മാളയിലെ സ്പോർട്സ് അക്കാദമി സാമൂഹിക വിരുദ്ധ താവളമാകുന്നു
text_fieldsമാള: നിയമക്കുരുക്കിനെ തുടർന്ന് പാതിവഴിയിൽ നിർമാണം സ്തംഭിച്ച മാളയിലെ കെ. കരുണാകരൻ സ്മാരക സ്പോര്‍ട്സ് അക്കാദമി സാമൂഹിക വിരുദ്ധരുടെ താവളമാകുന്നു. ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഷട്ടറിന്റെ പൂട്ടും സ്റ്റേഡിയത്തിനകത്തെ ശുചിമുറി, ഓഫിസ് എന്നിവയുടെ പൂട്ടുകളും തകര്‍ക്കപ്പെട്ട നിലയിലാണ്. കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളും നശിക്കുകയാണ്. യഹൂദ സെമിത്തേരിക്ക് സമീപം വിജനമായ മേഖലയിലുള്ള ഇവിടെ സന്ധ്യയായാൽ സാമൂഹിക വിരുദ്ധർ തമ്പടിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. പൊലീസ് സ്റ്റേഷന്റെ മൂക്കിന് താഴെയാണ് അക്കാദമി.
മൂന്ന് കോടിയോളം രൂപ ചെലവഴിച്ചാണ് അക്കാദമിയുടെ കെട്ടിടം നിർമിച്ചത്. ഇനി സ്റ്റേഡിയം മാത്രം നിർമിച്ചാൽ മതി. യഹൂദ പൈതൃക സമ്പത്താണ് അക്കാദമിക്കായി കണ്ടെത്തിയതെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഈ വിഷയം കോടതിയിൽ എത്തിയതിനെ തുടർന്നാണ് നിർമാണം സ്തംഭനാവസ്ഥയിലായത്.
പുതിയ ബജറ്റിലും അക്കാദമി സംരക്ഷിക്കാനുള്ള നടപടികളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
സ്പോര്‍ട്സ് അക്കാദമി പൈതൃക മ്യൂസിയമാക്കിമാറ്റണമെന്ന നിർദേശവും ഉള്ളതായി പറയപ്പെടുന്നു. സ്റ്റേഡിയത്തില്‍ വിരിക്കാനായി വിദേശത്തുനിന്ന് എത്തിച്ച കൃത്രിമ പുല്ലും അനുബന്ധ വസ്തുക്കളും നാശോന്മുഖമായി കഴിഞ്ഞു. ഫുട്ബാള്‍ കോര്‍ട്ടില്‍ വിരിക്കാൻ ഫിന്‍ലന്‍ഡില്‍നിന്ന് എത്തിച്ച കൃത്രിമ പുല്ലും പുല്ലിനടിയിൽ പാകേണ്ട റബര്‍ പെല്ലറ്റുമടക്കം സാധനങ്ങളാണ് നശിക്കുന്നത്. 3.535 മീറ്റര്‍ വീതിയും 400 മീറ്റര്‍ നീളവുമുള്ള 15 റോള്‍ കൃത്രിമ പുല്ലിന്റെ ഷീറ്റുകളാണ് ഇറക്കുമതി ചെയ്തത്. മാള ഉപജില്ലയിലെ വിദ്യാർഥികളുടെ കായിക സ്വപ്നങ്ങളാണ് ഇതുവഴി ഇല്ലാതാകുന്നത്.
അതിനിടെ വലിയപറമ്പില്‍ വി.കെ. രാജന് സ്മാരക സ്റ്റേഡിയം നിർമാണത്തിനായി ബജറ്റില്‍ മൂന്ന് കോടി അനുവദിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.