പന്നിപ്പനി: ജാഗ്രതയോടെ പാണഞ്ചേരി
text_fieldsrepresentational image
തൃശൂർ: ജില്ലയിലെ പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ പന്നിപ്പനി വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിലെ മറ്റു പ്രദേശങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. പന്നികളിൽ മാത്രം കണ്ടുവരുന്ന രോഗമായതിനാൽ മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരാൻ സാധ്യത കുറവാണെന്നും വകുപ്പ് അറിയിച്ചു.
രോഗം സ്ഥിരീകരിച്ച പന്നിഫാമുകൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ രോഗബാധിതപ്രദേശമായും 10 കിലോമീറ്റർ ചുറ്റളവ് രോഗനിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. രോഗബാധിത പ്രദേശങ്ങളിൽ പന്നിമാംസം വിതരണം ചെയ്യുന്നതും വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും പന്നികൾ, പന്നിമാംസം, തീറ്റ എന്നിവ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽ നിന്നും രോഗബാധിത മേഖലയിലേക്ക് കൊണ്ടുവരുന്നതും നിർത്തിവെക്കാൻ അധികൃതർ നിർദേശിച്ചു.
രോഗം സ്ഥിരീകരിച്ച ഫാമിലെയും ഒരു കി.മീറ്റർ ചുറ്റളവിലുള്ള ഫാമുകളിലെയും എല്ലാ പന്നികളെയും ഉടൻ കൊല്ലുകയും ജഡം മാനദണ്ഡങ്ങൾ പ്രകാരം സംസ്കരിക്കുകയും ചെയ്യും. രോഗം സ്ഥിരീകരിച്ച ഫാമുകളിൽനിന്ന് മറ്റു ഫാമുകളിലേക്ക് കൊണ്ടുപോയത് സംബന്ധിച്ച് അന്വേഷണ റിപ്പോർട്ട് തയാറാക്കും.
ചെക്ക്പോസ്റ്റുകളിലും ജില്ലയിലേക്കുള്ള മറ്റു പ്രവേശനമാർഗങ്ങളിലും പൊലീസുമായും ആർ.ടി.ഒയുമായും ചേർന്ന് മൃഗസംരക്ഷണവകുപ്പ് കർശന പരിശോധന നടത്തും. രോഗം സ്ഥിരീകരിച്ച തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയിൽ പൊലീസ് മൃഗസംരക്ഷണ വകുപ്പ്, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫിസർ എന്നിവരുൾപ്പെട്ട റാപ്പിഡ് റെസ്പോൺസ് ടീം രൂപവത്കരിച്ച് പ്രവർത്തനം ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.