അവധി വേണ്ട കരുതലിന്
text_fieldsതൃശൂർ: വേനലവധിയാണ്... അൽപം കരുതലുണ്ടായാൽ ജീവൻ രക്ഷിക്കാം. കഴിഞ്ഞ ദിവസം വിനോദസഞ്ചാര യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ 13കാരന്റെ ജീവനെടുത്തത് ഭക്ഷ്യവിഷബാധയാണെങ്കിൽ, ഇക്കഴിഞ്ഞ ഞായറാഴ്ച താനൂരിലെ ഉല്ലാസ ബോട്ട് യാത്ര 22 പേരുടെ ജീവനെടുത്തു. വേനലവധിക്കാലത്ത് കുട്ടികളും രക്ഷിതാക്കളും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൂടുതലായി എത്തുക സ്വാഭാവികമാണ്.
കച്ചവടക്കണ്ണ് മാത്രമുള്ളവർ ലാഭക്കൊതി മാത്രം ലക്ഷ്യമിടുമ്പോൾ നഷ്ടമാകുന്നത് പലരുടെയും ജീവനാണ്. അതിന്റെ ഉദാഹരണങ്ങളും ഏറെ ചൂണ്ടിക്കാനുണ്ട്. ഓരോ അപകട സാഹചര്യത്തിലും പരിശോധനയും പിഴ ചുമത്തലും നടപടിയുമായി സർക്കാരും ഉദ്യോഗസ്ഥരും ചാടിയിറങ്ങും. വൈകാതെ വീണ്ടും പഴയപടിയാകും. ഇവരെയൊക്കെ പ്രവർത്തിക്കാൻ അനുവദിക്കുന്നതും ഈ ഉദ്യോഗസ്ഥരും സർക്കാരുകളുമാണെന്ന് ആരും അറിയാതെയല്ല.
ഭക്ഷണശാലകളിലും കൂൾഡ്രിംഗ്സ് പാർലറുകളിലും പരിശോധന കടുപ്പിക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ബോട്ട് ദുരന്ത പശ്ചാത്തലത്തിൽ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും പരിശോധനയും നിരീക്ഷണവും ശക്തമാക്കണമെന്ന് ആവശ്യവും നിർദേശവുമുയർന്നിട്ടുണ്ട്. എങ്കിലും സ്വയം ജാഗ്രതയാണ് ഇതിൽ പ്രധാനമെന്നാണ് പൊലീസും അഗ്നിരക്ഷാ സേനയുമടക്കമുള്ളവരുടെ ഓർമപ്പെടുത്തൽ.
ഭക്ഷണശാലകളിൽ പരിശോധന പോര...
പഞ്ചായത്തുകളിലും ഗ്രാമീണമേഖലകളിലും വിനോദ സഞ്ചാരകേന്ദ്രങ്ങൾ കൂടുതലായി തുറക്കുന്നുണ്ടെങ്കിലും ഭക്ഷണശാലകളിലെ പരിശോധനകൾ കൃത്യമല്ലെന്ന പരാതി ശക്തമാണ്. തദ്ദേശസ്ഥാപനങ്ങളുടെ പരിശോധനയും ഭക്ഷ്യസുരക്ഷാ പരിശോധനയും ഏതെങ്കിലും ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്യുമ്പോൾ മാത്രമാകുന്നുവെന്നാണ് ആക്ഷേപം.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ മിക്കവയും ഉദ്യോഗസ്ഥർക്ക് എത്തിപ്പെടാനാകാത്ത ഇടങ്ങളിലായതിനാൽ പരിശോധനകൾ അപൂർവമാകും. പരിശോധനകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പിന് വേണ്ടത്ര ജീവനക്കാരുമില്ല.
വിനോദ സഞ്ചാരകേന്ദ്രങ്ങളോട് ചേർന്നും വഴിയോരത്തുമെല്ലാം കൂണുകണക്കെ ഭക്ഷണ കേന്ദ്രങ്ങളുമുണ്ട്. തിരക്കുള്ള ഹോട്ടലുകളിൽ നിത്യേന 100 കിലോയിലധികം മാംസം വേണ്ടിവരും. ചില സ്ഥാപനങ്ങളിൽ വരുംദിവസങ്ങൾക്കു വേണ്ടിയും വാങ്ങി സൂക്ഷിക്കും. പാചകം ചെയ്ത് സൂക്ഷിക്കാറുമുണ്ട്. നിശ്ചിത തണുപ്പിൽ ഫ്രീസറിൽ മാംസം സൂക്ഷിക്കണമെന്നുണ്ട്. അങ്ങനെ ചെയ്യാതിരിക്കുന്നതാണ് ഭക്ഷ്യവിഷബാധയുടെ കാരണങ്ങളിലൊന്ന്.
അവധിദിനങ്ങളിൽ പ്രതീക്ഷിച്ചതുപോലെ ജനങ്ങൾ എത്തിയില്ലെങ്കിൽ ഭക്ഷണം ചെലവാകാത്ത സാഹചര്യമുണ്ടാകും. ഇത് പാചകം ചെയ്യാത്തവയോടൊപ്പം സൂക്ഷിക്കുന്നതും അപകടകരമാകുന്നുണ്ട്. ന്യൂജൻ ഭക്ഷണമാണ് അപകടകരമായിട്ടുള്ളതെന്നാണ് സമീപകാല അനുഭവങ്ങൾ. അൽപം കരുതലെടുത്താൽ അവധിക്കാലം ആന്ദകരമാക്കാം.
വിനോദയാത്ര അപകട യാത്രയാക്കരുത്...
അതിരപ്പിള്ളി, ചിമ്മിനി, വാഴാനി, പീച്ചി, സ്നേഹതീരം, ചാവക്കാട്, കലശമല, പൂമല, പുള്ള്, ഒരപ്പൻകെട്ട് തുടങ്ങിയവയാണ് ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ. അതിരപ്പിള്ളി, ഒരപ്പൻകെട്ട്, ചാവക്കാട് അടക്കമുള്ള ബീച്ച് എന്നിവിടങ്ങളിലാണ് നിരന്തരം അപകടമരണങ്ങളുണ്ടാവുന്നത്.
പീച്ചിയിലായിരുന്നു ബോട്ട് സർവിസ് ഉണ്ടായിരുന്നത്. ഇത് ഏറെക്കാലമായി പ്രവർത്തിക്കുന്നില്ല. കൊടുങ്ങല്ലൂർ അഴീക്കോട് മുസിരിസിലാണ് ഇപ്പോൾ ബോട്ട് സർവിസ് നടക്കുന്നത്. മത്സ്യബന്ധനത്തിനിടെ അപകടത്തിൽപ്പെടുന്നതല്ല, കടലിൽ സംഘമായെത്തി കുളിക്കാനിറങ്ങി അപകടത്തിൽപ്പെടുന്നതാണ് ഏറെ. ഇവിടെ സ്വയം കരുതുക മാത്രമാണ് ചെയ്യാനുള്ളത്. ചാവക്കാട് അടക്കമുള്ള തീരത്ത് സുരക്ഷാ ജീവനക്കാരുടെ നിരീക്ഷണമുണ്ടെങ്കിലും ജീവൻ തിരിച്ചെടുക്കാൻ കഴിയുന്നത് കുറച്ചുപേരെ മാത്രമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.