ജീവനാണ് പത്മിനിയമ്മക്ക് നൂറാം വയസ്സിലും പാട്ടുകൾ
text_fieldsഅരിമ്പൂർ: പെരിയാറേ..പെരിയാറേ..പർവ്വത നിരയുടെ പനിനീരെ......പാടിപ്പതിഞ്ഞ പാട്ടുകൾ പാടി ജീവിതത്തിന്റെ നല്ല നാളുകളിലേക്ക് സഞ്ചരിക്കുകയാണ് നൂറ് വയസുകാരി പത്മിനിയമ്മ.
എണീറ്റ് നടക്കാൻ പരസഹായം വേണ്ട ഇവർക്ക് പാട്ട് എന്ന് കേട്ടാൽ എണീറ്റിരിക്കണം, പാടണം. അരിമ്പൂർ ഹൈസ്കൂളിന് പുറകുവശത്ത് ചക്കുംകുമരത്ത് പരേതനായ കൃഷ്ണൻകുട്ടി നായരുടെ ഭാര്യയാണ് പത്മിനി.
ഓർമക്കുറവ് ഉണ്ടെങ്കിലും കേട്ടുശീലിച്ച ആദ്യകാല സിനിമാഗാനങ്ങളും, ഭക്തിഗാനങ്ങളും ഇപ്പോളും പത്മിനി അമ്മക്ക് ഹൃദ്യമാണ്. പാട്ടു പാടുമ്പോൾ പ്രായത്തിന്റെ അവശതകൾ ഇവർ മറക്കും. പാടുമ്പോൾ ഇടക്ക് ചില വരികൾ മറക്കും. വീണ്ടും ഓർത്തെടുത്ത് പാടും.
അതുമല്ലെങ്കിൽ മക്കൾ സഹായിക്കും. മക്കളായ തുളസിയും ശശിയും മരുമകൾ ഗിരിജയുമാണ് പത്മിനിയമ്മയുടെ പാട്ടുവഴിയിലെ പ്രധാന പിന്തുണ. പ്രായാധിക്യം മൂലമുള്ള അവശതകളെ മറികടന്ന് ഇന്നും ചുറുചുറുക്കോടെ ഇരിക്കാൻ പത്മിനിയമ്മക്ക് ഊർജം നൽകുന്നതും സംഗീതമാണ്.
പ്രായത്തിന്റെ അവശതകൾ മൂലം പരസഹായത്തോടെ വീൽചെയറിലാണ് വീടിനകത്ത് പത്മിനിയമ്മയുടെ സഞ്ചാരം. രോഗങ്ങൾ ഒന്നും ഇല്ലെന്നുള്ളത് മാത്രമാണ് ആശ്വാസം.
ആദ്യകാലത്ത് അരിമ്പൂരിലെ ഗ്രന്ഥശാലയിൽ നിന്ന് മക്കൾ കൊണ്ടുവന്നു കൊടുക്കുന്ന പുസ്തകങ്ങൾ വായിക്കുന്ന ശീലം പത്മിനിയമ്മക്ക് ഉണ്ടായിരുന്നു. ഇപ്പോളും പുസ്തകങ്ങൾ കിട്ടിയാൽ വായിക്കാൻ പത്മിനിയമ്മ തയാറാണ്. ആറു ആൺ മക്കളും മൂന്ന് പെൺ മക്കളുമാണ് പത്മിനിയമ്മക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.