ഫ്ലക്സിലെ പടം എം.എൽ.എയുടേതിനേക്കാൾ ചെറുതായി; വിജയികളെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുക്കാതെ തൃശൂർ മേയർ മടങ്ങി
text_fieldsതൃശൂർ: ഫ്ലക്സിലെ പടം എം.എൽ.എയുടേതിനേക്കാൾ ചെറുതായതിൽ പ്രതിഷേധിച്ച് വേദിയിൽ കയറാതെ സംഘാടകരോട് രോഷം പ്രകടിപ്പിച്ച് മേയർ മടങ്ങി. വിവരമറിഞ്ഞ എം.എൽ.എയും പരിപാടിയിൽ പങ്കെടുത്തില്ല. പൂങ്കുന്നം ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഉന്നത വിജയം നേടിയവർക്ക് സംഘടിപ്പിച്ച സ്വീകരണ -ഉപഹാര സമർപ്പണ പരിപാടിയായ വിജയദിനാചരണത്തിലാണ് മേയറുടെ രോഷപ്രകടനം.
രാവിലെ പത്തരക്കായിരുന്നു പരിപാടി തീരുമാനിച്ചിരുന്നത്. പത്തേമുക്കാലോടെ സ്ഥലത്തെത്തിയ മേയർ സ്കൂളിലെ ആദ്യ ഹാളിന് സമീപം സ്ഥാപിച്ച ഫ്ലക്സ് കണ്ടതോടെയാണ് രോഷത്തിലായത്. ഉദ്ഘാടകനായ പി. ബാലചന്ദ്രൻ എം.എൽ.എയുടെ ചിത്രം വലുതാക്കിയും അധ്യക്ഷൻ മേയർ എം.കെ. വർഗീസിെൻറയും മുഖ്യാതിഥി കോർപറേഷൻ സ്ഥിരം സമിതി ചെയർമാൻ എൻ.എ. ഗോപകുമാറിെൻറയും ചിത്രങ്ങൾ ചെറുതാക്കിയുമാണ് ഉൾപ്പെടുത്തിയിരുന്നത്.
ഫ്ലക്സ് കണ്ട മേയർ, പ്രോട്ടോകോൾ പ്രകാരം താനാണ് എം.എൽ.എയേക്കാൾ മുകളിലെന്നും തെൻറ അധികാരത്തെക്കുറിച്ച് അറിയില്ലേയെന്നും സംഘാടകരായ സ്കൂളിലെ അധ്യാപകരോട് ചോദിച്ചു. ഇടത് അധ്യാപക സംഘടന നേതാക്കളാണ് സ്കൂളിലെ ഹയർസെക്കൻഡറിയിലെയും ഹൈസ്കൂളിലെയും പ്രധാനാധ്യാപകർ. ആദ്യം തമാശയാണെന്ന് ധരിച്ച അധ്യാപകർക്ക് പിന്നീടാണ് കാര്യമാണെന്ന് ബോധ്യപ്പെട്ടത്. സംഘാടകരെ രൂക്ഷമായി വിമർശിച്ച മേയർ പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങി.
ഇതിനിടെ, സ്ഥലത്തേക്ക് പുറപ്പെട്ട പി. ബാലചന്ദ്രൻ എം.എൽ.എക്ക് വഴിയിൽനിന്നുതന്നെ വിവരങ്ങൾ ലഭിച്ചതോടെ സ്കൂളിലേക്ക് എത്തിയില്ല. ഇതോടെ മുഖ്യാതിഥി എൻ.എ. ഗോപകുമാർ ഉദ്ഘാടകനും ഡിവിഷൻ കൗൺസിലർ എ.കെ. സുരേഷ് അധ്യക്ഷനുമായി പരിപാടി നടത്തി. അധ്യാപകരെയും രക്ഷിതാക്കളെയും കുട്ടികളെയും മേയർ അപമാനിച്ചുവെന്ന് സുരേഷ് കുറ്റപ്പെടുത്തി. കൗൺസിലിൽ ഇക്കാര്യത്തിൽ മേയറുടെ മറുപടി തേടുമെന്നും സുരേഷ് പരിപാടി വേദിയിൽ അറിയിച്ചു.
ഒന്നിലധികം കേന്ദ്രങ്ങളിൽ പരിപാടിയുടെ ഫ്ലക്സ് സ്ഥാപിച്ചിരുന്നു. പരിപാടി നടക്കുന്ന വേദിയിലെ ഫ്ലക്സിലാവട്ടെ എല്ലാ പടങ്ങളും തുല്യ വലുപ്പത്തിലാണ് ഉൾപ്പെടുത്തിയിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.