അതികഠിന വേനല്‍; ജാഗ്രത പുലര്‍ത്തണം -മന്ത്രി കെ. രാജന്
text_fieldsതൃശൂർ: ജില്ലയിലെ വേനല്‍ക്കാല മുന്നൊരുക്കം ചര്‍ച്ച ചെയ്യാന്‍ റവന്യൂ മന്ത്രി കെ. രാജന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. അടുത്ത മൂന്നുമാസം വേനലിനെ ഗൗരവമായി കണ്ടുകൊണ്ട് വിവിധ വകുപ്പുകള്‍ നടപടി സ്വീകരിക്കണമെന്ന് മന്ത്രി കെ. രാജന് പറഞ്ഞു.
കുടിവെള്ള പ്രശ്നങ്ങള്‍ക്ക് ക്രിയാത്മക പരിഹാരം മുന്‍കൂട്ടി കാണണം. പൈപ്പുകള്‍ വ്യാപകമായി പൊട്ടുന്നത് തടയാന്‍ നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മന്ത്രി നിർദേശം നല്കി. ആദിവാസി മേഖലകളിൽ കുടിവെള്ളം ഉറപ്പുവരുത്താനും വന്യജീവികള്‍ക്ക് ജലലഭ്യത സാധ്യമാക്കാനും നടപടി സ്വീകരിച്ചതായി വനം വകുപ്പ് അറിയിച്ചു.
ഡാമുകളുടെ ജലനിരപ്പ് സംബന്ധിച്ച വിലയിരുത്തല്‍, കുളങ്ങളുടെ നവീകരണം, കുടിവെള്ള വിതരണം, കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ നേരിടാനുള്ള നിർദേശങ്ങള്‍ തുടങ്ങിയവ യോഗം ചര്‍ച്ച ചെയ്തു. ഓരോ സ്ഥലത്തിനും അനുയോജ്യമായ നിർദേശങ്ങള്‍ തയാറാക്കാനും തൊഴിലാളികളുടെ സമയം സംബന്ധിച്ച ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുവാനും മന്ത്രി നിർദേശം നല്കി.
രണ്ടാഴ്ചക്കുശേഷം വീണ്ടും യോഗം ചേരാനും തീരുമാനിച്ചു. കെ.കെ. രാമചന്ദ്രന് എം.എല്‍.എ, ജില്ല കലക്ടര്‍ വി.ആര്. കൃഷ്ണ തേജ, സിറ്റി പൊലീസ് കമീഷണര്‍ അങ്കിത് അശോകന്, റൂറല്‍ പൊലീസ് സൂപ്രണ്ട് നവനീത് ശര്‍മ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.