വാഹനങ്ങളുടെ വേഗത നിയന്ത്രിക്കണം; ചോരപ്പാട് മായാതെ ആളൂര്‍-മാള റോഡ്
text_fieldsആളൂര്‍: കൊടകര-കൃഷ്ണന്‍കോട്ട സംസ്ഥാനപാതയിലെ ആളൂര്‍ റെയില്‍വേ മേല്‍പാലത്തിന് സമീപം അപകടം തുടർക്കഥ. റോഡിലെ അശാസ്ത്രീയമായ വളവുകളും വാഹനങ്ങളുടെ അമിതവേഗവുമാണ് ഇവിടെ അപകടങ്ങള്‍ സൃഷ്ടിക്കുന്നത്.
മണ്ണുത്തി-അങ്കമാലി ദേശീയപാതയെയും തീരദേശ ഹൈവേയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് കൊടകര-കൃഷ്ണന്‍കോട്ട റോഡ്. പോട്ട-മൂന്നുപീടിക സംസ്ഥാനപാതയേയും ഈ റോഡ് ബന്ധിപ്പിക്കുന്നുണ്ട്. മെക്കാഡം ടാറിങ് നടത്തി റോഡ് വികസിപ്പിച്ച സമയത്ത് ആളൂര്‍ മേല്‍പാലത്തിന് സമീപത്തെ വളവുകള്‍ ഇല്ലാതാക്കാനുള്ള നടപടി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകാത്തതാണ് അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.
അഞ്ചുമാസം മുമ്പ് ഇവിടെ കെ.എസ്.ആര്.ടി.സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് വിദ്യാര്‍ഥിനി മരിച്ചിരുന്നു. ഇതേ സഥലത്ത് തന്നെയാണ് തിങ്കളാഴ്ച രാത്രി സിമന്റ് കയറ്റിവന്ന ട്രെയിലര്‍ ലോറി നിയന്ത്രണംവിട്ട് സ്കൂട്ടറിന് മുകളിലേക്ക് മറിഞ്ഞ് സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യമുണ്ടായത്. ആളൂര്‍ റെയില്‍ മേല്‍പാലം കഴിഞ്ഞുവരുന്ന ഭാഗത്ത് നേരത്തെ വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനായി ഹമ്പ് സ്ഥാപിച്ചിരുന്നു. ദേശീയപാതയില്‍ ഹമ്പ് പാടില്ലെന്ന് പറഞ്ഞ് ഇത് നീക്കം ചെയ്ത ശേഷമാണ് തുടരെ തുടരെ അപകടങ്ങള്‍ ഉണ്ടാകുന്നതെന്നാണ് ആക്ഷേപം.
മേൽപാലത്തിന് മുമ്പായുള്ള വളവുകളും അപകടത്തിനു കാരണമാകുന്നുണ്ട്. മേല്‍പാലം കഴിഞ്ഞുള്ള 100 മീറ്റര്‍ ദൂരത്തില്‍ മൂന്നുവളവുകളാണ് ഇവിടെയുള്ളത്. ഹമ്പ് ഇല്ലാത്തതിനാല്‍ വേഗതയില്‍ വരുന്ന വാഹനങ്ങള്‍ പലപ്പോഴും നിയന്ത്രണംവിട്ട് അപകടത്തില്‍ പെടുന്നുണ്ട്. ഈ ഭാഗത്ത് ഇനിയും ജീവനുകള്‍ പൊലിയാതിരിക്കാൻ അടിയന്തരനടപടി അധികൃതര്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
റോഡിലെ അപകടകരമായ വളവുകള്‍ ഇല്ലാതാക്കുകയും മേല്‍പാലം ഇറങ്ങിവരുന്ന ഭാഗത്ത് വാഹനങ്ങളുടെ വേഗത നിയന്ത്രിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്യണമെന്നാണ് ആവശ്യമുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.