കരുവന്നൂര്‍ പുഴയിൽ ചാടിയ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല
text_fieldsഇരിങ്ങാലക്കുട: കരുവന്നൂര്‍ പാലത്തിന്റെ കൈവരിയില്‍നിന്ന് പുഴയിലേക്ക് ചാടിയ പ്ലസ് ടു വിദ്യാര്‍ഥിയെ വ്യാഴാഴ്ച നടത്തിയ തിരച്ചിലിലും കണ്ടെത്താനായില്ല. രണ്ടു ദിവസമായി തുടരുന്ന തിരച്ചില്‍ വ്യാഴാഴ്ച വൈകീട്ടോടെ അവസാനിപ്പിച്ചു.
വിദ്യാര്‍ഥിയെക്കുറിച്ച് എന്തെങ്കിലും സൂചനകള്‍ ലഭിച്ചാല്‍ അറിയിക്കുവാന്‍ പുഴയുടെ ഇരുകരകളിലുള്ളവരോടും ജനപ്രതിനിധികളോടും ഫയര്‍ഫോഴ്സ് സംഘം നിര്‍ദേശം നല്കി.
ആദ്യദിവസം മുങ്ങല്‍ വിദഗ്ധർ എത്തിയിരുന്നെങ്കിലും ഇന്നലെ ഇരിങ്ങാലക്കുടയില്‍നിന്നുള്ള ഫയര്‍ ഫോഴ്സ് സംഘം മാത്രമാണ് തിരച്ചില്‍ നടത്തിയത്.
കരുവന്നൂര്‍ പുഴയുടെ ഭാഗമായ കാറളം നന്തി വരെ ഇന്നലെ തിരച്ചില്‍ നടത്തിയിരുന്നു. ഏകദേശം പത്തുകിലോമീറ്ററോളം തിരച്ചില്‍ നടത്തിയിട്ടുള്ളതായി ഫയര്‍ഫോഴ്സ് സംഘം അറിയിച്ചു.
ചിമ്മിനി ഡാം തുറന്നതോടെ പുഴയിലുണ്ടായ ഉയര്‍ന്ന ജലനിരപ്പും ശക്തമായ അടിയൊഴുക്കുമാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായത്.
ബുധനാഴ്ച രാവിലെ പതിനൊന്നരയോടെയാണ് കരുവന്നൂര്‍ വലിയ പാലത്തിന്റെ പടിഞ്ഞാറേ കൈവരിയുടെ മുകളില്‍നിന്ന് വിദ്യാര്‍ഥി ചാടിയത്. സൈക്കിള്‍ പാലത്തിന്റെ നടപ്പാതയിലേക്ക് കയറ്റിവെച്ച ശേഷമായിരുന്നു ചാട്ടം. പാലത്തിന് മുകളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട കുട്ടിയുടെ സൈക്കിളില്‍നിന്ന് ഒരു പുസ്തകവും കുറിപ്പും പൊലീസ് കണ്ടെടുത്തിരുന്നു. ഈ പുസ്തകത്തില്‍നിന്നാണ് കുട്ടിയുടെ പേര് അലന് ക്രിസ്റ്റോയാണെന്ന് സൂചന കിട്ടിയത്. പൊലീസ് സമീപത്തെ എല്ലാ സ്കൂളുകളിലേക്കും സന്ദേശം നല്‍കിയെങ്കിലും സ്ഥിരീകരിക്കാനായിട്ടില്ല.
അതിനിടെ, അവിട്ടത്തൂര്‍ എൽ.ബി.എസ്.എം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ രണ്ടാം വര്‍ഷ ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥിയും തുറവന്‍കാട് ചുങ്കത്ത് വീട്ടില്‍ ജോസിന്റെ മകനുമായ അലന് ക്രിസ്റ്റോയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി കിട്ടി. വീട്ടില്‍നിന്ന് ചുവന്നനിറമുള്ള സൈക്കിളില്‍ പോയതാണെന്ന് വീട്ടുകാര്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.