കരുവന്നൂർ വിഷയത്തിൽ നാളെ പ്രത്യേക തൃശൂർ ഏരിയ കമ്മിറ്റിയോഗം; ഗൗരവ ചർച്ചക്ക് സി.പി.എം
text_fieldsതൃശൂർ: കരുവന്നൂർ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് നേതാക്കളെ കുരുക്കിലാക്കിയ ഇ.ഡി റിപ്പോർട്ടിന് പിന്നിൽ ഏരിയ കമ്മിറ്റിയംഗമാണെന്ന പരാതിയിൽ വിശദമായ അന്വേഷണത്തിന് സി.പി.എം. ഇക്കഴിഞ്ഞ 14ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗത്തിൽ ഈ പരാതി മുതിർന്ന നേതാവ് തന്നെ സൂചിപ്പിച്ചിരുന്നു.
പാർട്ടിയെ സംസ്ഥാനത്താകെ പ്രതിക്കൂട്ടിലാക്കിയ സംഭവത്തിൽ വിശദമായ ചർച്ചയും അന്വേഷണവും വേണമെന്ന നിലപാട് യോഗത്തിൽ ഗോവിന്ദൻമാഷ് നിർദേശിച്ചിരുന്നു.
പരാതിയിൽ പ്രത്യേക യോഗം വിളിച്ചു ചേർക്കാനും ജില്ല സെക്രട്ടറിയും സംസ്ഥാന കമ്മിറ്റിയംഗങ്ങളും പങ്കെടുത്ത് വിശദമായ ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് വ്യാഴാഴ്ച തൃശൂർ ഏരിയ കമ്മിറ്റി യോഗം വിളിച്ചു ചേർത്തിരിക്കുന്നത്.
തൃശൂർ ഏരിയ കമ്മിറ്റിയംഗവും കോർപ്പറേഷൻ കൗൺസിലറുമായ അനൂപ് ഡേവീസ് കാടയാണ് നേതാക്കളെ കുരുക്കിലാക്കുന്ന മൊഴി നൽകിയിരിക്കുന്നതെന്നും അനൂപ് ഡേവീസ് കാടയുടെ സാമ്പത്തിക ഇടപാടുകൾക്കും ബന്ധങ്ങളിലേക്കും പാർട്ടിയെയും നേതാക്കളെയും ഉപയോഗിക്കുകയായിരുന്നുവെന്നാണ് മറ്റൊരു ഏരിയ കമ്മിറ്റി അംഗവും വ്യാപാരി സംഘടന നേതാവുമായ ബിന്നി ഇമ്മട്ടി പരാതി നൽകിയത്.
വിശദമായ പരാതി നേരത്തെ ഏരിയ കമ്മിറ്റിയിൽ അവതരിപ്പിച്ചുവെങ്കിലും കാര്യമായ ചർച്ചയില്ലാതെ അവഗണിക്കുകയായിരുന്നു. പിന്നാലെയാണ് അനൂപ് ഇ.ഡിക്ക് നൽകിയ മൊഴി വിവരം പുറത്ത് വന്നത്. സതീഷ് കുമാറുമായി എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ എന്നിവർക്ക് ബന്ധമുള്ളതും തൃശൂർ സഹകരണ ബാങ്ക്, അയ്യന്തോൾ സഹകരണ ബാങ്കുകളിൽ ഇടപാടിന് നേതാക്കൾ സഹായിച്ചുവെന്നതടക്കം മൊഴി നൽകിയത്.
എ.സി. മൊയ്തീന്റെ വീട്ടിൽ പരിശോധന നടത്തുകയും മൊയ്തീനെയും കണ്ണനെയും ഇ.ഡി ചോദ്യം ചെയ്യുകയും ചെയ്തുവെങ്കിലും ആദ്യകുറ്റപത്രത്തിൽ ഇവരില്ലാതിരുന്ന ആശ്വാസത്തിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസങ്ങളിലായി ഇ.ഡി നൽകിയ റിപ്പോർട്ടിൽ നേതാക്കൾക്ക് ഇടപാടിൽ നേരിട്ട് ബന്ധമുണ്ടെന്ന് അറിയിച്ചിരുന്നു. ഇതോടെ വിഷയം ചർച്ച ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.
എ.സി. മൊയ്തീനെ ഇടപാടുകളിലേക്ക് അനൂപ് വലിച്ചിഴച്ചുവെന്നും പരാതിയിൽ അറിയിച്ചിരുന്നു. ബിന്നി ഇമ്മട്ടിയോടും ആരോപണ വിധേയനായ അനൂപ് ഡേവീസ് കാടയോടും മാത്രമല്ല, ഏരിയ കമ്മിറ്റിയംഗങ്ങൾക്ക് ആർക്കും യോഗത്തിന് അവധിയില്ലെന്നും ജില്ല കമ്മിറ്റി കർശന നിർദേശം നൽകിയിട്ടുണ്ട്. അനൂപ് ഡേവീസ് കാടക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്. കോർപ്പറേഷൻ ഭരണത്തിലടക്കം അനൂപിലൂടെ വൻ ഇടപെടലുണ്ടായിട്ടുണ്ടെന്ന് ആക്ഷേപമുണ്ട്.
അതേസമയം, ഇ.ഡി അറസ്റ്റിലായി റിമാൻഡിൽ കഴിയുന്ന വടക്കാഞ്ചേരി നഗരസഭാ കൗൺസിലർ പി.ആർ. അരവിന്ദാക്ഷന്റെയും കേസിലെ മുഖ്യസാക്ഷി ജിജോറിന്റെയും മൊഴിയിലും സതീഷ് കുമാറുമായി എ.സി. മൊയ്തീനും എം.കെ. കണ്ണനും വ്യാപാരി സംഘടന നേതാവ് ബിന്നി ഇമ്മട്ടിക്കും ബന്ധമുണ്ടെന്ന് പറഞ്ഞിരുന്നു. ഗുരുതര ആരോപണങ്ങളുയർന്നിട്ടും അച്ചടക്കനടപടിയില്ലാത്തതിൽ നേതാക്കളിലും പ്രവർത്തകരിലും കടുത്ത അമർഷവുമുണ്ട്.
ഇ.ഡി കള്ളകഥകൾ രചിക്കുന്നു -സി.പി.എം
തൃശൂർ: ക്രിമിനലുകളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും കേന്ദ്ര ഏജൻസിയായ ഇഡി കള്ളകഥകൾ ചമക്കുകയാണെന്ന് സി.പി.എം. കരുവന്നൂർ സഹകരണ ബാങ്ക് സംഭവവുമായി യാതൊരു തരത്തിലും ബന്ധമില്ലാത്ത പാർട്ടി നേതാക്കളെ രാഷ്ട്രീയ ലക്ഷ്യത്തോടെ വേട്ടയാടുന്നതിനാണ് ക്രിമിനലുകളുടെ മൊഴി വലിയ സംഭവമാണെന്ന മട്ടിൽ അവതരിപ്പിക്കുന്നത്.
തട്ടിപ്പുകേസുകളിൽ ഉൾപ്പെടെ നേരത്തെ പ്രതിയായിട്ടുള്ള ആളാണ് ജിജോർ. കരുവന്നൂർ കേസിൽ നേരത്തെ കുറ്റാരോപിതനുമാണ്. ഇയാളെ ഉൾപ്പെടെ വരുതിയിലാക്കി തങ്ങളുടെ മേലാളന്മാരുടെ രാഷ്ട്രീയ താൽപ്പര്യത്തിന് വേണ്ടി കള്ളക്കഥകൾ രചിക്കുകയാണ്. സി.പി.എം വിരോധം എന്ന ഒരൊറ്റ അജണ്ട മാത്രം വെച്ച് കേന്ദ്ര ഏജൻസികളുടെ ദുരുപദിഷ്ഠിതമായ നീക്കങ്ങളെ പിന്തുണക്കുന്നത് ജനാധിപത്യ പ്രസ്ഥാനങ്ങൾക്ക് ആത്മഹത്യാപരമായിരിക്കും.
കൊടുങ്ങല്ലൂരിലെ കള്ളനോട്ടടിയും കൊടകരയിലെ കുഴൽപ്പണവും സംബന്ധിച്ച് യാതൊരു അന്വേഷണവും നടത്താൻ ഇ.ഡി ഇതുവരെ തയാറായിട്ടില്ല.
കേന്ദ്ര ഭരണ കക്ഷിയിലെ നേതാക്കൾ പ്രതികളായതുകൊണ്ട് മാത്രമാണ് കേന്ദ്ര ഏജൻസി ഈ സംഭവങ്ങൾക്ക് നേരെ കണ്ണടച്ചതെന്നും ജില്ല സെക്രട്ടറി എം.എം. വർഗീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.