കരുവന്നൂരിന്റെ 'ഇര' ജോസഫിന് സുരേഷ് ഗോപിയുടെ കരുതൽ
text_fieldsതൃശൂർ: നിക്ഷേപിച്ച പണം കരുവന്നൂര്‍ ബാങ്ക് തിരിച്ചുനൽകാത്തതിനാൽ, സെറിബ്രൽ പാൾസി ബാധിച്ച രണ്ടു മക്കളുടെയും ചികിത്സ മുടങ്ങിയ ജോസഫിന് സഹായവുമായി നടൻ സുരേഷ് ഗോപി. ഭിന്നശേഷിയുള്ള മക്കളുടെ ചികിത്സക്ക് പണമില്ലാതെ വലയുന്ന വൃക്കരോഗിയായ ജോസഫിന് ഒരു ലക്ഷം രൂപ നൽകുമെന്ന് സുരേഷ് ഗോപി അറിയിച്ചു. ഇവരെക്കുറിച്ചുള്ള വാര്‍ത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്നാണ് നടന്റെ ഇടപെടൽ.
മാപ്രാണം തെങ്ങോലപ്പറമ്പിൽ ജോസഫിന്റെ സെറിബ്രല്‍ പാള്‍സി ബാധിച്ച രണ്ടു മക്കളുടെയും ചികിത്സയാണ് പണമില്ലാത്തതിനാൽ മുടങ്ങിയത്. കരുവന്നൂര്‍ സഹകരണ ബാങ്കിൽ 13 ലക്ഷം രൂപ നിക്ഷേപിച്ച ജോസഫിന് ഒരു വർഷത്തിനിടെ 20,000 രൂപ മാത്രമാണ് ബാങ്ക് തിരിച്ചുനൽകിയത്. വൃക്കരോഗിയായ ജോസഫിന് ജോലിയെടുത്ത് മക്കളെ സംരക്ഷിക്കാനാകാത്ത അവസ്ഥയാണ്. 25 വർഷം ഇതര നാട്ടിൽ ജോലിചെയ്തുണ്ടാക്കിയ പണമാണ് ജോസഫ് കരുവന്നൂര്‍ ബാങ്കിനെ വിശ്വസിച്ച് നിക്ഷേപിച്ചത്.
മക്കളുടെ ചികിത്സക്ക് പ്രതിമാസം 20,000 രൂപയിലധികം വേണം. 4000 രൂപയിലധികം ജോസഫിന്റെ ചികിത്സക്കും വേണം. ഈ കുടുംബത്തിന്റെ ജീവിതവും കരുവന്നൂര്‍ തട്ടിപ്പിൽ വഴിമുട്ടിയിരിക്കുകയാണ്. ഒരു മകന്റെ വരുമാനത്തിലാണ് കുടുംബം ഇപ്പോള്‍ പിടിച്ചുനിൽക്കുന്നത്. നിക്ഷേപം തിരികെ ചോദിച്ച് പലവട്ടം ജോസഫ് ബാങ്കിൽ കയറിയിറങ്ങി. ഇദ്ദേഹത്തിന്റെ ഭാര്യ റാണിക്ക് വയറ്റിൽ മുഴയുണ്ടെന്ന് ഈയിടെ സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.