സൂര്യാതപ മുന്നറിയിപ്പ്; കരുതൽ വേണം, കാലികൾക്കും...
text_fieldsതൃശൂർ: അന്തരീക്ഷ താപനിലയിലുണ്ടായ വൻ വർധനവ് കന്നുകാലികൾക്കും സൂര്യാതപം എൽക്കാനുള്ള സാധ്യത കൂട്ടുന്നതിനാൽ പകൽ ഒമ്പതിനും അഞ്ചിനും ഇടയിൽ കന്നുകാലികളെ തുറസ്സായ സ്ഥലങ്ങളിൽ കെട്ടിയിടരുതെന്ന് മൃഗസംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നൽകി.
സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളായ തളർച്ച, ഭക്ഷണം വേണ്ടായ്ക, പനി, വായിൽനിന്ന് നുരയും പതയും വരൽ, വായ തുറന്ന ശ്വസനം, പൊള്ളിയ പാടുകൾ എന്നിവ ശ്രദ്ധയിൽപെട്ടാൽ ഉടൻ വെള്ളം നനച്ച് നന്നായി തുടക്കുകയും കുടിക്കാൻ ധാരാളം വെള്ളം നൽകുകയും വിദഗ്ധ ചികിത്സ തേടുകയും വേണമെന്ന് വകുപ്പ് പുറപ്പെടുവിച്ച ജാഗ്രത നിർദേശത്തിൽ പറഞ്ഞു.
പ്രധാന നിർദേശങ്ങൾ
- തണുത്ത ശുദ്ധജലം എല്ലാ വളർത്തുമൃഗങ്ങൾക്കും എല്ലായ്പ്പോഴും ലഭ്യമാക്കുക. കറവപ്പശുക്കൾക്ക് ദിവസം 80-100 ലിറ്റർ വെള്ളം നൽകണം
- ധാരാളം പച്ചപ്പുല്ല്/ഈർക്കിൽ മാറ്റിയ പച്ച ഓല/പനയോല ലഭ്യമാക്കണം. മികച്ച ഖരാഹാരം അഥവ കാലിത്തീറ്റ രാവിലെയും വൈകീട്ടും വൈക്കോൽ രാത്രിയുമായി പരിമിതപ്പെടുത്തുക. കനത്ത ചൂടിൽ കൂടുതൽ ഉമിനീർ നഷ്ടപ്പെടുന്നത് മൂലം ദഹനക്കേടും വയറിളക്കവും ഉണ്ടാകാം. ധാതുലവണ മിശ്രിതം, അപ്പക്കാരം, വിറ്റാമിൻ എ, ഉപ്പ്, പ്രോബയോട്ടിക്സ് എന്നിവ ഡോക്ടറുടെ നിർദേശപ്രകാരം തീറ്റയിൽ ഉൾപ്പെടുത്തുക
- വായു സഞ്ചാരമുള്ള തൊഴുത്തും ഫാനും നിർബന്ധം
- മേൽക്കൂരക്ക് മുകളിൽ പച്ചക്കറി പന്തൽ/തുള്ളി നന/സ്പ്രിങ്ക്ളർ/നനച്ച ചാക്ക് എന്നിവ ഉത്തമം
- വളർത്തുമൃഗങ്ങളെ പുറത്തിറക്കുന്നത് രാവിലെയും വൈകീട്ടുമായി പരിമിതപ്പെടുത്തുക
- വേനൽ ചൂട് ശരീരസമ്മർദം കൂട്ടുകയും പ്രതിരോധശേഷി കുറക്കുകയും ചെയ്യുന്നതിനാൽ ബാഹ്യ പരാദങ്ങളെ നിയന്ത്രിക്കാൻ മുൻകരുതൽ വേണം
- മൃഗങ്ങളുടെ അകിടിൽനിന്ന് പാൽ പൂർണമായി കറക്കണം. രാവിലെയും വൈകീട്ടുമാകണം കറവ
- നായ, പൂച്ച, കിളി എന്നിവയെ അടച്ചിട്ട കാറിൽ കൊണ്ടുപോകുന്നത് സൂര്യാഘാതത്തിനിടയാക്കും. അരുമകൾക്കും ശുദ്ധമായ തണുത്ത കുടിവെള്ളവും പ്രോബയോട്ടിക്സും നൽകണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.