്തിട്ടുണ്ട്.
280 മീറ്റർ ചുറ്റളവിൽ 89 മീറ്റർ വ്യാസത്തിൽ മൂന്നു മീറ്റർ വീതിയിൽ ആറുമീറ്റർ ഉയരത്തിലാണ് ആകാശപ്പാത ഒരുക്കുന്നത്. 16 കോൺക്രീറ്റ് തൂണുകളിലാണ് പാത സ്ഥാപിക്കുന്നത്.
കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, ശക്തൻ ബസ് സ്റ്റാൻഡ്, വെളിയന്നൂർ ജങ്ഷൻ, ശക്തൻ പച്ചക്കറി മാർക്കറ്റ്, മത്സ്യ മാർക്കറ്റ്, പാലക്കാട് റോഡ്, എറണാകുളം റോഡ് അടക്കം എട്ട് സ്ഥലങ്ങളിൽ യാത്രക്കാർക്ക് കയറുവാനും ഇറങ്ങുവാനും സൗകര്യം ഒരുക്കും. 350 ടൺ ഉരുക്കാണ് ഇതിനായി ഉപയോഗിക്കുന്നത്. മൂന്നര ലക്ഷം കിലോയാണ് ഇതിന്റെ മൊത്തം ഭാരം. മുകളിലെത്തിയാല്‍ മൂന്നു മീറ്റര്‍ വീതിയുള്ള പാലത്തിലൂടെ ഇരുഭാഗത്തേക്കും സഞ്ചരിച്ച് ആവശ്യമുള്ളിടത്ത് ഇറങ്ങാം.
ലിഫ്റ്റിന് പുറമെ എസ്കലേറ്റര്‍ സ്ഥാപിക്കുന്നതും ആലോചനയിലുണ്ട്. ഈ സാമ്പത്തിക വർഷത്തിൽ പണി പൂർത്തീകരിച്ച് ഉദ്ഘാടനം നടത്താനാണ് കോർപറേഷൻ അധികൃതരുടെ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.