സോഫ്റ്റ്വെയർ സജ്ജമായില്ല: ലക്ഷത്തിൽ താഴെയുള്ള ഇടപാടുകൾക്ക് ഇ-സ്റ്റാമ്പിങ് വൈകിയേക്കും
text_fieldsആധാരത്തിൽ വിരലടയാളവും ഫോട്ടോയും ഡിജിറ്റലായി നൽകുന്നതാണ് ഇ-സ്റ്റാമ്പിങ്
തൃശൂർ: ഏപ്രിൽ ഒന്നിന് തുടങ്ങുമെന്ന് പ്രഖ്യാപിച്ച രജിസ്ട്രേഷൻ വകുപ്പിലെ സമ്പൂർണ ഇ-സ്റ്റാമ്പിങ് ഇനിയും വൈകിയേക്കും. ഇതുവരെ ജില്ല ഓഫിസുകളിൽ സോഫ്റ്റ്വെയർ സജ്ജമാകാത്തതാണ് കാരണം. രജിസ്ട്രേഷൻ വകുപ്പിന്റെ 'പേൾ ഡിജിറ്റൽ' സംവിധാനവും ട്രഷറി വകുപ്പിന്റെ ഇ-ട്രഷറി സംവിധാനവും നാഷനൽ ഇ-ഗവേണൻസ് സർവിസസിന്റെ ഡിജിറ്റൽ സംവിധാനവുമായി സംയോജിപ്പിക്കേണ്ടതുണ്ട്. ഇതിന്റെ നടപടികൾ തുടങ്ങുന്നതേയുള്ളൂ.
ആദ്യഘട്ടത്തിൽ വാണിജ്യബാങ്കുകൾ, കെ.എസ്.എഫ്.ഇ, കേരള ഫിനാൻഷ്യൽ കോർപറേഷൻ, കെ.എസ്.ഐ.ഡി.സി, കേരള ബാങ്ക് എന്നിവയെയാണ് സംയോജിപ്പിക്കുകയെന്ന് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ, നടപടി ആയിട്ടില്ല.
ആധാരത്തിൽ വിരലടയാളവും ഇടപാടുകാരന്റെ ഫോട്ടോയും ഡിജിറ്റലായി നൽകുന്ന രീതിയാണ് ഇ-സ്റ്റാമ്പിങ്. മഷിയിൽ വിരൽ മുക്കി പതിക്കുന്ന പതിവ് രീതി ഒഴിവാക്കും. മുദ്രപത്രങ്ങൾ ഉപയോഗിച്ചുള്ള രജിസ്ട്രേഷന് തുടർന്നും നടക്കും. എന്നാൽ, ഇതിനുപകരമായി ഇ-സ്റ്റാമ്പിങ് വഴി ആധാരമടക്കം എല്ലാവിധ രജിസ്ട്രേഷൻ ഇടപാടുകളും നടത്താന് കഴിയുമെന്നതാണ് പ്രത്യേകത. വാടക ശീട്ടിനുപോലും ഇ-സ്റ്റാമ്പിങ് സംവിധാനം ഉപയോഗിക്കാം. നിലവിൽ ലക്ഷം രൂപയിൽ താഴെയുള്ള രജിസ്ട്രേഷൻ ഇടപാടുകൾ വെണ്ടർമാർ വഴിയാണ് വിൽക്കുന്നത്. ഇതിന് മുകളിലുള്ളവ ഇ-സ്റ്റാമ്പ് സംവിധാനത്തിൽ തന്നെയാണ് നൽകുന്നത്.
വെണ്ടർമാർ വഴി വിൽക്കുന്ന ലക്ഷം രൂപയിൽ താഴെയുള്ള ഇടപാടുകൾ ഇ-സ്റ്റാമ്പിങ്ങിലേക്ക് വരുമ്പോൾ ജോലി പോവുമോ എന്ന് വെണ്ടർമാർ ആശങ്ക പ്രകടിപ്പിച്ചിരുന്നു. രജിസ്ട്രേഷൻ മന്ത്രി വിളിച്ച വെണ്ടർമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ ലക്ഷം രൂപ വരെയുള്ള മുദ്രപത്രങ്ങൾ വെണ്ടർമാർ വഴി ഇ-സ്റ്റാമ്പാക്കാമെന്ന് തീരുമാനിച്ച് വെണ്ടർമാർക്ക് ആവശ്യമായ പരിശീലനവും നൽകി. അതേസമയം, പൂർണമായി ഇ-സ്റ്റാമ്പിങ്ങിലേക്ക് ഉടൻ വരില്ലെന്ന് സ്റ്റാമ്പ് വെണ്ടർമാർക്ക് മന്ത്രി ഉറപ്പുനൽകിയതായി സംഘടന നേതാക്കൾ സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.