പൈപ്പ് പൊട്ടിയത് ഒരിടത്ത്, അറ്റകുറ്റപ്പണിക്ക് റോഡ് പൊളിച്ചത് മറ്റൊരിടത്ത്, സംസ്ഥാനപാതയിൽ കുരുക്കോട് കുരുക്ക്
text_fieldsകുന്നംകുളം: സംസ്ഥാനപാതയിലെ പാറേമ്പാടത്ത് പൈപ്പ് പൊട്ടിയതിന്റെ പേരിൽ അനാവശ്യമായി റോഡ് പൊളിച്ചയിടം പൂർവസ്ഥിതിയിലാക്കും മുമ്പേ എതിർദിശയിലും റോഡ് പൊളിച്ചു. ഇതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി. റോഡിലെ കുഴികൾ ഇരുചക്ര വാഹനങ്ങൾക്ക് ഭീഷണിയായി. നിലവിൽ റോഡ് പൊളിച്ചയിടത്ത് കുഴി മൂടിയെങ്കിലും പൊതുമരാമത്ത് വകുപ്പുമായി ഉണ്ടാക്കിയ കരാർ പ്രകാരം റോഡ് പൂർവസ്ഥിതിയിലാക്കിയില്ല.
ഇതിനുപുറമെ യഥാർഥത്തിൽ പൈപ്പ് പൊട്ടിയയിടത്ത് രണ്ടര ആഴ്ചക്കുശേഷം റോഡിൽ കുഴിയെടുത്തതോടെ യാത്രക്കാർ പൂർണമായും ദുരിതത്തിലായി. നേരത്തേ കുഴിച്ച കുഴി മൂടിയെങ്കിലും ടാർ ചെയ്ത് പഴയ നിലയിലാക്കിയില്ല. ഇതാണ് ഇരുചക്ര യാത്രക്കാർക്ക് ഭീഷണിയായത്.
ആഴ്ചകൾക്ക് മുമ്പ് പൈപ്പ് പൊട്ടിയ ഇടത്ത് അറ്റകുറ്റപണിക്കായി റോഡ് പൊളിച്ചത് മറ്റൊരിടത്തായി. കുഴിയെടുത്തതോടെയാണ് പൈപ്പ് പൊട്ടിയ ഇടം എതിർ ദിശയിലാണെന്ന് അറിഞ്ഞത്. ഇതോടെ കുഴി മൂടാൻ നിർദേശിച്ച് ജല വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം വിടുകയായിരുന്നു. തൃത്താലയിൽനിന്നുള്ള പാവറട്ടി ശുദ്ധജല പദ്ധതിയുടെ 700 പ്രിമോ പൈപ്പാണ് പൊട്ടിയതെന്നായിരുന്നു അധികൃതരുടെ നിഗമനം. എന്നാൽ, പരിശോധനയിൽ ഗുരുവായൂർ ഭാഗത്തേക്ക് വെള്ളം വിതരണം ചെയ്യുന്ന 450 പ്രിമോ പൈപ്പാണ് പൊട്ടിയതെന്ന് സ്ഥിരീകരിച്ചു. ആഴ്ചകൾക്ക് ശേഷമാണ് എതിർ ദിശയിൽ മണ്ണുമാന്തി ഉപയോഗിച്ച് കുഴിയെടുക്കുന്നത്. റോഡ് പൊളിക്കുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു.
മൂന്നുവർഷം മുമ്പ് ഇതേ സ്ഥലത്ത് പൈപ്പ് പൊട്ടി അറ്റകുറ്റപ്പണി പൂർത്തിയാക്കാതെ ഉപേക്ഷിച്ച് പോയതോടെ രൂപപ്പെട്ട കുഴിയിൽ അകപ്പെട്ട് തെറിച്ച് വീണ് ലോറിക്കടിയിൽ കുടുങ്ങി തൃശൂർ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം സംഭവിച്ചിരുന്നു.
സംസ്ഥാന പാതയിൽ റോഡ് മുഴുവൻ വൻ കുഴികൾ രൂപപ്പെട്ട് യാത്ര ദുരിതമയമായ അവസ്ഥയിലാണ് അനാവശ്യമായി റോഡ് പൊളിച്ച് യാത്രക്കാരെ വലക്കുന്നത്. ആദ്യം കുഴിയെടുത്ത ഇടം പൂർവസ്ഥിതിയിലാക്കിയ ശേഷമേ എതിർ വശത്ത് പൈപ്പ് പൊട്ടിയ ഇടത്ത് കുഴിയെടുക്കൂവെന്ന് വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞിരുന്നെങ്കിലും പാഴ്വാക്കായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.