നാട് മാത്രമല്ല, കാടും ചുട്ടുപൊള്ളും
text_fieldsതൃശൂർ: നാട്ടിലെ കൊടും ചൂടിനൊപ്പം കാടും ചുട്ടുപൊള്ളുമെന്ന മുന്നറിയിപ്പുമായി ഗവേഷകർ. സ്വാഭാവിക വനം പുനഃസ്ഥാപിക്കാത്തത് കാട്ടുതീക്കും വന്യജീവികളുടെ കാടിറക്കത്തിനും കാരണമാകുമെന്നും കാലാവസ്ഥ ഗവേഷകർ പറയുന്നു.
വിദേശ ഏകവിളത്തോട്ടങ്ങൾ വളർത്തിയതിന്റെ പ്രത്യാഘാതം ഇപ്പോഴും നമ്മുടെ കാടുകൾ നേരിടുകയാണ്. 2021 ഡിസംബറിലാണ് സ്വാഭാവിക വന പുനഃസ്ഥാപന നയരേഖക്ക് മന്ത്രിസഭ അംഗീകാരം നൽകിയത്. അക്കേഷ്യ, വാറ്റിൽ, യൂക്കാലിപ്റ്റസ് തുടങ്ങിയവ മുറിച്ച് വന്യജീവി വഴിത്താരകളിലും പ്രകൃതിദുരന്ത പ്രദേശങ്ങളിലും സ്വാഭാവിക വനം വളർത്തുകയായിരുന്നു ലക്ഷ്യം.
ആവാസ വ്യവസ്ഥക്ക് ചേരാത്ത സെന്ന (മഞ്ഞക്കൊന്ന), ലന്റാന, മൈക്കേനിയ തുടങ്ങിയ സസ്യങ്ങൾ പെട്ടെന്ന് നീക്കാനും തീരുമാനിച്ചു. ഇതനുസരിച്ച് 2022ൽ വയനാട് സുൽത്താൻ ബത്തേരി ഫോറസ്റ്റ് റേഞ്ചിലെ 30 ഹെക്ടറിൽ നൂൽപ്പുഴ പഞ്ചായത്തുമായി ചേർന്ന് വനം വകുപ്പ് ‘വനീകരണം’ എന്ന പേരിൽ പദ്ധതി തുടങ്ങി.
എന്നാൽ ഇതുവരെ നാല് ഹെക്ടറിൽ 3000 മുളകളും ആയിരം ഫലവൃക്ഷങ്ങളും മാത്രമാണ് നട്ടത്. 200 ഹെക്ടറിലേക്ക് ഇത് വ്യാപിപ്പിക്കുമെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. തദ്ദേശ സ്ഥാപനങ്ങളിൽ വനവത്കരണ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും വനം വകുപ്പിന്റെ ശ്രമങ്ങൾക്ക് വേഗമില്ലെന്നാണ് ആക്ഷേപം.
കാർബൺ ഡയോക്സൈഡ് ബഹിർഗമനം കുറക്കാനും അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് വലിച്ചെടുക്കാനും വൃക്ഷങ്ങൾക്ക് കഴിയും. വനവത്കരണത്തിന് തദ്ദേശ വകുപ്പ്, കുടുംബശ്രീ, വനസംരക്ഷണ സമിതികൾ, ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റികൾ, സ്വയംസഹായ സംഘങ്ങൾ തുടങ്ങിയവ സഹകരിക്കണമെന്നാണ് സർക്കാർ നിർദേശം.
വരൾച്ചയും ഉരുൾപൊട്ടലും മണ്ണിടിച്ചിലും മാത്രമല്ല, മിന്നൽ ചുഴലിക്കാറ്റുകളും വനമേഖലകളിൽ പതിവായിട്ടുണ്ട്. മൂന്ന് വർഷമായി മലയോര മേഖലയായ പുത്തൂരിൽ തുടർച്ചയായി മിന്നൽ ചുഴലിക്കാറ്റുണ്ടായി. നിരവധി വീടുകളും കാർഷികവിളകളും നശിച്ചു.
ഈ പ്രതിഭാസം സംബന്ധിച്ച് പരിശോധിക്കാൻ ദുരന്തനിവാരണ കമീഷന് നിർദേശം നൽകിയതിൽ എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്നതിന് കൃത്യമായ പഠനമുണ്ടായില്ല. ഉത്തരവും ലഭിച്ചില്ല.
ഈവർഷം മധ്യകേരളത്തിൽ മഴക്കുള്ള സാധ്യത കുറവാണെന്നും ചൂട് പെട്ടെന്ന് ശമിക്കില്ലെന്നുമാണ് കാലാവസ്ഥ ഗവേഷകരുടെ അഭിപ്രായം. സാധാരണ വേനൽമഴക്കുണ്ടാകേണ്ട സാഹചര്യം ഇതുവരെയും രൂപംകൊണ്ടിട്ടില്ല. കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്ക് പ്രകാരം കഴിഞ്ഞ വർഷങ്ങളേക്കാൾ കനത്ത ചൂടാണ് തൃശൂർ അടക്കമുള്ള ജില്ലകളിൽ അനുഭവപ്പെടുന്നത്.
വേനൽമഴയുടെ പ്രധാന ഘടകങ്ങളിലൊന്നാണ് പ്രാദേശിക കാലാവസ്ഥ. നിശ്ചിത സ്ഥലത്തുണ്ടാകുന്ന കാലാവസ്ഥമാറ്റത്താൽ കൂടുതൽ മേഘങ്ങൾ രൂപംകൊണ്ട് പെട്ടെന്ന് മഴ പെയ്യാറുണ്ട്. ഇത്തവണ അതുണ്ടാകുന്നില്ല. ഉൾക്കാടുകളിൽ മരങ്ങൾ വ്യാപകമായി നശിച്ചതിനാൽ മലയോര മേഖലകളിലും മഴക്കുള്ള സാധ്യതകളില്ല.
തൃശൂരിലടക്കം കാട്ടുതീ വ്യാപകമായി റിപ്പോർട്ട് ചെയ്തു. വേനൽമഴ ലഭിച്ചില്ലെങ്കിൽ ജലസ്രോതസ്സുകളിലെ ജലനിരപ്പ് വലിയ തോതിൽ താഴും. പച്ചക്കറി അടക്കമുള്ള കൃഷിയെ പ്രതികൂലമായി ബാധിക്കും. നിബിഡ വനങ്ങളും സ്വാഭാവിക സസ്യങ്ങളും കുറഞ്ഞതോടെ കാടുകൾ മെലിഞ്ഞു. ചൂട് കൂടി സൂക്ഷ്മജീവികൾ നശിച്ചു. ബാഷ്പീകരണം കൂടിയതോടെ താപനില ഉയർന്നു.
കാടിന്റെ കാലാവസ്ഥ മാറി. കൊടുംചൂടിൽ കാടുകളിൽ ജലക്ഷാമം ഉണ്ടാവുകയും ഫലങ്ങളും മറ്റ് തീറ്റയും ഇല്ലാതാവുകയും ചെയ്തതാവാം കാട്ടാനയും പന്നിയുമടക്കമുള്ളവ കാടിറങ്ങാനുണ്ടായ സാധ്യതയെന്നും കാലാവസ്ഥ ഗവേഷകർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.