വൈകിവന്ന വസന്തം; ശ്രീഹരിക്ക് പറക്കാം, കുടുംബത്തോടൊപ്പം
text_fieldsപഴഞ്ഞി: എ പ്ലസ് വിജയം വൈകിയാണ് ശ്രീഹരിയെ തേടിയെത്തിയതെങ്കിലും സഹപാഠികൾക്കൊപ്പം ലഭിക്കാതെ പോയ ആകാശ യാത്ര കുടുംബത്തോടൊപ്പമൊരുക്കി ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി. എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ പ്ലസും നേടിയ പഴഞ്ഞി ഗവ. വെക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി തിരുവനന്തപുരത്തേക്ക് വിമാനയാത്രയും തിരികെ വന്ദേ ഭാരത് ട്രെയിൻ യാത്രയും ഒരുക്കിയിരുന്നു. 14 വിദ്യാർഥികളും അധ്യാപകരുമടങ്ങിയ സംഘമായിരുന്നു യാത്രയിലുണ്ടായിരുന്നത്. ഈ യാത്രയുടെ തലേനാളിലാണ് ഇതേ വിദ്യാലയത്തിലെ കെ.ആർ. ശ്രീഹരിക്ക് പുനർ മൂല്യനിർണയത്തിലൂടെ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് ലഭിച്ചത്.
എന്നാൽ, മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തുള്ള യാത്രയായതിനാൽ സംഘത്തിനൊപ്പം ചേരാൻ ശ്രീഹരിക്ക് സാധിച്ചില്ല. യാത്രയുടെ ചിത്രങ്ങൾ ക്ലാസ് വാട്സ്ആപ് ഗ്രൂപ്പുകളിൽ വരാൻ തുടങ്ങിയതോടെയും കുട്ടികളിൽ പലരും സ്റ്റാറ്റസ് ആക്കുകയും ചെയ്തതോടെ ശ്രീഹരിയുടെ മനസ്സ് തളർന്നു. പരീക്ഷ ഫലം ഒരുദിവസം മുമ്പ് വരുകയായിരുന്നെങ്കിൽ തനിക്കും സഹപാഠി സംഘത്തോടൊപ്പം യാത്ര ചെയ്യാമായിരുന്നുവെന്ന സങ്കടം രക്ഷിതാക്കളുമായി പങ്കുവെച്ചു. ഈ വിവരമറിഞ്ഞ ക്ലാസ് അധ്യാപിക എ. ധന്യ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡന്റ് ലെബീബ് ഹസ്സനോട് യാത്രക്കിടെ പങ്കുവെച്ചു. തുടർന്ന് ഷെയർ ആൻഡ് കെയർ ഭാരവാഹികൾ ശ്രീഹരിക്കും യാത്ര സൗകര്യമൊരുക്കുകയായിരുന്നു. എന്നാൽ, ഒറ്റക്ക് യാത്ര ചെയ്യേണ്ട വിഷമം മനസ്സിലാക്കി കുന്നംകുളത്ത് ഡ്രൈവറായ പിതാവ് രാജേഷിനെയും മാതാവ് സിവ്യയെയും കരിക്കാട് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി അനുജൻ ശ്രാവൺ കൃഷ്ണയെയും ശ്രീഹരിക്കൊപ്പം കൂട്ടാനും ഇവർക്കുള്ള യാത്ര ചെലവ് വഹിക്കാനും തീരുമാനിച്ചു.
പ്രസിഡന്റ് ലെബീബ് ഹസ്സൻ ശ്രീഹരിയുടെ വീട്ടിലെത്തി യാത്ര ടിക്കറ്റ് കൈമാറി. ഷമീർ ഇഞ്ചിക്കാലയിൽ, സക്കറിയ ചീരൻ, പി.എം. ബെന്നി, സി.കെ. അപ്പുമോൻ, ഗില്ബർട്ട് എസ്. പാറേമ്മൽ, ഇ.എം.കെ ജിഷാർ കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്ത് അംഗം കെ.ടി. ഷാജൻ, ഹൈസ്കൂൾ പ്രധാനാധ്യാപിക മേഴ്സി മാത്യു, ക്ലാസ് അധ്യാപിക എ. ധന്യ എന്നിവർ സംബന്ധിച്ചു. സഹപാഠികൾക്കൊപ്പമുള്ള നഷ്ടപ്പെട്ട യാത്ര കുടുംബത്തിനൊപ്പം വിമാനയാത്രയും, വന്ദേ ഭാരത് യാത്രയും ചെയ്യാനായതിന്റെ ആഹ്ലാദത്തിലാണിപ്പോൾ ശ്രീഹരി. ഈ മാസം പത്തിനാണ് യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.