എങ്ങുമെത്താതെ പുനരധിവാസ പദ്ധതി; സാംസ്കാരിക നഗരം കൈയടക്കി തെരുവ് നായ്ക്കൾ
text_fieldsതൃശൂര്‍: തെരുവ് നായ്ക്കളുടെ ശല്യത്താല്‍ പൊറുതിമുട്ടി സാംസ്കാരിക നഗരം. നഗരത്തിന്റെ വിവിധ ഇടങ്ങളിലും ഭരണസിരാകേന്ദ്രമായ കലക്ടറേറ്റിലും ഉള്‍പ്പെടെ തെരുവ് നായ്ക്കളുടെ വിളയാട്ടമാണ്. ഇവയെ പുനരധിവസിപ്പിക്കാനുള്ള കോര്‍പറേഷന്റെ പദ്ധതി കടലാസില്‍ ഉറങ്ങുന്നതിനാല്‍ ഇതിനായി നീക്കിവെച്ച രണ്ട് കോടി രൂപ പാഴായി പോകുന്ന സ്ഥിതിയാണ്. കുരിയച്ചിറ, ലാലൂര്‍, മാറ്റാംപുറം, പറവട്ടാനി, തൈക്കാട്ടുശേരി എന്നിവിടങ്ങളില്‍ തെരുവ് നായ്ക്കളെ സംരക്ഷിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ ഒരുക്കാനായിരുന്നു ലക്ഷ്യമിട്ടത്. പ്രത്യേക കേന്ദ്രങ്ങള്‍ നിര്‍മിക്കാനുള്ള സ്ഥലം കോര്പറേഷന് വിട്ടുനല്‍കും. സന്നദ്ധ സംഘടനകള്‍ക്കും മൃഗസ്നേഹികള്ക്കുമായിരിക്കും നായ്ക്കളുടെ സംരക്ഷണം. കൂടാതെ ഇവയെ സംരക്ഷിക്കുന്നവർക്ക് ആയിരം രൂപയും വാഗ്ദാനം ചെയ്തിരുന്നു.
എന്നാല്‍, ബജറ്റ് കഴിഞ്ഞ് നാല് മാസം പിന്നിട്ടിട്ടും പദ്ധതി നടപ്പാക്കാനുള്ള നടപടിക്രമങ്ങളിലേക്ക് കോര്പറേഷന് കടന്നിട്ടില്ല. കോര്‍പറേഷനിലെ 55 ഡിവിഷനുകളിലായി അയ്യായിരത്തിലധികം തെരുവ് നായ്ക്കള്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. അയ്യന്തോളിലെ കലക്ടറേറ്റ് വളപ്പില്‍ ശല്യം രൂക്ഷമാണ്. ഇവിടുത്തെ ഓഫിസ് കെട്ടിടങ്ങള്‍ക്ക് അകത്ത് വരെ നായ്ക്കൾ അലഞ്ഞുതിരിയുന്നുണ്ട്. സ്ത്രീകളും കുട്ടികളും അടക്കമുള്ള കാല്‍നടയാത്രികര്‍ക്ക് ഏറെ ഭീഷണിയാണിവ. രാത്രികാലങ്ങളില്‍ ബൈക്ക് യാത്രികര്‍ക്ക് പിന്നാലെ ഇവ പായുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്. വിഷയത്തില്‍ പരിഹാരം തേടി കലക്ടര്‍ കോര്പറേഷന് കത്ത് നല്‍കിയിട്ടുണ്ട്.
തെരുവ് നായ്ക്കളെ വന്ധ്യംകരിക്കുന്ന അനിമല്‍ ബര്‍ത്ത് കണ്ട്രോള് (എ.ബി.സി) പദ്ധതി കോര്പറേഷന് പരിധിയിൽ മികച്ചരീതിയില്‍ നടക്കുന്നുണ്ട്. 2024ല്‍ ആഗസ്റ്റ് വരെ 826 നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കി. എന്നാല്‍, വന്ധ്യംകരണത്തിനുശേഷം നായ്ക്കളെ പിടിച്ചുകൊണ്ടുവന്ന സ്ഥലത്തുതന്നെ തുറന്നുവിടുകയാണു ചെയ്യുന്നത്. ഇതിന് പകരം പ്രത്യേക കേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുകയാണെങ്കില്‍ പൊതുസ്ഥലങ്ങളിലെ തെരുവ് നായ് ശല്യത്തിന് പരിഹാരമാകുമെന്നാണ് പൊതുജനങ്ങളുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.