അഡാറാണ് സപ്ലൈകോ അരിവണ്ടി; തൃശൂര്‍ ജില്ലയിൽ വിറ്റത് 9147 കിലോ
text_fieldsതൃശൂര്‍: അരിവില പൊള്ളുന്ന വേളയിൽ പൊതുജനത്തിന് ആശ്വാസമായി സിവിൽ സപ്ലൈസ് അരിവണ്ടിയിൽ ജില്ലയില്‍ വിറ്റത് 9147 കിലോ അരി. 2,28,791 രൂപയുടെ അരിയാണ് ജനം വാങ്ങിയത്. 60 രൂപ വരെയുള്ള ജയ, കുറുവ അരി 25നും മട്ട 24നും പച്ചരി 23 രൂപ ന്യായവിലക്കുമാണ് നൽകിയത്.
ജില്ലയിൽ പര്യടനം നടത്തിയ അരിവണ്ടിയിൽ നിന്ന് കൂടുതൽ വിറ്റഴിഞ്ഞത് കുറുവ അരിയാണ് -5222 കിലോ. ഇതുവഴി ലഭിച്ചത് 1.3 ലക്ഷം രൂപയാണ്. 3497 കിലോ ജയ അരി വിറ്റതിലൂടെ 87,425 രൂപയും 250 കിലോ മട്ട അരിക്ക് 6000 രൂപയും 178 കിലോ പച്ചരി വിറ്റതിലൂടെ 4094 രൂപയുമാണ് ലഭിച്ചത്. ആന്ധ്ര ജയ അരിയുടെ വിലവർധനയുടെ സാഹചര്യത്തിൽ സർക്കാർ നടത്തിയ ഇടപെടലിൽ കൂടുതൽ അരി വിറ്റത് ചാവക്കാട് ഡിപ്പോക്ക് കീഴിലാണ്.
72,374 രൂപയുടെ അരിയാണ് ഇവിടെ വിറ്റഴിഞ്ഞത്. തൊട്ടുപിന്നിൽ തൃശൂര്‍- 63,422 രൂപ. വടക്കാഞ്ചേരിയില്‍ 62,950 രൂപയുടെയും ചാലക്കുടിയില്‍ 30,045 രൂപയുടെയും വിൽപന നടന്നു. കഴിഞ്ഞ വെള്ളി, ശനി, തിങ്കള്‍ ദിവസങ്ങളിലായിരുന്നു വിൽപന. റേഷൻകാർഡ് ഒന്നിന് ഏതെങ്കിലും ഒരിനം 10 കിലോയാണ് ലഭ്യമാക്കിയത്.
കൂടാതെ മറ്റു ധാന്യങ്ങളും സാധനങ്ങളും വാഹനത്തിൽ വിതരണം ചെയ്തിരുന്നു. സപ്ലൈകോയുടെ മാവേലി സ്റ്റോർ, സൂപ്പർമാർക്കറ്റ് എന്നിവയില്ലാത്ത താലൂക്ക്, പഞ്ചായത്ത് കേന്ദ്രങ്ങൾക്ക് പ്രാധാന്യം നൽകിയാണ് അരിവണ്ടി എത്തിയത്. ജില്ലയിലെ തീരപ്രദേശങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമെല്ലാം വലിയ ജനപങ്കാളിത്തമാണ് അരിവണ്ടിക്ക് കിട്ടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.