മിഴിയടച്ച് ചേറ്റുവ പാലത്തിലെ വഴി വിളക്കുകൾ; നടപ്പാതയും തകർന്നു
text_fieldsചേറ്റുവ: മണപ്പുറത്തിന്റെ ചരിത്രത്തിന്റെ ഭാഗമായ ചേറ്റുവ പാലം അവഗണനയിൽ. ഇവിടത്തെ വഴി വിളക്കുകൾ മിഴിയടച്ചിട്ട് മാസങ്ങളായി. നടപ്പാതയും തകർന്നിട്ടുണ്ട്. ചേറ്റുവ പാലത്തിലെ അപകട സാധ്യത ചൂണ്ടിക്കാണിച്ചിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. രാത്രി പാലത്തിൽ കൂരാകൂരിരുട്ടാണ്. ഇരുട്ടിന്റെ മറവിൽ പാലത്തിൽ നിന്ന് മാലിന്യമ വലിച്ചെറിയുന്നത് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. മഴ സമയങ്ങളിലടക്കം രാത്രി ഇതിലൂടെയുള്ള വാഹനയാത്ര അപകട ഭീഷണി ഉയർത്തുന്നതാണ്.
പാലത്തിലെ രണ്ട് നടപ്പാതയിലെയും സ്ലാബുകൾ വർഷങ്ങൾക്ക് മുമ്പ് തകർന്നതാണ്. ദേശീയ പാത സംസ്ഥാന സർക്കാരിന് കീഴിലായിരുന്ന സമയത്ത് പൊതുമരാമത്ത് മന്ത്രി ഉൾപ്പെടെ ഉള്ളവർക്ക് ചേറ്റുവ പാലത്തിലെ അപകടസാധ്യത ചൂണ്ടിക്കാണിച്ച് ചേറ്റുവയിലെ സാമൂഹിക പ്രവർത്തകൻ ലെത്തീഫ് കെട്ടുമ്മൽ പരാതി നൽകിയിരുന്നു.വർഷങ്ങൾ പിന്നിട്ടിട്ടും ഇതുവരെയും ശാശ്വത പരിഹാരം കാണാൻ യാതൊരുനടപടിയും ഉണ്ടായില്ല. നടപ്പാതയിലെ സ്ലാബ് തകർന്ന് കിടക്കുന്ന കുഴിയിൽ കാൽനടയാത്രക്കാർ വീണ് വലിയ അപകടങ്ങൾ പെടാനും സാധ്യത കൂടുതലാണ്.
ദേശീയ പാത 66 ഏങ്ങണ്ടിയൂരിനേയും ഒരുമനയൂരിനേയും ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് ഇത്. പാലത്തിലെ വൈദ്യുതി വിളക്കുകൾ അടിയന്തിരമായി പ്രകാശിപ്പിക്കണമെന്നും തകർന്ന സ്ലാബുകൾ മാറ്റി സുരക്ഷിത യാത്രക്ക് സൗകര്യമൊരുക്കണമെന്നും ആവശ്യമുയർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.