തൃശൂർ സംസ്ഥാനത്തെ മികച്ച താലൂക്ക് ഓഫിസ്
text_fieldsതൃശൂർ: സംസ്ഥാനത്തെ മികച്ച താലൂക്ക് ഓഫിസിനുള്ള സംസ്ഥാന പുരസ്കാരം തൃശൂരിന്. സർക്കാറിന്റെ റവന്യൂ പുരസ്കാര പട്ടികയിലാണ് നല്ല താലൂക്ക് ഓഫിസായി തൃശൂർ തെരഞ്ഞെടുക്കപ്പെട്ടത്. പുരസ്കാരത്തിനായി നിദേശിച്ച മാനദണ്ഡങ്ങൾ പൂർത്തിയാക്കിയതിന് പുറമെ കൂടുതൽ പ്രവർത്തനങ്ങൾ കാഴ്ചവെച്ചാണ് നേട്ടം. കഴിഞ്ഞ വർഷത്തെ പ്രവർത്തനമാണ് പരിഗണിച്ചത്.
74 വില്ലേജുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ താലൂക്ക് ഓഫിസാണ് തൃശൂർ. കെട്ടിട - ഭൂനികുതി, ലീസ് തുടങ്ങി വരുമാനം ഉണ്ടാക്കുന്ന മാതൃകാപരമായ പ്രവർത്തനം ഇക്കാലയളവിൽ കാഴ്ചവെച്ചു.
വിവിധ സർട്ടിഫിക്കറ്റുകൾക്കായുള്ള അപേക്ഷകളിൽ 90 ശതമാനത്തിലധികം വിതരണം ചെയ്തു. ഭൂമി സംബന്ധിച്ച അപേക്ഷകൾ സമയബന്ധിതമായി പൂർത്തിയാക്കി. പുറമ്പോക്ക് പട്ടയ വിതരണത്തിൽ ലക്ഷ്യം പൂർത്തിയാക്കാനും ജനസമ്പർക്ക പരിപാടികളിലെ പരാതികൾ നല്ല രീതിയിൽ കൈകാര്യം ചെയ്യാനും കഴിഞ്ഞു.
പുത്തൂരിലെ ചുഴലിക്കാറ്റ് ഉൾപ്പെടെ ദുരന്ത സമയങ്ങളിലെ ഇടപെടലും ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനയുടെ കാര്യവും പരിഗണിക്കപ്പെട്ടു. സംസ്ഥാന റവന്യു കലോത്സവത്തിലെ ആതിഥേയത്വം ഏറെ പ്രശംസിക്കപ്പെട്ടതായും താലൂക്ക് ഓഫിസർ ടി. ജയശ്രീ പറഞ്ഞു.
ജില്ലതലത്തിൽ മികച്ച വില്ലേജ് ഓഫിസർമാരായി കെ.ആർ. സൂരജ് (ഗുരുവായൂർ-ഇരിങ്ങപ്പുറം വില്ലേജ്), എം. സന്തോഷ്കുമാർ (അരണാട്ടുകര-പുല്ലഴി ഗ്രൂപ്പ് വില്ലേജ്), കെ.ആർ. പ്രശാന്ത് (മേത്തല വില്ലേജ്) എന്നിവരെ തെരഞ്ഞെടുത്തു. വടക്കാഞ്ചേരി-പാർളിക്കാട് ഗ്രൂപ്പ് ആണ് ജില്ലയിലെ മികച്ച വില്ലേജ് ഓഫിസ്.
ഹെഡ് സർവേയറായി തൃശൂർ റീ സർവേ സൂപ്രണ്ട് ഓഫിസിലെ ബൈജു ജോസും ഹെഡ് ഡ്രാഫ്റ്റ്സ്മാൻ ആയി മാപ്പിങ് അസിസ്റ്റന്റ് ഡയറക്ടർ ഓഫിസിലെ എൽ.എൽ. സതിയും സർവേയറായി അയ്യന്തോൾ റീസർവേ സൂപ്രണ്ട് ഓഫിസിലെ പി.ജെ. ബിജിയും ഡ്രാഫ്റ്റ്സ്മാനായി മാപ്പിങ് അസിസ്റ്റന്റ് ഡയറക്ടർ ഓഫിസിലെ കെ.എം. നിതിൻദാസും ജില്ലതല പുരസ്കാരം നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.