ഭക്ഷ്യവിഷബാധയെന്ന് സംശയം; 23 വിദ്യാർഥികൾ ചികിത്സ തേടി
text_fieldsപെരിഞ്ഞനം: ഭക്ഷ്യ വിഷബാധയെന്ന സംശയത്തെ തുടർന്ന് വിദ്യാർഥികൾ ആശുപത്രിയിൽ ചികിത്സ തേടി. പെരിഞ്ഞനം ആർ.എം വി.എച്ച് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികളായ 23 പേരാണ് ഛർദിയും വയറിളക്കവും ബാധിച്ച് കുറ്റിലക്കടവ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ വ്യാഴാഴ്ച രാവിലെ മുതൽ എത്തിയത്. പ്രാഥമിക ചികിത്സക്ക് ശേഷം ഇവരെ വിട്ടയച്ചു. സ്കൂളിൽ ചൊവ്വാഴ്ച നടന്ന യാത്രയയപ്പ് ചടങ്ങിൽ ഭക്ഷണം കഴിച്ചവർക്കാണ് ഛർദിയും വയറുവേദനയും അനുഭവപ്പെട്ടതെന്ന് പറയുന്നു.
പുറത്തെ ഒരു സ്ഥാപനത്തിൽനിന്ന് കൊണ്ടുവന്ന ബിരിയാണിയാണ് വിതരണം ചെയ്തത്. ഐസ് ക്രീം, പഫ്സ്, ലഡു എന്നിവയും ഉണ്ടായിരുന്നു. 150ലധികം കുട്ടികൾ ഭക്ഷണം കഴിച്ചെങ്കിലും കുറച്ച് പേർക്ക് മാത്രമാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഭക്ഷണം പാകംചെയ്ത സ്ഥലത്ത് ആരോഗ്യ വിഭാഗം പരിശോധന നടത്തി. ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗവും പരിശോധന നടത്തി.
മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, പെരിഞ്ഞനം പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ് തുടങ്ങിയവർ ആശുപത്രിയിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.