രാപകൽ മണ്ണെടുപ്പ്; കോട്ടോൽകുന്ന് അപ്രത്യക്ഷമാകുന്നു
text_fieldsപെരുമ്പിലാവ്: ദേശീയപാത നിർമാണത്തിന്റെ മറവിൽ കോട്ടോൽ കുന്നിടിച്ച് മണ്ണെടുക്കൽ തകൃതി. കടവല്ലൂർ പഞ്ചായത്ത് പ്രദേശമായ കോട്ടോല്‍ കുന്നിലാണ് ദേശിയപാത നിര്‍മാണത്തിനായി രണ്ടിടത്തുനിന്ന് മണ്ണെടുക്കുന്നത്. ഇതോടെ സമീപം പഴക്കം ചെന്ന വീടുകളില്‍ കഴിയുന്ന പട്ടികജാതി കുടുംബങ്ങളുൾപ്പടെയുള്ളവരാ ഭീഷണിയിൽ കഴിയുന്നത്. രാപകൽ ഭേദമന്യെയാണ് നൂറുകണക്കിന് ലോഡ് മണ്ണ് കടത്തുന്നത്.
ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ പ്രകൃതിയാണ് കുന്നിന്റേത്. വലിയ മണ്ണ് മാന്തി യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള മണ്ണെടുപ്പ് വീടുകള്‍ക്ക് കോട്ടം വരുത്തുന്നതായി നാട്ടുകാർക്ക് പരാതിയുണ്ട്. പകലും രാത്രിയുമുള്ള മണ്ണെടുപ്പ് മൂലം വലിയ ശബ്ദവും അനുഭവപ്പെടുന്നു. വീടുകള്‍ക്ക് കുലുക്കം സൃഷ്ടിക്കുന്നതായും പറയുന്നു.
അപകട ഭീഷണിക്കൊപ്പം ലോറികള്‍ പോകുന്നതിന്റെ ശബ്ദവും പൊടിശല്യവും ഏറെയാണ്. ഇവിടെയുള്ള 14 വീടുകളിൽ ഒമ്പത് വീടുകളില്‍ താമസക്കാരുമുണ്ട്. കുന്ന് സംരക്ഷണ സമിതി കളക്ടര്‍ക്കും ജിയോളജി, താലൂക്ക്, പഞ്ചായത്ത് വകുപ്പുകള്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും കുടുംബങ്ങളുടെ അപകട ഭീഷണി പരിശോധിക്കുവാനോ മണ്ണെടുപ്പ് നിര്‍ത്തിവെക്കുന്നതിനോ നടപടികള്‍ സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്.
മാത്രമല്ല, നിരവധി ട്ടോറസ് ലോറികൾ കടന്നുപോയി ഈ മേഖലയിലെ റോഡുകളും തകർന്നിരിക്കുകയാണ്. ഇതിനിടെ പഞ്ചായത്ത് അധികൃതർ മണ്ണെടുപ്പ് നിർത്തിവെപ്പിച്ചിരുന്നെങ്കിലും രണ്ടു ദിവസത്തിന് ശേഷം അത് പുനരാരംഭിച്ചിരുന്നു. ജിയോളജി വകുപ്പിനെ ഉത്തരവോടെയാണ് മണ്ണെടുപ്പ് തുടരുന്നതെങ്കിലും പ്രതികരിക്കാൻ രാഷ്ട്രീയ കക്ഷികൾ ആരും മുന്നോട്ട് വരാത്തതിൽ സമിപ വാസികളിൽ അമർഷമുണ്ട്.
ഇതിനിടയിൽ ട്ടോറസ് ലോറികളിൽ അമിത ഭാരം കയറ്റി പോകുന്നുവെന്ന് ചൂണ്ടി കാട്ടി കോൺഗ്രസിന്റെ നേതൃത്വത്തിൽ മൂന്ന് വാഹനങ്ങൾ വെള്ളിയാഴ്ച തടഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.