തെരുവുനായ് ആക്രമണം; മെഡി. കോളജിൽ പ്രതിരോധ മരുന്നിന് ക്ഷാമം
text_fieldsതൃശൂർ: ഇടവേളക്ക് ശേഷം തെരുവുനായ്ക്കൾ വീണ്ടും ഭീതി പരത്തിയുള്ള ആക്രമണം തുടരുമ്പോൾ ജനങ്ങളെ ആശങ്കയിലാക്കി മരുന്ന് ക്ഷാമം. ഏറ്റവും കൂടുതൽ ആളുകൾ ആശ്രയിക്കുന്ന മെഡിക്കൽ കോളജിൽ അടക്കം പ്രതിരോധമരുന്ന് ക്ഷാമത്തിലാണ്. വേണ്ടത്ര പ്രതിരോധ മരുന്നുകളില്ലാത്തതും തെരുവുനായ വന്ധ്യംകരണപദ്ധതികൾ തുടങ്ങാത്തതും കടുത്ത ആശങ്ക ഉണർത്തുന്നു.
കഴിഞ്ഞ ദിവസങ്ങളിലായി വല്ലച്ചിറ, ഊരകം മേഖലകളിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ വിദ്യാർഥികൾ അടക്കം ഒമ്പത് പേർക്ക് പരിക്കേറ്റതിന് പിന്നാലെ ചാവക്കാട്, കുന്നംകുളം, ചൊവ്വന്നൂർ എന്നിവിടങ്ങളിലായി തുടർച്ചയായി തെരുവ് നായ് ആക്രമണങ്ങളുണ്ടായി.
വല്ലച്ചിറയിൽ വ്യാപകമായി ആളുകളെ ആക്രമിച്ച നായയെ പിന്നീട് വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടത്തിൽ പേ വിഷബാധ സ്ഥിരീകരിക്കുകയും ചെയ്തു. പ്രതിദിനം നൂറിലേറെ ആളുകളാണ് തെരുവ്നായ് ആക്രമണത്തിൽ ചികിത്സ തേടി മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ ചികിത്സ തേടിയെത്തുന്നത്.
മുറിവിൽ കുത്തിവെക്കാനുള്ള സിറത്തിനാണ് ഗവ. മെഡിക്കൽ കോളജിൽ ക്ഷാമമുള്ളത്. സ്വകാര്യ കമ്പനികളിൽ നിന്ന് മരുന്ന് ലഭിക്കുന്നില്ലെന്നാണ് പറയുന്നത്. ഒരു ഡോസിന് 800 രൂപ വില വരുന്നതാണ് പ്രതിരോധ മരുന്ന്. സ്വകാര്യ ആശുപത്രികളിൽ ഇതിന് 1600 രൂപയാണ് ഈടാക്കുന്നത്. സൗജന്യ മരുന്നുവിതരണത്തിന് മാസങ്ങൾക്ക് മുമ്പേ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
ഒടുവിൽ സൗജന്യം ബി.പി.എൽ രോഗികൾക്ക് മാത്രമാക്കി. നായയുടെയോ മറ്റോ കടിയേറ്റ് ചോര പൊടിഞ്ഞാൽ ആന്റിറാബീസ് കുത്തിവെപ്പിനൊപ്പം ഹ്യൂമൻ റാബീസ് ഇമ്യൂണോഗ്ലോബുലിൻ കൂടി നൽകണം. വാക്സിൻ സൗജന്യമാണെങ്കിലും ഇമ്യൂണോഗ്ലോബുലിൻ പണം കൊടുത്ത് വാങ്ങണം.
കേരളത്തിലെ കമ്പനികൾ മരുന്ന് നിർമാണത്തിന് മുന്നോട്ട് വരുന്നില്ല. പുണെ, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലെ കമ്പനികളാണ് മരുന്ന് ഉണ്ടാക്കുന്നത്. മെഡിക്കൽ സർവീസസ് കോർപറേഷന്റെ മരുന്ന് വിതരണം കാര്യക്ഷമമല്ലാത്തതാണ് മരുന്ന് ക്ഷാമത്തിന് കാരണമായി ആക്ഷേപമുയരുന്നത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കൊന്നും മതിയായ ഇമ്മ്യൂണോഗ്ലോബുലിൻ ലഭ്യമാക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.