തൃശൂർ ജില്ലയിൽ ഉദര അർബുദ ബാധിതർ വർധിക്കുന്നെന്ന് പഠനം
text_fieldsമുളങ്കുന്നത്തുകാവ്: ജില്ലയിൽ ഉദര സംബന്ധമായ അർബുദ ബാധിതർ വർധിക്കുന്നതായി ഗവ. മെഡിക്കൽ കോളജ് പഠനം.
നെഞ്ചുരോഗ ആശുപത്രിയിൽ റേഡിയോ തെറപ്പി ആൻഡ് ഓങ്കോളജി വിഭാഗത്തിലെ 2018ലെ അർബുദ ബാധിതരെ കുറിച്ചുള്ള വാർഷിക പഠന റിപ്പോട്ടിലാണ് കണ്ടെത്തൽ. പഠന റിപ്പോർട്ട് പ്രകാരം ഉദരസംബന്ധമായ അർബുദം വർധിക്കുകയാണ്. നിലവിൽ ആകെ രോഗികളിൽ 23.5 ശതമാനം രോഗം ബാധിച്ചവരാണെന്ന് റിപ്പോർട്ട് അവതരിപ്പിച്ച് കാൻസർ വിഭാഗം മേധാവി ഡോ. സുരേഷ് കുമാർ പറഞ്ഞു.
ഇതിൽ ആമാശയ അർബുദ ബാധിതരുടെ എണ്ണം കേരളത്തിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതലാണ് (ഒമ്പത് ശതമാനം). പുരുഷന്മാരായ രോഗികളിൽ (53 ശതമാനം) പുകവലിജന്യ രോഗങ്ങളാണ് കണ്ടെത്തിയത്. ഇവരിൽ 80 ശതമാനവും ഗുരുതരമായ മൂന്നാമത്തെയോ നാലാമത്തെയോ ഘട്ടത്തിലാണ് രോഗം കണ്ടെത്തുന്നത്. ഇതുമൂലം ഫലപ്രദമായ ചികിത്സ സ്വീകരിക്കാനോ തീരുമാനിച്ച ചികിത്സ പൂർത്തിയാക്കാനോ പരിമിതികൾ നേരിടുന്നു. ശ്വാസകോശ അർബുദമാണ് പുകവലിക്കാരായ പുരുഷന്മാരിൽ കൂടുതലായി കാണുന്നത് (24 ശതമാനം). പുകവലി മൂലം ഉണ്ടാകുന്ന വായിലെയും തൊണ്ടയിലെയും അർബുദം 15.2 ശതമാനമാണ്.
ജില്ലയിലെ സ്ത്രീകളിൽ മാറിടത്തിലെ അർബുദമാണ് കൂടുതലായി കണ്ടുവരുന്നത്. മെഡിക്കൽ കോളജ് എച്ച്.ബി.സി.ആർ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ത്രീ രോഗികളിൽ 34.4 ശതമാനം പേർ മാറിട അർബുദ ബാധിതരാണ്. ഇവരിൽ 60 ശതമാനം പേരും മൂന്നാമത്തെയോ നാലാമത്തെയോ ഘട്ടത്തിലാണ് കണ്ടെത്തുന്നത്.
എന്നാൽ, ഗർഭാശയ അർബുദ ബാധിതരുടെ എണ്ണത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തൽ. വ്യക്തിശുചിത്വം എച്ച്.പി.വി വൈറസ് അണുബാധ നിയന്ത്രിക്കാൻ സാധിക്കുന്നതാണ് ഗർഭാശയഗള അർബുദത്തിന് കുറവ് കാരണം. സ്ത്രീകളുടെ ഭക്ഷണശീലവും ഹോർമോൺ വ്യതിയാനവും ഇതിനു കാരണമായി ചൂണ്ടിക്കാണിക്കുന്നു.
ഗവ. മെഡിക്കൽ കോളജ് കാൻസർ വിഭാഗത്തിനെ ടെറിട്ടറി കാൻസർ കെയർ സെന്റർ ആയി 2018ൽ സർക്കാർ ഉയർത്തിയിരുന്നു ഇതിന്റെ മൂന്നാം ഘട്ടത്തിനായി ബജറ്റിൽ തുക വകയിരുത്താൻ റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ പഠന റിപ്പോർട്ടിന്റെയും അർബുദ ബാധിതർക്കുള്ള ചികിത്സ സംഗ്രഹത്തിന്റെ പ്രകാശനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസും നിർവഹിച്ചു. റേഡിയോ തെറപ്പി ആൻഡ് ഓങ്കോളജി വിഭാഗം മേധാവി ഡോ. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു.
മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. പ്രതാപ് സോമനാഥ് മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രിൻസിപ്പൽ ഡോ. വി.വി. ഉണ്ണികൃഷ്ണൻ, നെഞ്ചുരോഗ ആശുപതി സൂപ്രണ്ട് ഡോ. ഷെഹന എ. ഖാദർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വി.ആർ. അജിത്കുമാർ, സർജിക്കൽ ഓങ്കോളജി വിഭാഗം മേധാവി ഡോ. ശരത് കെ. കൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.