കോവിഡിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 100 കുട്ടികൾക്കുകൂടി പഠന സഹായം ഉറപ്പാക്കി കലക്ടർ
text_fieldsതൃശൂർ: കോവിഡ് മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ജില്ലയിലെ 100 വിദ്യാര്‍ഥികള്‍ക്ക് കൂടി പഠനസഹായം ഉറപ്പാക്കി കലക്ടര്‍ വി.ആര്. കൃഷ്ണതേജ. കോവിഡ് കാരണം പിതാവിനെയോ മാതാവിനെയോ നഷ്ടമായ കുട്ടികളില്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ പഠിക്കുന്നവർക്കാണ് ഇത്തവണ പഠന സഹായം ഉറപ്പാക്കിയത്. മണപ്പുറം ഫൗണ്ടേഷന് സി.എസ്.ആര് ഫണ്ടില്‍നിന്നാണ് സഹായം ലഭ്യമാക്കിയത്.
ഓരോ വിദ്യാര്‍ഥിക്കും 10,000 രൂപ വീതം 10 ലക്ഷം രൂപയുടെ ചെക്കുകള്‍ ജില്ല കലക്ടറും മണപ്പുറം ഫൗണ്ടേഷന് മാനേജിങ് ട്രസ്റ്റി വി.പി. നന്ദകുമാറും ചേര്‍ന്ന് വിതരണം ചെയ്തു. ഈ വര്‍ഷത്തേക്കുള്ള സഹായമെന്ന നിലയിലാണ് 10,000 രൂപ നല്‍കിയതെന്ന് കലക്ടര്‍ അറിയിച്ചു.
അടുത്ത ഓരോ വര്‍ഷവും ഇതേരീതിയില്‍ 10,000 രൂപ വീതം സഹായം നല്‍കും. മികച്ച രീതിയില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് അടുത്ത വര്‍ഷങ്ങളില്‍ തുടര്‍ സഹായം ലഭിക്കുക. മണപ്പുറം ഫൗണ്ടേഷന് തന്നെ ഇതിനുള്ള തുക ലഭ്യമാക്കുമെന്നും കലക്ടര്‍ അറിയിച്ചു.
കോവിഡിനെ തുടര്‍ന്ന് മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പഠനം തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോവാന്‍ സൗകര്യമൊരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സമൂഹത്തിലെ പ്രമുഖ വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പദ്ധതി നടപ്പാക്കുന്നത്.
പഠനത്തില്‍ മികവ് പുലര്‍ത്തുന്നവരും അതേസമയം സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുമായ വിദ്യാര്‍ഥികള്‍ക്ക് മികച്ച പഠന സൗകര്യങ്ങള്‍ ഉറപ്പുവരുത്താനുള്ള സാമ്പത്തിക സഹായമാണ് പദ്ധതിവഴി ലഭ്യമാക്കുന്നത്.
കലക്ടറേറ്റ് അനക്സ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ല ശിശുസംരക്ഷണ ഓഫിസര്‍ കെ.എ. ബിന്ദു, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി.പി. അബ്ദുല്‍ കരീം, മണപ്പുറം ഫൗണ്ടേഷന് ജനറല്‍ മാനേജര്‍ ജോര്‍ജ് മോര്‍ലി, സി.എസ്.ആര് ഹെഡ് ശില്പ ത്രേസ സെബാസ്റ്റ്യന്‍, ആര്.സി. ശ്രീകാന്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.