തരിശുമണ്ണിൽ ചെണ്ടുമല്ലിയുടെ വർണവസന്തം വിരിയിച്ച് സുഹൃത്തുക്കൾ
text_fieldsമതിലകം: തരിശുമണ്ണിലിറങ്ങിയ സുഹൃത്തുക്കൾ ഓണാഘോഷം ഗംഭീരമാക്കാൻ നാടിന് സമ്മാനിച്ചത് ചെണ്ടുമല്ലിയുടെ വർണവസന്തം. മതിലകം പഞ്ചായത്തിലെ പുന്നക്ക ബസാറിലാണ് രണ്ട് യുവാക്കൾ പൂക്കളുടെ വർണക്കാഴ്ചയൊരുക്കിയത്. മങ്കേടത്ത് വീട്ടിൽ ഷെബീർ എന്ന അക്കുവും പടിയത്ത് ലാലുപ്രസാദ് എന്ന കണ്ണനും ചേർന്നാണ് വിജയഗാഥ രചിച്ചത്.
കൃഷി ചെയ്യാൻ സ്ഥലമില്ലാതിരുന്ന ഇവർക്ക് ഭൂമി വിട്ടുനൽകിയത് മതിലകം അഞ്ചാം വാർഡിലെ പാണ്ടാപറമ്പത്ത് അൻസാരിയും മൂന്നാം വാർഡിലെ റംലത്തുമാണ്. രണ്ടു സ്ഥലങ്ങളിലായി 5300 തൈകളാണ് നട്ട് പരിപാലിച്ചത്. ചേർത്തലയിൽനിന്നാണ് 5000 തൈകൾ കൊണ്ടുവന്നത്. കൃഷി വകുപ്പിന്റെ പദ്ധതി പ്രകാരം 300 തൈകളും ലഭിച്ചു. കൃഷിഭവൻ ഉദ്യോഗസ്ഥരുടെ മികച്ച പിന്തുണയും ലഭിച്ചിരുന്നു.
ജൈവരീതി പ്രയോജനപ്പെടുത്തി പ്രകൃതിക്കനുയോജ്യമായ രീതിയിൽ നടത്തിയ കൃഷിക്ക് മഴ ചെറിയ പ്രതിസന്ധി സൃഷ്ടിച്ചുവെങ്കിലും അതിനെയും കൂട്ടായ പ്രവൃത്തിയിലൂടെ തരണം ചെയ്തു.
നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും മികച്ച പിന്തുണ തങ്ങളുടെ കൃഷി വിജയിക്കാൻ ഏറെ സഹായിച്ചതായി അക്കുവും കണ്ണനും പറഞ്ഞു. ഫ്ലവർ ഷോ നടത്തിയുള്ള പരിചയം മാത്രമേ പൂക്കളുമായി ബന്ധപ്പെട്ട് ഇരുവർക്കുമുള്ളൂ.
വിളവെടുപ്പ് ഉത്സവം ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സീനത്ത് ബഷീർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സി.കെ. ഗിരിജ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. രാജു, വാർഡ് അംഗം രജനി, മതിലകം എസ്.ഐ രമ്യ കാർത്തികേയൻ, കൃഷി ഓഫിസർ രമ്യ, മറ്റു ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേർ വിളവെടുപ്പ് മഹോത്സവത്തിന് എത്തി. ചെണ്ടുമല്ലി പൂക്കൾ പ്രാദേശികമായി വിൽപന നടത്താനാണ് യുവാക്കളുടെ തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.